കൊല്ലം: ടൂറിസ്റ്റ് ബസ് മേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.സി.ഒ.എ) ഇന്ന് വൈകിട്ട് 5.30ന് ദേശീയപാതയിൽ പ്രതിഷേധ വാഹനച്ചങ്ങല നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പലിശ രഹിത മൊറട്ടോറിയം അനുവദിക്കുക, ജപ്തിനടപടി അവസാനിപ്പിക്കുക, ഉപാധിരഹിത വായ്പ ഏർപ്പെടുത്തുക, നികുതി കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനതല പ്രതിഷേധം നടത്തുന്നത്. എം.എൽ.എമാരായ എം. നൗഷാദ് കൊട്ടിയത്തും പി.സി. വിഷ്ണുനാഥ് കല്ലുംതാഴത്തും ജില്ലയിലെ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ആയിരത്തോളം ടൂറിസ്റ്റ് വാഹനങ്ങൾ പാരിപ്പള്ളി മുതൽ ഓച്ചിറ വരെയുള്ള ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടാക്കാത്ത തരത്തിൽ അണിനിരക്കുമെന്ന് അസോ. സംസ്ഥാന സമിതി അംഗം അഡ്വ. ദിലീപ്, ജില്ലാ പ്രസിഡന്റ് നവാസ്, നിസാം, സെനിത്ത് അൻസാരി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |