കൊല്ലം: പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളിൽ 250 മരുന്നുകൾ കൂടി പുതുതായി എത്തി. ശ്വാസസംബന്ധമായ രോഗങ്ങൾ, കാൻസർ തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് പുതുതായി എത്തിയവയിൽ അധികവും.
കാൻസർ, ശ്വാസസംബന്ധ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഇതിനുള്ള മരുന്നുകൾക്ക് വിപണിയിൽ കൊള്ളവിലയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം രോഗങ്ങൾക്കുള്ള മരുന്നുകൾ കൂടി ജൻഔഷധികൾ വഴി ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ മൂവായിരം രൂപയ്ക്ക് മുകളിൽ വിലയുള്ള മരുന്നുകൾക്ക് ജൻഔഷധിയിൽ 500 രൂപയിൽ താഴെയാണ്. ഇത് പാവപ്പെട്ട രോഗികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ജൻ ഔഷധിയിലെ പുതിയ മരുന്നുകളുടെ വിലയും
സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലെയും വിലയും
ഇൻഹേലറുകൾ(ശ്വാസ സംബന്ധം)- 175, 400
റോട്ടോക്യാപ്സ്(ശ്വാസ സംബന്ധം)- 85, 200
മൾട്ടി വിറ്റമിൻ- 30, 120
ലെനാളിഡോമൈഡ് ക്യാപ്സൂൾ(കാൻസർ)- 464, 3000
പ്രോട്ടീൻ പൗഡർ- 200, 350
കൂടുതൽ കേന്ദ്രങ്ങൾ വേണം
ജില്ലയിൽ 70 ഓളം ജൻഔഷധി കേന്ദ്രങ്ങൾ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ വിലക്കുറവിന്റെ ആനുകൂല്യം ഭൂരിഭാഗം ജനങ്ങൾക്കും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ കൂടുതൽ ജൻ ഔഷധി കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |