# ജില്ലാ ആയുർവേദാശുപത്രിയിൽ ഗ്രന്ഥശാല ഉദ്ഘാടനം നാളെ
കൊല്ലം: കഷായാശുപത്രി എന്നറിയപ്പെടുന്ന ആശ്രാമം ജില്ലാ ആയുർവേദ ആശുപത്രിയിൽ രോഗികൾക്കും ഒപ്പമെത്തുന്നവർക്കും അറിവിന്റെ മധുരം പകരാൻകാൻ ഇനി പുസ്തകങ്ങളുമുണ്ടാകും. ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ ചെലവഴിച്ചാണ് ആശുപത്രിക്കുള്ളിൽ ഗ്രന്ഥശാല സജ്ജീകരിച്ചത്. നേരത്തെ ഗവ. വിക്ടോറിയ ആശുപത്രിയിൽ ഇത്തരത്തിൽ ജില്ലാ പഞ്ചായത്ത് ഗ്രന്ഥശാല സജ്ജീകരിച്ചിരുന്നു.
ആശുപത്രിവളപ്പിൽ കിഴക്കേയറ്റത്തുള്ള ഭക്ഷണശാല പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഗ്രന്ഥശാലയുടെ പ്രവർത്തനം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർക്കും കൂട്ടിരിപ്പുകാർക്കും ചുമതലക്കാർ മുഖേനെ പുസ്തകങ്ങളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും ദിനപ്പത്രങ്ങളും ലഭ്യമാക്കും. ഡിസ്ചാർജ് ചെയ്യുന്നതിനുമുൻപ് പുസ്തകങ്ങൾ തിരികെ നൽകണം. പകൽ മുഴുവൻ പ്രവർത്തിക്കാനാണ് തീരുമാനമെങ്കിലും രാത്രിയിലും ആവശ്യക്കാർക്ക് പുസ്തകങ്ങൾ ലഭ്യമാക്കും.
ഗ്രന്ഥശാലയ്ക്കൊപ്പം ഡിജിറ്റൽ ഗ്രന്ഥശാലയും സജ്ജീകരിച്ചിട്ടുണ്ട്. ആയുർവേദ ഗവേഷകനായിരുന്ന ഡോ. കെ. രാജഗോപാലന്റെ സ്മാരകമായി നിലവിലുണ്ടായിരുന്ന ഹാൾ നവീകരിച്ചു. മൂന്ന് ഘട്ടങ്ങളിലായി 22ലക്ഷം രൂപ ചെലവഴിച്ചാണ് ഹാൾ നവീകരിച്ചത്.
# ഉദ്ഘാടനം നാളെ
ഗ്രന്ഥശാലയുടെയും നവീകരിച്ച, ഡോ. കെ. രാജഗോപാലൻ സ്മാരക ഹാളിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ.ഡാനിയൽ അദ്ധ്യക്ഷത വഹിക്കും. ഡോ. കെ. രാജഗോപാലൻ അനുസ്മരണം ഡി.എം.ഒ എഫ്. അസുന്തമേരി നിർവഹിക്കും. ചീഫ് മെഡിക്കൽ ഓഫീസർ എ. അഭിലാഷ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ, സെക്രട്ടറി കെ. പ്രസാദ്, എച്ച്.എം.സി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ഡോ. പി.കെ. ഗോപൻ സ്വാഗതവും ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ആർ. സനൽ കുമാർ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |