പരവൂർ: കെ റെയിൽ പദ്ധതി നടപ്പാക്കാൻ പിണറായിയും സി.പി.എമ്മും വാശിപിടിക്കുന്നതിന് പിന്നിൽ കോടികളുടെ കമ്മിഷൻ തുക കൈപ്പറ്റാനുള്ള വ്യഗ്രതയാണന്ന് എൻ.കെ. പ്രേമചന്ദ്രൻ എം പി ആരോപിച്ചു. സബർബർ ട്രെയിനാണ് കേരളത്തിന് അഭികാമ്യമെന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ തീരുമാനം നടപ്പാക്കാൻ പിണറായി തയ്യാറാകണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. യു.ഡി.എഫ് ചാത്തന്നുർ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ റെയിൽ വേണ്ട, കേരളം മതി എന്ന മുദ്റാവാക്യം ഉയർത്തിയും ദേശീയപാത മതിൽ കെട്ടി തിരിക്കുന്നതിനെതിരെയും യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 14ന് രാവിലെ 9ന് ചാത്തന്നൂർ ജംഗ്ഷനിൽ സമരം നടത്താനും നേതൃയോഗം തീരുമാനിച്ചു. ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ ജി.രാജേന്ദ്ര പ്രസാദ്, മുസ്ലീംലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൾഫിക്കർ സലാം, ഫോർവേഡ് ബ്ലോക്ക് ഏരിയ സെക്രട്ടറി നളിനാക്ഷൻ, യു.ഡി.എഫ് നേതാക്കളായ എൻ.ഉണ്ണിക്കൃഷ്ണൻ, എസ്. ശ്രീലാൽ, ബിജു പാരിപ്പളളി, സുഭാഷ് പുളിക്കൽ, എം.സുന്ദരേശൻ പിള്ള, സിസിലി സ്റ്റീഫൻ, പ്ലാക്കാട് ടിങ്കു, പ്രതീഷ്കുമാർ, രാജൻ കുറുപ്പ്, പി. ശ്രീജ, ആർ. സാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |