SignIn
Kerala Kaumudi Online
Thursday, 18 April 2024 11.04 PM IST

തോന്നുംപടി വൈദ്യുതി മുടക്കം, സാധാരണക്കാർക്ക് നഷ്ടം ലക്ഷങ്ങൾ

electricity

ട്രാൻസ്‌ഫോർമർ തലത്തിൽ നിന്ന് മാറി ഫീഡർ തലത്തിൽ കറണ്ട് കട്ട്

കൊല്ലം: മഴക്കെടുതിയിൽ വലയുന്ന നാട്ടുകാർക്ക് ലക്ഷങ്ങളുടെ നഷ്ടംവരുത്തുന്ന നടപടികളുമായി വൈദ്യുതിവകുപ്പ്. അറ്റകുറ്റപ്പണികൾക്കും അത്യാവശ്യഘട്ടങ്ങളിലും ട്രാൻസ്‌ഫോർമർ തലത്തിൽ വൈദ്യുതിവിതരണം നിറുത്തിവയ്ക്കുന്ന രീതിയിൽ നിന്ന് ഫീഡർ തലത്തിലേക്ക് കറണ്ട് കട്ട് മാറിയതോടെയാണ് ജനം ദുരിതത്തിലായത്. ഇടക്കിടെയുള്ള വൈദ്യുതി മുടക്കത്തിൽ വൈദ്യുതോപകരണങ്ങൾ കേടാകുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. പരാതിപ്പെടുന്ന ഉപഭോക്താക്കളോട് പരുഷമായ രീതിയിൽ പെരുമാറുന്ന സംഭവങ്ങളും പലയിടത്തുമുണ്ടാവുന്നുണ്ട്.

ഓരോ സബ്‌സ്റ്റേഷൻ പരിധിയിലും അഞ്ചോ അതിലധികമോ ഫീഡർ ലൈനുകളുണ്ടാകും. ഓരോ ഫീഡറുകളിലും 20മുതൽ 70വരെ ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിട്ടുണ്ടാകും. എന്നാൽ ചെറിയ അറ്റകുറ്റപ്പണികൾക്ക് ട്രാൻസ്‌ഫോർമർ തലത്തിൽ മാത്രം വൈദ്യുതിമുടക്കിയാൽ മതിയെന്നിരിക്കേ ഫീഡർ ലൈനുകൾ മൊത്തത്തിൽ വൈദ്യുതി തടസപ്പെടുത്തുന്ന പ്രവണതയാണ് ഇപ്പോൾ നടക്കുന്നത്. അറ്റകുറ്റപ്പണി നടത്തേണ്ട ഭാഗത്തൊഴികെ മറ്റുള്ളയിടങ്ങളിൽ അഞ്ചുമുതൽ പത്ത് മിനിട്ടുവരെയുള്ള ഇടവേളകളിൽ വൈദ്യുതി കടത്തിവിടുകയും തടസപ്പെടുത്തുകയും ചെയ്യും. വോൾട്ടേജ്നില ക്രമീകരിക്കുന്നതിനാണ് അത്തരത്തിൽ ചെയ്യുന്നതെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.

ഇലക്ട്രിക് ഉപകരണങ്ങളിൽ സംഭവിക്കുന്നത്

വീടുകളിൽ കൂടുതലായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങൾ 5 സ്റ്റാർ റേറ്റുള്ളവയും മിതമായ വോൾട്ടേജിലും വൈദ്യുതിയിലും പ്രവർത്തിക്കുന്നവയുമാണ്. വൈദ്യുതി തടസത്തിന് ശേഷം ഓഫാക്കാത്ത ഉപകരണങ്ങളിലേക്ക് അമിത വോൾട്ടേജ് കടന്നുവരുകയും അവയ്ക്ക് കേടുപാട് സംഭവിക്കുകയും ചെയ്യും. ലൈനുകളിലെ വൈദ്യുതിനില ക്രമീകരിക്കാനായി ഇടയ്ക്കിടെ വൈദ്യുതി കടത്തിവിടുന്നതുമൂലം വൈദ്യുതിവകുപ്പിന് നഷ്ടമൊന്നും വരാനില്ല. എന്നാൽ സാധാരണക്കാർ കടംവാങ്ങിയും ലോണെടുത്തും വാങ്ങുന്ന ഉപകരണങ്ങളാണ് നശിക്കുന്നത്.

വില്ലൻ 11 കെ.വി ലൈനുകൾ

ഗാർഹിക ഉപഭോഗത്തിനായുള്ള ലോ ടെൻഷൻ ലൈനുകൾ സ്ഥാപിച്ചിരുന്ന വൈദ്യുതതൂണുകളിൽ 11 കെ.വി ലൈനുകൾ കൂടി സ്ഥാപിച്ചതിനാലാണ് ട്രാൻസ്ഫോർമർ തലത്തിൽ വൈദ്യുതി മുടക്കാൻ കഴിയാത്തതെന്നാണ് അധികൃതരുടെ വാദം. 11 കെ.വി ലൈനുകൾക്ക് താഴെയുള്ള ലോടെൻഷൻ ലൈനുകൾ മാത്രം ഓഫാക്കിയശേഷം തൂണുകളിൽ കയറിയുള്ള അറ്റകുറ്റപ്പണി സാദ്ധ്യമാകില്ല. ഹൈടെൻഷൻ ലൈനുകളിൽ നിന്നുള്ള മാഗ്നറ്റിക് മേഖലയിൽ അപകടസാദ്ധ്യത കൂടുതലായതിനാലാണ് ഫീഡർ തലത്തിൽ വൈദ്യുതി വിതരണം തടസപ്പെടുത്തുന്നത്. വോൾട്ടേജ് വ്യതിയാനം നിയന്ത്രിക്കാൻ ഇടയ്ക്കിടെ വൈദ്യുതി കടത്തിവിടുന്നതിന് ബദലായി നിലവിൽ മറ്റു മാർഗങ്ങളില്ലെന്നാണ് വിശദീകരണം. 11 കെ.വി ലൈനുകൾക്ക് പകരമായി കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.

ഉപകരണങ്ങൾ ഓഫാക്കണം

11 കെ.വി ലൈനുകൾക്ക് പകരമായി കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ട് രണ്ട് വർഷത്തോളമാകുന്നു. എന്ന് പൂർത്തീകരിക്കുമെന്നതിൽ കെ.എസ്.ഇ.ബിക്കുപോലും വ്യക്തതയില്ലെന്നാണ് അറിയുന്നത്. വൈദ്യുതി മുടങ്ങുന്ന സമയത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതോപകരണങ്ങൾ അപ്പോൾ തന്നെ ഓഫാക്കുക മാത്രമാണ് ഏകപരിഹാരം. ചാർജിംഗിൽ ഇട്ടിരിക്കുന്ന മൊബൈൽ ഫോൺ, ടി.വി, വാഷിംഗ് മെഷീൻ, മിക്സി എന്നിവയിലൊക്കെ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.