SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.06 AM IST

വിസ്മയയ്ക്ക് നീതി കിട്ടുമോ? വിധിദിനം ഇന്ന്

vismaya

കൊല്ലം: സ്ത്രീധനം ആവശ്യപ്പെട്ടുള്ള ക്രൂര പീഡനങ്ങൾ സഹിക്കാനാകാതെ ആത്മഹത്യയിൽ അഭയം പ്രാപിച്ച ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയ്ക്ക് നീതി കിട്ടുമോയെന്ന് ഇന്നറിയാം.

വിസ്മയയുടെ മരണം ദേശീയ തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ നാടൊന്നാകെ വിധി എന്താകുമെന്ന് ആകാംഷ

യിലാണ്.

പ്രതിഭാഗം വാദം

ഫോൺ സംഭാഷണങ്ങൾ തെളിവായി അംഗീകരിക്കാൻ പറ്റില്ല. വിസ്മയയുടെ വീട്ടുകാർ നൽകിയ കാർ സ്ത്രീധനമല്ല, വിവാഹസമ്മാനമായിരുന്നു. വിസ്മയയുടെ ഫോൺ സംഭാഷണങ്ങൾ സഹതാപം പിടിച്ചുപറ്റാനുള്ള അടവായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം രാത്രി വിസ്മയയ്ക്ക് ആർത്തവം സംഭവിച്ചു. ഇതോടെ കുട്ടികളുണ്ടാകില്ലെന്ന വിഷമത്തിലായിരുന്നു ആത്മഹത്യ.

പ്രോസിക്യൂഷൻ വാദം

സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാർ വിവാഹമാർക്കറ്റിൽ തനിക്ക് വൻ വിലയാണെന്ന ധാരണയിലായിരുന്നു. കിരൺകുമാറിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത നേരത്തെ റെക്കാഡ് ചെയ്തിരുന്ന ഫോൺ സംഭാഷണങ്ങൾ ഇതിന്റെ തെളിവാണ്. വിവാഹത്തിന് മുമ്പ് തന്നെ പ്രത്യേക കളറുള്ള വാഗണർ കാർ താൻ ആവശ്യപ്പെട്ടിരുന്നതായി കിരണിന്റെ തന്നെ ഫോൺ സംഭാഷണമുണ്ട്. കാർ സമ്മാനമായിരുന്നെങ്കിൽ അതിന്റെ കുറവുകളെക്കുറിച്ച് പറഞ്ഞ് വിസ്മയെയും ബന്ധുക്കളെയും അധിക്ഷേപിക്കുമായിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ വിസ്മയയുടെ ബാല്യകാലസുഹൃത്ത് വിദ്യയുടെയും വിസ്മയയുടെ മാതാവിന്റെ ഫോണുകളിൽ നിന്നും ലഭിച്ച സംഭാഷണങ്ങളിൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള കിരൺകുമാറിന്റെ നിരന്തര പീഡനത്തെക്കുറിച്ചും ശാരീരിക ഉപദ്രവങ്ങളെക്കുറിച്ചും പറയുന്നു.

ആത്മഹത്യ ചെയ്ത ദിവസം വിസ്മയയ്ക്ക് ആർത്തവം സംഭവിച്ചിട്ടില്ലെന്നാണ് ശാസ്ത്രീയ പരിശോധന ഫലം. കുട്ടികളുണ്ടാകാത്തതാണ് ആത്മഹത്യയുടെ കാരണമെന്ന് കിരൺകുമാറിന്റെ ബന്ധുക്കൾ മരണത്തിന്റെ സമീപദിവസങ്ങളിൽ വിവരങ്ങളന്വേഷിച്ച മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിട്ടില്ല.

കിരൺകുമാറിനെതിരായ മറ്റ് തെളിവുകൾ

 സ്ത്രീധനത്തർക്കം സംബന്ധിച്ച ഫോൺ സംഭാഷണങ്ങൾ

 കാറിൽ വച്ച് സ്ത്രീധനത്തെചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വിസ്മയ അഭയം പ്രാപിച്ച ചിറ്റുമലയിലെ വീട്ടുടമസ്ഥയുടെ മൊഴി

 സ്ത്രീധനത്തിന്റെ പേരിൽ കിരൺകുമാറും വിസ്മയയുടെ വീട്ടുകാരും തമ്മിൽ സംഘർഷം നടന്നുവെന്ന് അയൽവാസിയുടെ മൊഴി

 കിരണിന്റെ പീഡനങ്ങളെക്കുറിച്ച് സഹോദരഭാര്യയ്ക്കും കൂട്ടുകാരിക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ


മാസങ്ങൾക്ക് ശേഷം പൊങ്ങിയ ആത്മഹത്യാകുറിപ്പ്

വിസ്മയ ആത്മഹത്യ ചെയ്ത ദിവസം പൊലീസ് മുറിയാകെ തെരഞ്ഞെങ്കിലും ആത്മഹത്യാ കുറിപ്പ് കിട്ടിയിരുന്നില്ല. പക്ഷേ വിചാരണ വേളയിൽ കിരൺകുമാറിന്റെ പിതാവ് സദാശിവൻപിള്ള 'തന്റെ മരണത്തിൽ ആർക്കും പങ്കില്ല' എന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചതായി പറഞ്ഞു. ഈ കത്ത് അപ്പോൾ തന്നെ ശൂരനാട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പക്ഷെ പൊലീസ് കത്ത് തെളിവായി സ്വീകരിച്ചില്ല. അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാണ് മാദ്ധ്യമ പ്രവർത്തകരോട് ആത്മഹത്യാ കുറിപ്പിനെക്കുറിച്ച് നേരത്തെ പറയാതിരുന്നതെന്നായിരുന്നു സദാശിവൻ പിള്ളയുടെ മൊഴി.

ഇന്നുതന്നെ ശിക്ഷ വിധിച്ചേക്കും

സാധാരണ പ്രതി കുറ്റക്കാരാനാണോ അല്ലയോ എന്ന് വിധിച്ച ശേഷം പിന്നീടൊരു ദിവസമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക. എന്നാൽ കേസ് പരിഗണിക്കുന്ന കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.എൻ. സുജിത്തിന് കോട്ടയത്തേക്ക് സ്ഥലം മാറ്റമാണ്. അതുകൊണ്ട് തന്നെ വിസ്മയ കേസിലെ ശിക്ഷ ഇന്നുതന്നെ വിധിക്കാൻ സാദ്ധ്യതയുണ്ട്.

ദേഷ്യം വന്നാൽ എന്നെ അടിക്കും.

മിനിഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി,

കുറേ അടിച്ചു.

ഞാൻ ആരോടും ഒന്നും പറഞ്ഞില്ല.

അടികൊണ്ട് കിടന്നപ്പോൾ,

കാലുകൊണ്ട് മുഖത്ത് ചവിട്ടി.

(വിസ്മയ കൂട്ടുകാരിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം)

നാൾവഴി

2019 മേയ് 3 - കിരൺകുമാറും വിസ്മയയും തമ്മിലുള്ള വിവാഹം

2020 ആഗസ്റ്റ് 29 - ചിറ്റുമലയിൽ റോഡിൽ വച്ച് കിരൺകുമാറും വിസ്മയയും തമ്മൽ സ്ത്രീധന തർക്കം

2021 ജനുവരി 3 - വിസ്‌മയയുടെ നിലമേലുള്ള വീട്ടിൽ വച്ച് സ്ത്രീധന തർക്കം 2021ജൂൺ 21 പുലർച്ചെ 2 - വിസ്മയ കിരൺകുമാറിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു

2021 ജൂൺ 21ന് രാത്രി 8.30 - കിരൺകുമാർ ശൂരനാട് സ്റ്റേഷനിൽ കീഴടങ്ങി

2021 സെപ്തംബർ 10 - കുറ്റപത്രം സമർപ്പിച്ചു.

2022 ജനുവരി 10 - വിചാരണ ആരംഭിച്ചു

2022 മേയ് 18 - കേസിൽ വാദം പൂർത്തിയായി

കിരൺകുമാറിന്റെ പേരിൽ ചുമത്തിയിട്ടുള്ള എല്ലാ കുറ്റങ്ങൾക്കുമുള്ള തെളിവുകൾ കോടതിയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് എല്ലാ കുറ്റങ്ങൾക്കുമായി പരമാവധി ശിക്ഷയാണ് പ്രതീക്ഷിക്കുന്നത്.

അഡ്വ. ജി. മോഹൻകുമാർ

സ്പെഷ്യൽ പ്രോസിക്യൂട്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.