കൊല്ലം: കൊവിഡ് ചികിത്സയ്ക്കും ടെസ്റ്റുകൾക്കും സഹായകമായി ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ. 14 ദിവസത്തെ ചികിത്സയ്ക്കും ക്വാറന്റൈനും വലിയ തുകയാണ് ചെലവാക്കുന്നത്. കൊവിഡ് ബാധിച്ച് 72 മണിക്കൂർ വരെ ആശുപത്രിയിൽ കിടക്കേണ്ടി വന്നാൽ നിശ്ചിത തുക നൽകുന്ന 'കൊറോണ രക്ഷക്' പോളിസികളാണ് നിലവിലുള്ളത്.
സാധാരണ ആരോഗ്യ പോളിസികൾ എടുത്തിട്ടുള്ളവർക്ക് 'കൊറോണ കവച്' പോളിസി കൂടിയെടുത്താൽ ക്ലെയിം ലഭിക്കും. ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ സാധാരണ ആശുപത്രി ബില്ലുകൾ അടയ്ക്കാനാണ് സാമ്പത്തിക സഹായം നൽകുക. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ഡിസ്ചാർജ് ചെയ്ത ശേഷവും ഉള്ള ചെലവുകൾ കൂടി ക്ലെയിം ചെയ്യാമെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. എന്നാൽ നിബന്ധനകൾ ബാധകമാണ്.
ആർ.ടി.പി.സി.ആർ ടെസ്റ്റ് ക്ലെയിം ചെയ്യാം
ആർ.ടി.പി.സി.ആർ, മെഡിക്കൽ ടെസ്റ്റുകൾ ഉൾപ്പെടെ ആശുപത്രിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ആശുപത്രി ചികിത്സയ്ക്ക് മുമ്പുള്ള ചെലവുകളുടെ കൂട്ടത്തിൽ വരും. ആർ.ടി.പി.സി.ആർ, രക്തപരിശോധന, സി.ടി സ്കാൻ തുടങ്ങിയവയും ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പ് 30 ദിവസം വരെ ചെലവായ തുകയും ഇൻഷ്വറൻസ് കമ്പനി വഹിക്കും. പോളിസി ആശുപത്രിയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കണമെന്നതാണ് വ്യവസ്ഥ. പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെങ്കിൽ പോളിസിയിൽ ഒ.പി.ഡി (ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ്) നിരക്കുകൾ ഈടാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ ടെസ്റ്റുകളുടെ ചെലവുകൾ ക്ലെയിം ചെയ്യാൻ സാധിക്കുകയുള്ളു.
ഡിസ്ചാർജിന് ശേഷവും
ആശുപത്രി ചികിത്സയ്ക്ക് ശേഷമുള്ള 60 ദിവസത്തെ പരിശോധനകളുടെ ചെലവുകൾ ഇൻഷ്വറൻസ് പദ്ധതിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് വഹിക്കും. ചില പ്രീമിയം പോളിസികൾ ഈ കവറേജ് 90 ദിവസം വരെ ലഭ്യമാക്കും. 'കൊറോണ കവച് ' പോളിസി 30 ദിവസം വരെയാണ് ചെലവ് വഹിക്കുക.
ക്ലെയിം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
1. ചികിത്സയുമായി ബന്ധപ്പെട്ട രസീതുകൾ ഹാജരാക്കണം
2. ഡിസ്ചാർജ് ഷീറ്റ് (മരുന്നുകൾ, തുടർ നടപടികൾ അറിയുന്നതിന്)
3. ആദ്യം പണമടയ്ക്കണം. പിന്നീട് ചെലവുകൾ തിരികെ നൽകും (റീഇംബേഴ്സ്മെന്റ് ക്ലെയിം)
4. ആശുപത്രി ക്ലെയിമിന് പുറമേയാണ് ഡിസ്ചാർജിന് ശേഷമുള്ള ചെലവ് ലഭിക്കുക
5. 90 ദിവസം വരെയുള്ള ചികിത്സാ ചെലവുകൾ പ്രത്യേകം ഫയൽ ചെയ്യണം
6. ആശുപത്രി ചികിത്സയുടെ ബില്ല് പോലെ പണരഹിത ക്ലെയിമായിരിക്കില്ല
7. രേഖകൾ സമർപ്പിക്കുന്നതിന് 7 മുതൽ 15 ദിവസം സാവകാശം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |