SignIn
Kerala Kaumudi Online
Saturday, 20 April 2024 4.57 AM IST

അവഗണനയുടെ ചതുപ്പിൽ കൊട്ടാരക്കര തമ്പുരാനും കൊട്ടാരവും

v
കൊട്ടാരക്കര തമ്പുരാൻ കൊട്ടാരം

കൊല്ലം: കൊട്ടാരക്കര തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന വീരകേരളവർമ്മയുടെ സ്മരണപേറുന്ന തമ്പുരാൻ കൊട്ടാരം നിലനിൽപ്പിനായികേഴുന്നു. പുരാവസ്തുവകുപ്പിനുകീഴിൽ കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന ക്ളാസിക്കൽ കലാമ്യൂസിയവും സംരക്ഷണമില്ലാതെ നശിക്കുകയാണ്. കഥകളിയെ ജീവനുതുല്യം സ്നേഹിച്ച കൊട്ടാരക്കര തമ്പുരാനോടുള്ള അനാദരവുകൂടിയാണ് ഈ അവഗണന. നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരം ദേവസ്വംബോർഡിന്റെ അധീനതയിലാണ്. കുറച്ചുകാലം എ.ഇ.ഒ ഓഫീസ് കൊട്ടാരത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് എ.ഇ.ഒ ഓഫീസ് മാറ്റി കൊട്ടാരത്തെ പൈതൃകമ്യൂസിയമായി സർക്കാർ പ്രഖ്യാപിച്ചു.

1983 മുതൽ കൊട്ടാരക്കര തൃക്കണ്ണമംഗലിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ക്ളാസിക്കൽ കലാമ്യൂസിയം കൊട്ടാരത്തിലേക്ക് മാറ്റിയതോടെ ജില്ലയിലെ അറിയപ്പെടുന്ന മ്യൂസിയമായിമാറി. വാടകക്കെട്ടിടത്തിൽ നിന്ന് കുടിയിറക്കുന്ന ഘട്ടമെത്തിയപ്പോഴാണ് പി. ഐഷാപോറ്റി എം.എൽ.എയുടെ താത്പര്യപ്രകാരം സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന എം.എ. ബേബിയും ദേവസ്വം മന്ത്രിയായിരുന്ന ജി. സുധാകരനും തമ്മിൽ ധാരണയുണ്ടാക്കി മ്യൂസിയം ദേവസ്വം ബോർഡിന് കീഴിലുള്ള പൈതൃകകലാകേന്ദ്രത്തോടൊപ്പം ചേർത്തത്. 2011 മാർച്ച് ഒന്നിന് നവീകരിച്ച മ്യൂസിയം മന്ത്രിയായിരുന്ന എം.എ. ബേബി ഉദ്ഘാടനം ചെയ്തു. കഥകളിയെപ്പറ്റി പഠിക്കാൻ താത്പര്യമുള്ളവർക്ക് ഏറെപ്രയോജനകരമായിരുന്നു മ്യൂസിയം.

ക്ളാസിക്കൽ കലാമ്യൂസിയം

കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന ക്ളാസിക്കൽ കലാമ്യൂസിയത്തിൽ നവരസ ഭാവങ്ങളും കഥകളി രൂപങ്ങളുമൊക്കെ തയ്യാറാക്കിവച്ചിട്ടുണ്ട്. പുരാതനഗ്രന്ഥങ്ങൾ, ആടയാഭരണങ്ങൾ, ലഘു വിവരണങ്ങൾ തുടങ്ങിയവയും വാളും പരിചയും ഉൾപ്പടെയുള്ള വിവിധ ഉപകരണങ്ങളും ഇവിടെയുണ്ട്. പ്രവേശനം സൗജന്യമാണ്. മ്യൂസിയത്തിൽ ഇരുട്ടുനിറഞ്ഞ മുറികളാണെന്ന ആക്ഷേപം ശക്തമായതോടെ ലൈറ്റ് സജ്ജീകരണങ്ങൾ മെച്ചപ്പെടുത്തിയിരുന്നു. എന്നാൽ കാലപ്പഴക്കമുള്ള കൊട്ടാരത്തിന്റെ മേൽക്കൂര ചോർന്നൊലിക്കുകയാണ്. ഇത്തരത്തിൽ പഴമയുടെ കാഴ്ചവസ്തുക്കളെല്ലാം നശിക്കാൻ തുടങ്ങിയിട്ടുണ്ട്. അറ്റകുറ്റപ്പണിയുടെ അഭാവത്തിൽ മ്യൂസിയത്തിന്റെ പ്രാധാന്യം നഷ്ടമായതോടെ സന്ദർശകർ ഇല്ലാതായി. കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തിൽ ദേവസ്വം ബോർഡും ശ്രദ്ധപതിപ്പിച്ചില്ല. പുരാവസ്തു വകുപ്പിനുകീഴിലുള്ള മൂന്ന് സ്ഥിര ജീവനക്കാരുൾപ്പടെ ഏഴ് ജീവനക്കാരാണ് ഇവിടെയുള്ളത്.

കൊട്ടാരക്കര തമ്പുരാൻ
കൊട്ടാരക്കര രാജാവായിരുന്ന വീരകേരള വ‌ർമ്മയെ കഥകളിയുടെ ഉപജ്ഞാതാവെന്നാണ് അറിയപ്പെടുന്നത്. ആദ്യത്തെ ആട്ടക്കഥ എഴുതിയത് അദ്ദേഹമാണ്. എട്ട് ആട്ടക്കഥകളാണ് രചിച്ചിട്ടുള്ളത്. കൊട്ടാരക്കര തമ്പുരാന്റെ പ്രതിമ നിർമ്മിക്കാൻ ദേവസ്വം ബോർഡ് ആലോചിച്ചിരുന്നു. തമ്പുരാന്റെ ചിത്രങ്ങൾ നിലവിൽ ഇല്ലാത്തതിനാൽ ചിത്രകാരൻമാർ ഭാവനയിലൊരുക്കിയ ചിത്രം ഉപയോഗിച്ച് പ്രതിമയൊരുക്കാനാണ് ആലോചിച്ചത്. എന്നാൽ ഇതിനെതിരെ കൊട്ടാരക്കര സ്വദേശി പരാതിയുമായി രംഗത്തെത്തി. തമ്പുരാന് ഉചിതമായ സ്മാരകം നിർമ്മിക്കുമെന്നും കഥകളിക്കും മറ്റ് കലാരൂപങ്ങൾക്കും ഗുണകരമാകുംവിധത്തിൽ സാംസ്കാരിക സമുച്ചയം ഒരുക്കുമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് കൊട്ടാരക്കരക്കാർ.

കൊട്ടാരം കേന്ദ്രമായി ആർട്ട് പെർഫോമൻസ് സെന്റർ ഉണ്ടാക്കണം. മ്യൂസിയത്തിന്റെ പരിപാലനത്തിൽ കുറേക്കൂടി ശ്രദ്ധവേണം. ഒരു രൂപയെങ്കിലും എൻട്രിഫീസ് ഏർപ്പെടുത്തി സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ പ്രചാരണം നടത്തണം.

ഐഷാപോറ്റി,​

മുൻ എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.