SignIn
Kerala Kaumudi Online
Friday, 19 April 2024 1.52 PM IST

ശ്രീനാരായണ സ്ഥാപനങ്ങൾ തകർക്കാൻ ജില്ലാ ഭരണകൂടവും നഗരസഭയും

sn-college
കൊവിഡ് സെന്ററാക്കാനായി കൊല്ലം എസ്.എൻ ലാ കോളേജ് ഏറ്റെടുക്കാൻ ഉദ്യോഗസ്ഥ സംഘം എത്തിയപ്പോൾ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ഭാരവാഹികൾ പ്രതിഷേധിക്കുന്നു

 പ്രതിഷേധത്തെ തുടർന്ന് എസ്.എൻ ലാ കോളേജ് കൊവിഡ് സെന്ററാക്കാനുള്ള നീക്കം ഉപേക്ഷിച്ചു

കൊല്ലം: ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകരുന്ന എസ്.എൻ ട്രസ്റ്റിന്റെ കൊല്ലം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. നഗരത്തിൽ സൗകര്യപ്രദമായ സർക്കാർ - സ്വകാര്യ കെട്ടിടങ്ങൾ ഉണ്ടായിരുന്നിട്ടും എസ്.എൻ ലാ കോളേജ് തന്നെ കൊവിഡ് സെന്ററാക്കണമെന്ന ദുർവാശിലായിരുന്നു ഇരുകൂട്ടരും. തൊട്ടടുത്തുള്ള ട്രസ്റ്റിന്റെ മറ്റ് സ്ഥാപനങ്ങൾ വിട്ടുനൽകാമെന്ന് പറഞ്ഞിട്ടും ലാ കോളേജ് തന്നെ ഏറ്റെടുക്കുമെന്ന നിലപാടിലായിരുന്നു ഇവർ.

എസ്.എൻ ലാ കോളേജ് കൊവിഡ് സെന്ററാക്കാനുള്ള നീക്കം ആരംഭിച്ചപ്പോൾ തന്നെ ട്രസ്റ്റ് ഭാരവാഹികൾ നഗരസഭയുമായി ബന്ധപ്പെട്ട് മറ്റ് സ്ഥാപനങ്ങളേതെങ്കിലും വിട്ടുനൽകാമെന്ന് പറഞ്ഞിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ എസ്.എൻ ലാ കോളേജ് ഏറ്റെടുത്തുകൊണ്ട് ഉത്തരവിറക്കി. എതിർപ്പുയർന്നതോടെ ഏറ്റെടുക്കൽ നടന്നില്ല. ഇതോടെ കളക്ടർ ഇന്നലെ പൊലീസിന്റെ സഹായത്തോടെ കോളേജ് ഏറ്റെടുക്കാൻ ഉത്തരവിട്ടു. തൊട്ടുപിന്നാലെ റവന്യു, നഗരസഭ, പൊലീസ് സംഘങ്ങൾ കോളേജിന് മുന്നിലെത്തി. പൂട്ട് തകർത്ത് ഉള്ളിൽക്കയറാൻ ശ്രമിച്ചതോടെ തൊട്ടപ്പുറത്ത് യോഗം ഓഫീസിലുണ്ടായിരുന്ന എസ്.എൻ.ഡി.പി യോഗത്തിന്റെയും ട്രസ്റ്റിന്റെയും നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

തർക്കം ഏറെനേരം നീണ്ടതോടെ സബ് കളക്ടർ ശിഖാ സുരേന്ദ്രൻ സ്ഥലത്തെത്തി യോഗത്തിന്റെയും ട്രസ്റ്റിന്റെയും ഭാരവാഹികളുമായി ചർച്ച നടത്തി. തൊട്ടടുത്തുള്ള നഴ്സിംഗ് കോളേജ് വിട്ടുനൽകാമെന്നും ലാ കോളേജ് ഒഴിവാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. എന്നാൽ ലാ കോളേജ് തന്നെ വേണമെന്ന ദുർവാശിയിൽ നഗരസഭാ സെക്രട്ടറിയും ഡെപ്യൂട്ടി മേയറും ഉറച്ചുനിന്നു. പിന്നീട് സബ് കളക്ടറുടെ നേതൃത്വത്തിൽ നഴ്സിംഗ് കോളേജ് സന്ദർശിച്ചു.

റവന്യു ഉദ്യോഗസ്ഥർ നഴ്സിംഗ് കോളേജിലെ സൗകര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയെങ്കിലും നഗരസഭാ സെക്രട്ടറിയും ഡെപ്യൂട്ടി മേയറും പഴയ നിലപാടിൽ ഉറച്ചുനിന്നു. പിന്നീട് സബ് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വീണ്ടും ചർച്ച നടത്തി നഴ്സിംഗ് കോളേജ് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ നഴ്സിംഗ് കോളേജിന്റെ താക്കോൽ റവന്യു ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.

എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം കെ. പത്മകുമാർ, യോഗം പന്തളം യൂണിയൻ സെക്രട്ടറി സിനിൽ മുണ്ടപ്പള്ളി, നെടുമങ്ങാട് യൂണിയൻ സെക്രട്ടറി രാജേഷ് നെടുമങ്ങാട്, കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ. അരുൾ, സൈബർസേന ചെയർമാൻ അനീഷ് പുലുവേലിൽ, കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ, സെക്രട്ടറി അഡ്വ. അനിൽകുമാർ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കോ ഓർഡിനേറ്റർ പി.വി. രജിമോൻ, മുൻ യോഗം കൗൺസിലർ അഡ്വ. സജീവ് ബാബു, യൂത്ത് മൂവ്മെന്റ് നേതാക്കളായ രഞ്ജിത്ത് രവീന്ദ്രൻ, ബി. പ്രതാപൻ, പ്രമോദ് കണ്ണൻ, ബൈജുലാൽ, സിബു വൈഷ്ണവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധവും ചർച്ചകളും.

 ലാ കോളേജ് എന്തുകൊണ്ട് ഒഴിവാക്കണം

എസ്.എൻ ട്രസ്റ്റിന് കീഴിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് എസ്.എൻ ലാ കോളേജ്. കഴിഞ്ഞതവണ ലാ കോളേജ് ഏറ്റെടുക്കാനായി എത്തിയപ്പോൾ ട്രസ്റ്റ് യാതൊരു വിമുഖതയും കാട്ടിയിരുന്നില്ല. പക്ഷേ, കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ പലതും നശിപ്പിച്ചാണ് മടക്കി ഏൽപ്പിച്ചത്.

കമ്പ്യൂട്ടറുകളും എ.സിയും നിരീക്ഷണ കാമറകളും റിവേഴ്സ് ഓസ്മോസിസ് സംവിധാനവും ശുചിമുറികളും അടക്കം നശിപ്പിച്ചു. ഇവയുടെ അറ്റകുറ്റപ്പണി നടത്താൻ പണം നൽകിയില്ലെന്ന് മാത്രമല്ല വൈദ്യുതി ചാർജ്ജായ ഒരുലക്ഷം രൂപ പോലും അനുവദിച്ചില്ല. ഏകദേശം ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് കേടുപാടുകൾ പരിഹരിച്ചത്. കൊവിഡ് സെന്ററുകളുടെ വൈദ്യുത ബില്ല് അടയ്ക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും പണം ചെലവാക്കാമെന്നിരിക്കെ എസ്.എൻ ട്രസ്റ്റിന് തുക നിഷേധിക്കുകയായിരുന്നു.

ആദ്യ വ്യാപനഘട്ടത്തിൽ എസ്.എൻ ലാ കോളേജിനോട് ചേർന്നുള്ള മറ്റ് സമുദായങ്ങളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊവിഡ് സെന്ററിനായി ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷെ അവിടങ്ങളിൽ കാലുകുത്താൻ പോലും നഗരസഭ തയ്യാറായില്ല. രണ്ടാം വ്യാപന ഘട്ടത്തിലും മറ്റ് സമുദായങ്ങളുടെ സ്ഥാപനങ്ങൾ ഒഴിവാക്കിയാണ് ലാ കോളേജ് പിടിച്ചെടുക്കാൻ എത്തിയത്. ആ സ്ഥാപനങ്ങളെല്ലാം ഒഴിവാക്കി നഗരസഭയുടെ പകൽവീടുകൾ കൊവിഡ് സെന്ററാക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതാണ് ശ്രീനാരായണ സ്ഥാപനങ്ങൾ തകർക്കാൻ നഗരസഭയും ജില്ലാഭരണകൂടവും ശ്രമിക്കുന്നുവെന്ന ആരോപണം ബലപ്പെടുത്തുന്നത്.

'' വെള്ളാപ്പള്ളി നടേശൻ സപ്തതി സ്മാരക നഴ്സിംഗ് കോളേജ് കൊവിഡ് സെന്ററാക്കാൻ സൗകര്യപ്രദമാണ്. പരിശോധനയിൽ അത് വ്യക്തമായി. അതുകൊണ്ടാണ് ലാ കോളേജ് ഒഴിവാക്കണമെന്ന ആവശ്യം പരിഗണിച്ച് പകരം നഴ്സിംഗ് കോളേജ് ഏറ്റെടുക്കാൻ തീരുമാനിച്ചത്.''

ശിഖ സുരേന്ദ്രൻ (സബ് കളക്ടർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, SN LAW COLLEGE COVID CENTER, SN TRUST, SNDP YOGAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.