കൊല്ലം: എക്സൈസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ ചെന്നൈ എഗ്മോർ- കൊല്ലം അനന്തപുരി എക്സ് പ്രസ് ട്രെയിനിന്റെ എസ്- 3 കമ്പാർട്ട്മെന്റിൽ ഒളിപ്പിച്ച നിലയിൽ 20 കിലോ കഞ്ചാവ് പിടികൂടി. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി. റോബർട്ട്, റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് ഇൻസ്പെക്ടർ രജനി നായർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മൂന്ന് ഷോൾഡർ ബാഗുകളിലായി പേപ്പറിൽ പൊതിഞ്ഞു സെലോ ടേപ്പ് ചുറ്റി 11 പാക്കറ്റുകളായി ഒതുക്കം ചെയ്ത നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ബാഗിൽ നിന്ന് രണ്ട് സിം കാർഡുകളും കണ്ടെത്തി. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു.
ഈ മാസം ഇത് രണ്ടാം തവണയാണ് ഇങ്ങനെ കഞ്ചാവ് പിടികൂടുന്നത്. കഴിഞ്ഞ 5ന് ട്രെയിനിൽ നിന്ന് 10 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഒപ്പം ആളില്ലാതെ എത്തുന്ന ഇവ സുരക്ഷിതമായി എടുത്തുമാറ്റാൻ പലേടത്തും ആളുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് എക്സൈസ്. കഞ്ചാവ് കൃഷി ചെയ്യുന്ന ആന്ധ്രാപ്രദേശിൽ ഇപ്പോൾ വിളവെടുപ്പ് സമയമാണെന്നും ഈ സീസണിൽ വളരെ കുറഞ്ഞ വിലയ്ക്കും വലിയ അളവിലും ലഭ്യമാകുന്നത് കഞ്ചാവ് കടത്ത് കൂടാൻ കാരണമായേക്കുമെന്ന കണക്കുകൂട്ടലിലാണ് എക്സൈസ് അധികൃതർ.
കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.രാജു, പ്രിവന്റീവ് ഓഫീസർ ബി. ഉണ്ണിക്കൃഷ്ണ പിള്ള ,സിവിൽ എക്സൈസ് ഓഫീസർമാരായ ജെ. ജോജോ, ബി. ജയകൃഷ്ണൻ, ബി. സുനിൽകുമാർ, ശ്യാംകുമാർ, ഷീജാകുമാരി, സരിത, ചടയമംഗലം റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി. ദിനേശ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ്, ഹരികൃഷ്ണൻ, റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ആർ.എസ്. രഞ്ജു, ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജി. സുരേഷ്, മനു, കർമചന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾ സന്തോഷ് കുമാർ, സി.പി.ഒമാരായ അമൽ, ഷാൻ, മാശ്, നന്ദൻ, ബർണബാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
രണ്ടു കിലോ കഞ്ചാവുമായി പിടിയിൽ
കൊല്ലം: ചില്ലറ വില്പനയ്ക്കായി കൈവശം വച്ച രണ്ടുകിലോഗ്രാം കഞ്ചാവുമായി യുവാവിനെ കൊട്ടാരക്കര എക്സൈസ് പിടികൂടി. കൊട്ടാരക്കര ഇളമാട് കൈതയിൽ ഭാഗത്ത് നിന്നു കൊട്ടാരക്കര വെളിനല്ലൂർ കൊല്ലംവിള വിശാഖം വീട്ടിൽ താമസിക്കുന്ന സജിനെയാണ് (22) ഇന്നലെ കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ. സഹദുള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ ജോലി ചെയ്യുന്ന കൈതയിൽ ഭാഗത്തുള്ള കോഴി ഫാം കേന്ദ്രീകരിച്ച് ചെറുപൊതികളാക്കി വില്പന നടത്തുന്നതിയിരുന്നു രീതി. തുണി സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കഞ്ചാവിന് വിപണിയിൽ ഒരു ലക്ഷം രൂപയോളം വില വരുമെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എ. ഷഹാലുദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി. നഹാസ്, ദിലീപ്കുമാർ, അനിൽകുമാർ, കെ.ആർ. കൃഷ്ണരാജ് എന്നിവരുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |