പരിശോധനയ്ക്കെത്തിയ കേന്ദ്രസംഘത്തിന് സംതൃപ്തി
കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള ധനസഹായ വിതരണം ജില്ലയിൽ 96.98 ശതമാനം പൂർത്തിയായി. ഇതുവരെ 28.57 കോടി രൂപ വിതരണം ചെയ്തു. ധനസഹായ വിതരണം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലയിലെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. ശേഷിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ഈമാസം 31ന് മുമ്പ് വിതരണം ചെയ്യും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. പി. രവീന്ദ്രൻ, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ജോ. ഡയറക്ടർ ഡോ. സംകേത് കുൽക്കർണി എന്നിവരാണ് വിലയിരുത്തൽ നടത്തിയത്. അപേക്ഷകൾ, അവ പരിഗണിക്കുന്ന രീതി, ധനസഹായം, വിതരണസംവിധാനം, ഓൺലൈൻ സംവിധാനങ്ങൾ എന്നിവ പരിശോധിച്ചു. ചിട്ടയായ പ്രവർത്തനങ്ങളാണെന്ന് കണ്ടെത്തി. 6264 കോവിഡ് മരണങ്ങളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ധനസഹായത്തിനായി 5964 അപേക്ഷകൾ ലഭിച്ചു. 5784 എണ്ണം തീർപ്പാക്കി.
രണ്ട് വിഭാഗങ്ങളിലായി പ്രവർത്തനം
1. കൊവിഡ് മരണം നിർണയിക്കുന്ന കമ്മിറ്റി, ധനസഹായവിതരണം എന്നിങ്ങനെയാണ് പ്രവർത്തനം
2. റവന്യൂ വകുപ്പിന്റെ റിലീഫ് വെബ് പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്
3. ആശാവർക്കർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ ഫീൽഡ് പരിശോധ നടത്തും
4. തുടർന്ന് വില്ലേജ് ഓഫീസർ അപേക്ഷ പരിശോധിച്ച് കളക്ടർക്ക് ഓൺലൈനായി സമർപ്പിക്കും
5. വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനയ്ക്കുശേഷം 50000 രൂപ ധനസഹായം നൽകും
6. ഇ - ട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ തുക അവകാശിയുടെ അക്കൗണ്ടിൽ ലഭിക്കും
30 ദിവസത്തിനുള്ളിലുള്ളതും
കൊവിഡ് മരണം
സുപ്രീം കോടതി നിർദ്ദേശപ്രകാരം കൊവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ സംഭവിച്ച മരണവും കൊവിഡ് മരണമായി കണക്കാക്കും. മരണങ്ങൾ അതാത് ദിവസം തന്നെ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കുന്നതിന് ആശാവർക്കർമാർ/ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അക്ഷയ സെന്റർ/ വില്ലേജ് ഓഫീസ് വഴി അവകാശികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിലും ഒരാൾ അപേക്ഷിച്ചാൽ മതിയാകും. ഒപ്പം നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം നൽകണം. ബന്ധപ്പെട്ട തർക്കങ്ങൾ തഹസിൽദാർ /വില്ലേജ് ഓഫീസർ വഴി പരിഹരിക്കും.
മരിച്ചവർ കൂടുതൽ 60നും
80നും ഇടയിലുള്ളവർ
ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ പകുതിയിലേറെയും 60 വയസിനും 80നും ഇടയിൽ പ്രായുള്ളവരാണ്. ആകെ മരണങ്ങളുടെ 27.22 % ശതമാനവും 60നും 69നും ഇടയിൽ പ്രായമുള്ളവരാണ്. 26.90% 70നും 79നും ഇടയിലുള്ളവരാണ്.
പ്രായവും മരണനിരക്കും
0-9- 0.20 %
10-19- 0.12 %
20-29- 0.73 %
30-39- 2.43 %
40-49- 6.17 %
50-59- 15.78 %
60-69- 27.22 %
70-79- 26.90 %
80-89- 17.08 %
90-99- 3.12 %
100-109- 0.24 %
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |