മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും
കൊല്ലം : സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ (എസ്.എഫ്.സി.ടി.എസ്.എ ) സംസ്ഥാന കൺവെൻഷൻ ഇന്ന് രാവിലെ പത്തു മണിക്ക് കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തും.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ നിയമനിർമ്മാണം നടത്തുക എന്ന ആവശ്യമുന്നയിച്ചാണ് കൺവെൻഷൻ ചേരുന്നത്. കേരള സർവകലാശാലയിൽ സർവീസിനിടെ കൊവിഡ് മൂലം മരണപ്പെട്ട ലക്ഷ്മിക്കുട്ടി ടീച്ചർക്ക് ജീവനക്കാർ സമാഹരിച്ച കുടുംബധനസഹായം ചടങ്ങിൽ വെച്ച് കൈമാറും. നിയമനിർമ്മാണത്തിന്റെ ആദ്യപടിയായി സർക്കാർ ഈ വർഷം രണ്ട് ഓർഡിനൻസുകൾ പുറപ്പെടുവിച്ചെങ്കിലും ചില മാനജ്മെന്റ് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ചെയ്യിക്കുകയായിരുന്നു. കേരളത്തിലെ ഉന്നത സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ അദ്ധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ, സ്ഥാപനങ്ങൾ, രക്ഷിതാക്കൾ ഉൾപ്പെടെ സമഗ്രമായ നിയമനിർമ്മാണം നടത്തിയാൽ മാത്രമേ ഗുണനിലവാരം നിലനിർത്താൻ സാദ്ധ്യമാവുകയുള്ളൂവെന്ന് സംസ്ഥാന സെക്രട്ടറി ഡോ. എ. അബ്ദുൽ വഹാബ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫേസ് ബുക്ക് പേജിലൂടെ സംസ്ഥാനത്തെ അരലക്ഷം ജീവനക്കാർ സമ്മേളനത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |