വിശേഷചടങ്ങുകൾ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
കൊല്ലം: രണ്ടാം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവാഹം, ഗൃഹപ്രവേശം തുടങ്ങി വിശേഷപരിപാടികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ ഉത്തരവ്. കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന ക്യു ആർ കോഡ് ചടങ്ങ് നടത്തുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം.
ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ അവരവരുടെ മൊബൈലിൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തണം. പിന്നീട് ആവശ്യമായി വന്നാൽ അധികൃതർ ഇത് പരിശോധിക്കും. ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കൊവിഡ് മാനദണ്ഡം പാലിക്കണം. ഇത് പരിശോധിക്കാൻ കൊവിഡ് ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടച്ചിട്ട ഹാളുകളിൽ നടത്തുന്ന ചടങ്ങുകളിൽ 75 പേർക്കും പുറത്താണെങ്കിൽ 150 പേർക്കും പങ്കെടുക്കാം. കൂടുതൽ പേർ പങ്കെടുക്കുന്നുണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആയവരോ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരോ ആയിരിക്കണം.
രജിസ്റ്റർ ചെയ്യേണ്ട വിധം
1. കൊവിഡ് ജാഗ്രതാ പോർട്ടലിൽ 'ഇവന്റ് രജിസ്റ്റർ' ടാബ് തുറക്കുക
2. മൊബൈൽ നമ്പർ നൽകി സ്ക്രീനിൽ കാണുന്ന അക്കങ്ങൾ (കാപ്ച) നൽകുക
3. ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നൽകി രജിസ്റ്റർ ചെയ്യുക
4. ചടങ്ങിന്റെ സ്വഭാവം, മേൽവിലാസം, ജില്ല, തദ്ദേശ സ്ഥാപനത്തിന്റെ പേര്, തീയതി, സമയം എന്നിവ രേഖപ്പെടുത്തുക
5. യൂസർ നെയിം, പാസ്വേഡ് നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക
6. പോർട്ടലിന്റെ ഹോം പേജിലെത്തി 'ലോഗിൻ' ക്ലിക്ക് ചെയ്ത് യൂസർനെയിം, പാസ്വേഡ് നൽകുക
7. ക്യൂ.ആർ കോഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക
പങ്കെടുക്കാവുന്നവർ
അടച്ചിട്ട ഹാളിൽ: 75 പേർ
പുറത്താണെങ്കിൽ: 150
''
കൊവിഡ് വ്യാപനം തടയുന്നതിന് എല്ലാ വിശേഷചടങ്ങുകളും നിർബന്ധമായും ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ച് നടപടി സ്വീകരിക്കും.
ദുരന്ത നിവാരണ അതോറിറ്റി, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |