SignIn
Kerala Kaumudi Online
Thursday, 28 March 2024 11.30 PM IST

ജനസഞ്ചയമിരമ്പി, പ്രിയങ്കരീ... പ്രിയങ്കേ...

d
കൊല്ലത്ത് നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥികളായി ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, ബാബു ദിവാകരൻ, എൻ. പീതാംബരക്കുറുപ്പ് എന്നിവർക്കൊപ്പം ഫോട്ടോ: ശ്രീധർലാൽ.എം.എസ്

കൊല്ലം: ഉച്ചസൂര്യൻ കത്തിജ്വലിക്കുന്ന നട്ടുച്ച നേരത്തും കൊല്ലം ക്യു.എ.സി മൈതാനത്തേക്ക് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ഒഴുകിയെത്തി. അവർ പരസ്പരം തിരക്കിയത് ഒറ്റക്കാര്യം മാത്രം!. പ്രിയങ്ക എവിടെയെത്തി ?. കായംകുളം കഴിഞ്ഞതേയുള്ളെന്ന് അറിഞ്ഞതോടെ അവർ അക്ഷമരായി കാത്തിരുന്നു. ഇടയ്ക്ക് ആരോ പറഞ്ഞു. കരുനാഗപ്പള്ളിയിലെത്തി. അപ്പോഴേക്കും ക്യു.എ.സി മൈതാനത്തെ കസേരകൾ നിറഞ്ഞുകവിഞ്ഞിരുന്നു. നിരവധി പേർ കൊടുംവെയിലിനെ വകവയ്ക്കാതെ പന്തലിന് പുറത്തുണ്ട്.

കാത്തിരിപ്പിന്റെ വിരസതയകറ്റാൻ പ്രസംഗവുമായി പ്രതാപവർമ്മ തമ്പാനും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും വേദിയിൽ കത്തിക്കയറി. തുടർന്ന് കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയും കുണ്ടറയിലെ സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥും സദസിനെ അഭിസംബോധന ചെയ്തു. അപ്പോഴേയ്ക്കും സമയം മൂന്നായി. ചാത്തന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പീതാംബരക്കുറുപ്പ് പ്രസംഗിച്ചുകൊണ്ടിരിക്കേ സൈറൺ മുഴക്കി നിരനിരയായി പൊലീസ് വാഹനങ്ങൾ പാഞ്ഞുവരുന്നു. ക്യു.എ.സി മൈതാനം ഇരമ്പിയാർത്തു. അവർ ആർത്തുവിളിച്ചു. പ്രിയങ്കരീ പ്രിയങ്കേ, ജയ് ജയ് കോൺഗ്രസ്, ജയ് ജയ് യു.ഡി.എഫ്...

തോക്കുകളേന്തിയ ബ്ലാക്ക് ക്യാറ്റുകളുടെ അകമ്പടിയോടെ പ്രിയങ്ക ഗാന്ധി കാറിൽ നിന്നിറങ്ങി. ഇളംമഞ്ഞയും ചന്ദനക്കളറും നിറങ്ങളിലുള്ള ചുരിദാർ ധരിച്ച പ്രിയങ്ക വേദിയിലേക്കുകയറി സദസിനെ അഭിവാദ്യം ചെയ്തു. പ്രിയങ്കയെ ആദരിച്ച് എല്ലാവരും ഒരു വേള എഴുന്നേറ്റു. നിമിഷങ്ങൾ കൊണ്ട് ഖദ‌ർ ഷാളുകൾ പ്രിയങ്കയ്ക്ക് മാലകളായി.

പാർട്ടി പ്രവർത്തകർ മാത്രമായിരുന്നില്ല കൊല്ലത്ത് തടിച്ചുകൂടിയത്. ഇന്ദിര പ്രിയദർശിനിയുടെ കൊച്ചുമകളെ കാണാൻ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് സാധാരണക്കാരും എത്തിയിരുന്നു. ചടങ്ങിൽ ഡി.സി.സി അദ്ധ്യക്ഷന്റെ ചുമതലയുളള പുനലൂർ മധു അദ്ധ്യക്ഷത വഹിച്ചു. അദ്ദേഹം പ്രിയങ്കയ്ക്ക് ഉപഹാരം സമ്മാനിച്ചു. വേദിയിൽ യു.ഡി.എഫിന്റെ എല്ലാ നേതാക്കളും സന്നിഹിതരായിരുന്നു. ഇരവിപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബുദിവാകരൻ ജനസഞ്ചയത്തിന് നന്ദി പ്രകാശിപ്പിച്ചു.

കേന്ദ്ര, കേരള സർക്കാരുകൾക്കെതിരെ വിമർശനം

സംഘാടകർ സദസിന്റെ ക്ഷമ പരീക്ഷിക്കാതെ പ്രിയങ്ക വേദിയിലെത്തിയ ഉടൻ പ്രസംഗത്തിനായി ക്ഷണിച്ചു. നമസ്കാരം പറഞ്ഞുകൊണ്ട് പ്രിയങ്ക കത്തിക്കയറി. കേരള മുഖ്യമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഇരുകൂട്ടർക്കും എതിരെയുള്ള അഴിമതി ആരോപണങ്ങൾ അക്കമിട്ട് നിരത്തിയപ്പോൾ സദസ് കൈയടികൊണ്ട് വെടിക്കെട്ടുതീർത്തു. 45 മിനിട്ട് പിന്നിട്ട പ്രസംഗം പ്രിയങ്ക അവസാനിപ്പിച്ചത് നാലുമണിയോടെ. സദസിനെ കൈവീശി അഭിവാദ്യം ചെയ്തു. കടലിലെ തിരയിളക്കം പോലം സദസിലുള്ളവരും തിരിച്ച് കൈവീശി. തുടർന്ന് കൊല്ലം, ഇരവിപുരം, കുണ്ടറ, ചാത്തന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രിയങ്ക ഷാൾ അണിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, PRIYANKA GANDHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.