കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പ് പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ച് നടത്താനും തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കാനും നിർദ്ദേശങ്ങളുമായി ശുചിത്വ മിഷൻ. എ.ഡി.എമ്മിന്റെ അദ്ധ്യക്ഷതയിൽ നടന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും പ്രിന്റിംഗ് സ്ഥാപനങ്ങളുടെയും യോഗത്തിലാണ് ധാരണ.
പ്രചാരണ ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവയ്ക്ക് പുനഃചക്രമണം സാദ്ധ്യമല്ലാത്ത പി.വി.സി ഫ്ലക്സ്, പോളിസ്റ്റർ, പ്ലാസ്റ്റിക് കോട്ടിംഗുള്ള തുണി എന്നിവ ഉപയോഗിക്കരുത്. സർക്കാർ നിർദ്ദേശിച്ചതും 100 ശതമാനം കോട്ടൺ / പ്ലാസ്റ്റിക്കല്ലാത്ത പേപ്പർ/ റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലിൻ എന്നിവയിൽ പി.വി.സി ഫ്രീ റീസൈക്ലബിൾ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നമ്പർ/ ക്യു.ആർ കോഡ് എന്നിവയും പതിച്ചത് മാത്രമേ ഉപയോഗിക്കാവൂ.
യോഗത്തിൽ എ.ഡി.എം സി.എസ്.അനിൽ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ സാജു, ജില്ലാ ശുചിത്വ മിഷൻ കോ ഓഡിനേറ്റർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
മറ്റ് നിർദ്ദേശങ്ങൾ
കോട്ടൺ, പോളി എത്തിലിൻ നിർമ്മിക്കുന്ന / വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് മുഖാന്തിരം സാമ്പിളുകൾ സമർപ്പിക്കണം
കോട്ടൺ വസ്തുക്കൾ കേന്ദ്രസർക്കാർ സ്ഥാപനമായ ടെക്സ്റ്റൈൽ കമ്മിറ്റിയിൽ നിന്ന് ടെസ്റ്റ് ചെയ്തതാണെന്ന് സാക്ഷ്യപ്പെടുത്തണം
പോളി എത്തിലിൻ വസ്തുക്കൾ, പി.വി.സി ഫ്രീ, റീസൈക്ലബിൾ പോളി എത്തിലിൻ എന്ന് സാക്ഷ്യപ്പെടുത്തി മാത്രമേ വിൽക്കാവൂ
ഉപയോഗശേഷമുള്ള പോളി എത്തിലിൻ ഷീറ്റ് പ്രിന്റിംഗ് യൂണിറ്റിലേക്ക് തന്നെയോ അംഗീകൃത റിസൈക്ലിംഗ് യൂണിറ്റിലേക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേന / ക്ലീൻ കേരള കമ്പനിക്ക് യൂസർഫീ നൽകി റീ സൈക്ലിംഗിനായി തിരിച്ചേൽപ്പിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |