SignIn
Kerala Kaumudi Online
Thursday, 25 April 2024 2.05 AM IST

അത്യാഹിതം കഴിഞ്ഞാലും എത്തില്ല അഗ്നിശമനസേന !

fire

 മലയോരമേഖലയിൽ ഓടിയെത്താനാകാതെ അഗ്നിശമന സേന

 കുളത്തൂപ്പുഴ, ഓയൂർ അഗ്നിശമന സേനാനിലയങ്ങൾ ഫയലിൽ ഉറങ്ങുന്നു

കൊല്ലം: അടിയന്തര സാഹചര്യങ്ങളിൽ മലയോരമേഖലയിൽ ഓടിയെത്താൻ കുളത്തൂപ്പുഴ, ഓയൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അഗ്നിശമന സേനാനിലയങ്ങൾ സ്ഥാപിക്കുമെന്ന വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിരവധി തവണ നാട്ടുകാരും ജനപ്രതിനിധികളും ഇതേ ആവശ്യം അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടും മെല്ലെപോക്ക് നയം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ വെള്ളക്കെട്ടും ഉരുൾ പൊട്ടലും ഉണ്ടായപ്പോൾ ജില്ലാ ആസ്ഥാനത്തെ സേനയുടെ സേവനമാണ് രക്ഷയായത്.

ജില്ലാ ആസ്ഥാനമായ കടപ്പാക്കടയിൽ നിന്ന് വാഹനം അവിടെ എത്താൻ മുക്കാൽ മണിക്കൂറോളം വേണ്ടിവരും എന്നത് കാര്യക്ഷമമായ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്.

അധികൃതരുടെ അനാസ്ഥകാരണമുള്ള ഈ സമയനഷ്ടം മരണം ഉൾപ്പെടെയുള്ള അത്യാഹിതങ്ങൾക്ക് വഴിവയ്ക്കുമെന്നതിൽ തർക്കമില്ല. പരിമിതമായ സൗകര്യങ്ങളുള്ള കിഴക്കൻ മേഖലയിലെ സേനാനിലയങ്ങൾക്ക് വലിയ ഒരു പ്രദേശത്തിന്റെ

ചുമതലയാണുള്ളത്. കുളത്തൂപ്പുഴ, ഓയൂർ കേന്ദ്രീകരിച്ച് മികച്ച സൗകര്യങ്ങളോടെയുള്ള നിലയങ്ങൾക്ക് അനുമതി വൈകിപ്പിക്കുന്നത് മലയോരമേഖലയെ ആശ്രയിച്ച് കഴിയുന്നവരോടുള്ള അവഗണനയാണ്.

വെള്ളം കയറിയാൽ

പുനലൂരിൽ കാഴ്ചക്കാർ !

അഞ്ചൽ, കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേക്ക് ഓടിയെത്താൻ പുനലൂരിലെ അഗ്നിശമനസേന മാത്രമാണുള്ളത്. ഈ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രളയസമാനമായ വെള്ളക്കെട്ട് ഉണ്ടായപ്പോൾ റബർ ഡിങ്കി ബോട്ടുകൾ ഇല്ലാത്തതിനാൽ പുനലൂരിലെ സേനയ്ക്ക് കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. മികച്ച പരിശീലനം ലഭിച്ചിട്ടുള്ള ഇവരുടെ സേവനം അടിയന്തര ഘട്ടത്തിൽ പോലും ഉപയോഗപ്പെടുത്താൻ കഴിയാതെപോയത് കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ്. കൊല്ലം, കടയ്ക്കൽ, കുണ്ടറ എന്നിവിടങ്ങളിൽ നിന്നാണ് റബർഡിങ്കികൾ എത്തിച്ചത്.

അംഗബലമില്ലാതെ

കൊട്ടാരക്കര

രാത്രികാല അത്യാഹിതങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്റ്റേഷനുകളിലൊന്നാണ് കൊട്ടാരക്കര. ചടയമംഗലം മുതൽ ഏനാത്ത് പാലം വരെയുള്ള എം.സി റോഡിൽ ഓടിയെത്തേണ്ടതും ഇവർ തന്നെ. എന്നാൽ, ഇവിടെ ആകെയുള്ളത് 12 ഫയർമാൻമാരാണ്. കുറഞ്ഞത് 20 പേരുടെയെങ്കിലും സേവനം ആവശ്യമുള്ളയിടത്താണ് ഈ അവസ്ഥ.

കുരുക്കിൽപ്പെട്ട്

കുളത്തൂപ്പുഴ

കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് സേനാനിലയവും ഡിഫൻസ് പരിശീലന കേന്ദ്രവും സ്ഥാപിക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് പരിശീലനം നൽകുന്നതിനും അവശ്യ ഘട്ടത്തിൽ ഇവരുടെ സേവനം മറ്റ് സ്റ്റേഷനുകളിൽ ഉപയോഗപ്പെടുത്തണം എന്നൊക്കെയുള്ള വാഗ്ദാനങ്ങളിൽ നിന്ന് അണുവിട മുന്നോട്ട് പോയിട്ടില്ല. ഇതിനുശേഷം ഇതേ വാഗ്ദാനം നൽകിയ കണ്ണൂരിൽ പരിശീലകേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്.

ഓയൂരിൽ സ്ഥലമുണ്ട്
ബോർഡും വച്ചു

ഓയൂരിൽ 2011ൽ സേനാനിലയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥലമേറ്റെടുപ്പും ബോർഡ് സ്ഥാപിക്കലുമൊക്കെ തകൃതിയായി നടന്നു. വർഷങ്ങൾകഴിഞ്ഞിട്ടും സേനാനിലയം തുടങ്ങാനായില്ല. ഓയൂർ സ്വകാര്യബസ് സ്റ്റാൻഡിന് സമീപം ഒരാഴ്ചയോളം വാഹനം കൊണ്ടിടുകയും ബോർഡ് സ്ഥാപിക്കുകയും ചെയ്തതൊഴിച്ചാൽ മറ്റൊരു നടപടിയും ഉണ്ടായില്ല. ഓയൂർ കൺവെൻഷൻ സെന്ററിന് സമീപത്തെ 50 സെന്റ് സ്ഥലത്തിന് അഗ്നിശമനസേനയാണ് കരം ഒടുക്കുന്നത്. നിലയം ആരംഭിക്കുന്നില്ലെങ്കിൽ സ്ഥലം തിരികെ നൽകണമെന്ന നിലപാടിലാണ് വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്.

ജില്ലയിലെ നിലയങ്ങൾ:

കൊല്ലം (കടപ്പാക്കട), ചാമക്കട, പരവൂർ, ചവറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കടയ്ക്കൽ

റബർ ഡിങ്കിയുള്ള നിലയങ്ങൾ:

കടപ്പാക്കട, കുണ്ടറ, കടയ്ക്കൽ

ജില്ലയിലെ ആകെ ഫയർമാൻമാർ: 236

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.