SignIn
Kerala Kaumudi Online
Thursday, 25 April 2024 1.02 PM IST

പാടിക്കീൽ സ്കൂൾ - വിദ്യാലയ വികസനത്തിന്റെ പാഠപുസ്തകം

school
പാടിക്കീൽ ഗവ യു.പി.സ്കൂളിലെ ശലഭോദ്യാനം

ചെറുവത്തൂർ: സമസ്ത മേഖലകളിലെയും അവഗണനയുടെ കൈപ്പുനീർ കുടിച്ച്, നിലനിൽപ്പിനായി പൊരുതി, പാടിക്കീൽ ഗവ യു.പി.സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പടിപടിയായി ഉയർന്നതിനു പിന്നിൽ ഒരു ശക്തിയുണ്ട്. ആത്മാർത്ഥത കൈമുതലായുള്ള വി. ദാമോദരനെന്ന പ്രഥമാദ്ധ്യാപകൻ.

ഈ അക്ഷരസ്നേഹിയുടെ നിരന്തര ഇടപെടലിലൂടെ കാമ്പസ് ഒരു പാഠപുസ്തകമെന്ന മുദ്രാവാക്യം നടപ്പിലാക്കി സംസ്ഥാനത്താകെ അറിയപ്പെടുന്ന ശലഭോദ്യാനം, ജൈവവൈവിധ്യ ഉദ്യാനം, കുടിവെള്ളം കിട്ടാതെ അലഞ്ഞ പാറക്കെട്ടിൽനിന്ന് റീ ചാർജിലൂടെ കുടിവെള്ള സമൃദ്ധി, അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ, പത്ത് ക്ലാസ് മുറികളിൽ ഒമ്പതും സ്മാർട്ട്‌, ഡൈനിംഗ് ഹാൾ, ഓഡിറ്റോറിയം, ടോയ്ലറ്റ്, സോളാർ വൈദ്യുതി അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത വിദ്യാലയ വികസനത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ.

2015 ൽ സ്കൂളിലെത്തിയതോടെ നാട്ടാരെ ഒന്നാകെ ചേർത്തുപിടിച്ച് ഈ മാതൃകാദ്ധ്യാപകന്റെ നേതൃത്വത്തിൽ നടത്തിയ ജൈത്രയാത്ര ഒരു നാടിന്റെ തന്നെ മുഖച്ഛായ മാറ്റുകയായിരുന്നു.

ഈ വിദ്യാലയവിശേഷങ്ങളറിയാൻ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മിക്ക ദിവസങ്ങളിലും മാഷിനൊരു വിളിയുണ്ടാകും; അല്ലെങ്കിൽ സന്ദർശകരുണ്ടാകും. ദാമോദരൻ വരുമ്പോൾ ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം 145 ആയിരുന്നു. ഇന്നത് 296. രണ്ടായിരം ആയിരുന്ന സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ 6500 എണ്ണമാക്കി ഡിജിറ്റലൈസ് ചെയ്ത് കേരളത്തിനാകെ വഴികാട്ടിയായി ഈ ഗ്രാമീണ വിദ്യാലയം. ഏറ്റവും മികച്ച ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ. സംസ്ഥാനത്തെ രണ്ടാമത്തെ ബെസ്റ്റ് പി.ടി.എ അവാർഡ് നേടി. 2019-20 ൽ എസ്.സി.ഇ.ആർ.ടി മികവ് അവതരണത്തിന് തിരഞ്ഞെടുത്ത ജില്ലയിലെ ഏക വിദ്യാലയം.

വി.ഡി.എന്ന വി. ദാമോദരൻ

1987 ൽ കൂളിയാട് ഗവ. യു പി സ്കൂളിലായിരുന്നു ദാമോദരന് സ്ഥിരാദ്ധ്യാപക നിയമനം. തുടർന്ന് ചുള്ളിക്കര, പനങ്ങാട്, പള്ളിക്കര, പടന്ന, ചെറുവത്തൂർ എന്നിവിടങ്ങളിൽ പ്രൈമറി അദ്ധ്യാപകൻ. കീഴൂർ ജി.എഫ്.യു.പി.എസ്, കാഞ്ഞിരപ്പൊയിൽ ജി.യു.പി.എസ്, കയ്യൂർ ജി.എൽ.പി.എസ് എന്നിവിടങ്ങളിൽ പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷമാണ് പാടിക്കീലിൽ എത്തിയത്. കൊടക്കാട് റെഡ്സ്റ്റാർ സെക്രട്ടറി, ജനകീയാസൂത്രണ സമിതി വാർഡ് കൺവീനർ, സാക്ഷരതാ പ്രസ്ഥാനം മാസ്റ്റർ ട്രെയിനർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച വി.ഡി.എന്ന വി. ദാമോദരൻ കഴിഞ്ഞ 4 വർഷക്കാലമായി പിലിക്കോട് ഗ്രാമപഞ്ചായത്ത് പി.ഇ.സി കൺവീനറും ഇംപ്ലിമെന്റിംഗ് ഓഫീസറുമായിരുന്നു. രാപ്പകൽ ഭേദമെന്യേ സ്കൂളിന്റെ വികസനത്തിൽ സക്രിയമായ മാഷ് സ്കൂളിൽ നിന്ന് പടിയിറങ്ങുമ്പോൾ ഏപ്രിൽ 3, 4 തീയതികളിൽ വിപുലമായ യാത്രയയപ്പാണ് ഒരുക്കിയിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.