ആദ്യ ഫലസൂചന 8.30ന്
കൊല്ലം: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായി. മേയ് 2ന് രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. 8.30 മുതൽ ഇ.വി.എം മെഷീനുകളുടെ കൗണ്ടിംഗ് ആരംഭിക്കും. ആദ്യ ഫല സൂചനകൾ രാവിലെ എട്ടരയോടെ അറിയാനാകും.
ഓരോ മണ്ഡലങ്ങളിലെയും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി ശരാശരി അഞ്ച് ടേബിളുകൾ വരെയാണ് സജ്ജീകരിച്ചിരിക്കുന്നത്. സർവീസ് വോട്ടേഴ്സിന്റെ ഇ.ടി.പി.ബി (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ്) സ്കാൻ ചെയ്യുന്നതിനായി ശരാശരി മൂന്ന് ടേബിളുകൾ വരെ സജ്ജീകരിച്ചിട്ടുണ്ട്. സൂപ്പർവൈസർ, മൈക്രോ ഒബ്സെർവർ, എ.ആർ.ഒ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവർ പോസ്റ്റൽ ബാലറ്റ് എണ്ണുന്ന ഓരോ കൗണ്ടിംഗ് ടേബിളിലും ഉണ്ടാവും.
ഇ.വി.എം കൗണ്ടിങ്ങിനായി ഓരോ മണ്ഡലത്തിലും 17 മുതൽ 21 വരെ ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ കൗണ്ടിംഗ് ടേബിളിലും ഓരോ കൗണ്ടിംഗ് സൂപ്പർവൈസർ, മൈക്രോ ഒബ്സെർവർ, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാവും. ഒബ്സെർവർമാർക്ക് നേരിട്ട് നിരീക്ഷണം നടത്തുന്നതിനായി ഒരു പ്രത്യേക ടീം തന്നെ ഓരോ കൗണ്ടിംഗ് സെന്ററിലുമുണ്ട്.
കൗണ്ടിംഗ് കേന്ദ്രങ്ങളിൽ സ്റ്റേറ്റ് പൊലീസ്, സ്റ്റേറ്റ് ആംമ്ഡ് പൊലീസ്, സി.ആർ.പി.എഫ് എന്നിവരാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിൽ മെറ്റൽ ഡിറ്റക്ടർ പരിശോധനയിലൂടെ മാത്രമേ ഉദ്യോഗസ്ഥരെയും കൗണ്ടിംഗ് ഏജന്റുമാരെയും അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |