SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.52 AM IST

സർക്കാർ സേവനം വാതിൽപ്പടിയിൽ

c

മേൽനോട്ടത്തിന് വാർഡുതല സമിതി

കൊല്ലം: പ്രായാധിക്യവും രോഗവുംമൂലം അവശതയനുഭവിക്കുന്നവർക്ക് സർക്കാർ സേവനവും ആനുകൂല്യങ്ങളും സന്നദ്ധപ്രവർത്തകർ വഴി വീടുകളിലെത്തിക്കുന്ന പദ്ധതിയുടെ മേൽനോട്ടത്തിന് വാർഡുതലങ്ങളിൽ സമിതികൾ രൂപീകരിക്കും. തദ്ദേശ സ്ഥാപന, ജില്ലാ, സംസ്ഥാന തലങ്ങളിൽ പദ്ധതിയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേകം കമ്മിറ്റികളും നിലവിൽവരും.സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പല സർക്കാർ ആനുകൂല്യങ്ങളും ലഭിക്കാൻ അക്ഷയ കേന്ദ്രങ്ങളിലോ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലോ എത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈ പദ്ധതിയനുസരിച്ച് വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും വീട്ടിലെത്തി അപേക്ഷ തയ്യാറാക്കി നൽകി ആനുകൂല്യങ്ങൾ ഉറപ്പാക്കും. തദ്ദേശ സ്ഥാപനങ്ങൾ, സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളിൽ നിന്ന് പ്രത്യേകം സർവേ നടത്തിയാകും സേവനം ലഭ്യമാക്കേണ്ടവരെ തിരഞ്ഞെടുക്കുക.

വാർഡുതല സമിതി

വാർഡ് കൗൺസിലർ അല്ലെങ്കിൽ മെമ്പറാകും വാർഡുതല സമിതിയുടെ അദ്ധ്യക്ഷൻ. അശാവർക്കർ, സാമൂഹിക സന്നദ്ധസേനപ്രവർത്തകർ, കുടുംബശ്രീ, സാന്ത്വന പരിചരണ പ്രവർത്തകർ, വായനശാല ലൈബ്രേറിയൻ, ആർ.ആർ.ടി പ്രതിനിധികൾ, സാക്ഷരതാ പ്രേരക്മാർ, എസ്.സി/ എസ്.ടി പ്രമോട്ടർമാർ, നെഹ്റു യുവകേന്ദ്ര, യൂത്ത് ക്ലബ് ഭാരവാഹികൾ എന്നിവരാകും അംഗങ്ങൾ. ഇവരുടെ പേര്, വിലാസം, ഫോൺനമ്പർ തുടങ്ങിയവ വാർഡിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും.

ഉപരി സമിതികൾ

തദ്ദേശസ്ഥാപന തലത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻ, മേയർ എന്നിവർ അദ്ധ്യക്ഷരായ സമിതി. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ഉപാദ്ധ്യക്ഷനും തദ്ദേശ സ്ഥാപന സെക്രട്ടറി കൺവീനറുമായിരിക്കും. വില്ലേജ് ഓഫീസർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ, മെഡിക്കൽ ഓഫീസർ, കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികൾ, ജനമൈത്രി പൊലീസ് ചുമതലക്കാർ തുടങ്ങിയവർ അംഗങ്ങളായിരിക്കും. വിവിധ വകുപ്പുകളുടെ മേധാവികൾ അംഗങ്ങളായാണ് സംസ്ഥാന, ജില്ലാ തല സമിതികൾ.

ആദ്യം ക്ലാപ്പനയിൽ

ജില്ലയിൽ സാമൂഹ്യസന്നദ്ധസേനയുടെ പ്രവർത്തനം പരീക്ഷണാർത്ഥം ആദ്യം ആരംഭിക്കുന്നത് ക്ലാപ്പന പഞ്ചായത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഉടൻ തന്നെ മേൽനോട്ടത്തിനുള്ള പഞ്ചായത്തുതല സമിതി രൂപീകരിക്കും. രണ്ടാംഘട്ടത്തിൽ ജില്ലയിലെ 15 പഞ്ചായത്തുകളിലേക്കെങ്കിലും പദ്ധതി വ്യാപിപ്പിക്കും. ഒന്നോ രണ്ടോ മുനിസിപ്പാലിറ്റികളിലും കൊല്ലം കോർപ്പറേഷനിലും രണ്ടാം ഘട്ടത്തിൽ പദ്ധതി ആരംഭിച്ചേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.