കൊല്ലം: ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ജനം ഒഴുകിയെത്തിയതോടെ കൊല്ലം ബീച്ച് ജനസാഗരമായി. ബീച്ചിലേക്കുള്ള റോഡുകളിലെല്ലാം വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. വൈകിട്ട് അഞ്ച് മുതൽ ഇവിടേക്കുള്ള പ്രധാന റോഡുകളിലെല്ലാം പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഇടറോഡുകളിലൂടെ ജനം ഒഴുകി എത്തുകയായിരുന്നു.
കുടുംബസമേതം എത്തിയവരുടെ തിരക്കായിരുന്നു ഏറെയും. കച്ചവടവും ഉഷാറായി. ബീച്ച് പരിസരത്തിന് പുറമേ വാടി റോഡ്, മുണ്ടയ്ക്കൽ പാലം റോഡ്, എച്ച് ആൻഡ് സി റോഡ്, ചിന്നക്കട റോഡ് എന്നിവിടങ്ങളെല്ലാം നിറഞ്ഞു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും കുരുങ്ങി മുറുകി. സമീപകാലത്ത് ആദ്യമായാണ് ബീച്ചിൽ ഇത്രയധികം തിരക്കുണ്ടാകുന്നത്.
അഡ്വഞ്ചർ പാർക്ക്, താന്നി ബീച്ച് എന്നിവിടങ്ങളിലും വൻ തിരക്കായിരുന്നു. ബീച്ചിൽ എത്താൻ കഴിയാത്തവർ കൂട്ടത്തോടെ താന്നി ബീച്ചിലേക്കെത്തി. തങ്കശ്ശേരിയിലും വൻ തിരക്ക് അനുഭവപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |