SignIn
Kerala Kaumudi Online
Thursday, 25 April 2024 12.02 PM IST

വൈദ്യശാസ്ത്രരംഗത്തെ റോബോട്ടുകൾ ഭാവിയിലെ ഡോക്ടർമാർ

robort-

ഈ കഴിഞ്ഞമാസം, ഡെൻമാർക്കിലെ കോപ്പൻഹേഗിൽ ഒരു അന്താരാഷ്ട്ര കോൺഫറൻസ് നടന്നു. ഇതിൽ റേഡിയേഷൻ ഓങ്കോളജിസ്റ്റുകൾ, മെഡിക്കൽ ഭൗതികശാസ്ത്രജ്ഞന്മാർ, റേഡിയേഷൻ തെറാപ്പിസ്റ്റുകൾ, എന്നിവർക്ക് പുറമേ വ്യവസായ പ്രമുഖരും ഓങ്കോളജി ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്നവരും പങ്കെടുത്തിരുന്നു. കാൻസർ നിർണ്ണയിക്കാനും ചികിത്സിക്കാനും വരാതിരിക്കാനുമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഔഷധശാഖയാണ് ഓങ്കോളജി. ഇത് പരിശീലിക്കുന്ന ഡോക്ടർമാരെ ഓങ്കോളജിസ്റ്റ് എന്ന് വിളിക്കും. ഈ കോൺഫറൻസിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് ഇതായിരുന്നു, ഭാവിയിലെ റേഡിയേഷൻ തെറാപ്പിയിൽ റോബോട്ടിക്‌സിന്റെ പങ്ക് എന്തായിരിക്കണം. ഒരു സാങ്കേതികവിദ്യ എന്ന നിലയിൽ സർജിക്കൽ റോബോട്ടിക്സ് ഇപ്പോൾ വൈദ്യശാസ്ത്രത്തിൽ അതിന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കാരണം, അത്യാധുനിക റോബോട്ടിക് ഉപകരണങ്ങൾക്ക് സങ്കീർണ്ണമായ പ്രശ്നങ്ങൾ കൂടുതൽ കൃത്യതയോടെയും കാര്യക്ഷമതയോടെയും നിരവധി വെല്ലുവിളികൾ മറികടന്ന് കൂടുതൽ പ്രയോജനത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ട്; ഇപ്പോൾ.

ആദ്യത്തെ ശസ്ത്രക്രീയ റോബോട്ട്

കാൻസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടോ, ഇല്ലയോ എന്ന് പരിശോധിക്കാനായി സൂചി ഉപയോഗിച്ചോ ശസ്ത്രക്രിയയിലൂടെയോ ശരീരത്തിൽനിന്ന് ടിഷ്യൂകളുടെയോ, ചില കോശങ്ങളുടേയോ, ദ്രാവകങ്ങളുടെയോ സാമ്പിൾ ശേഖരിക്കുന്നതിനെയാണ് ബയോപ്സി എന്നു പറയുന്നത്. ബയോപ്സിക്കായി ഒരിക്കൽ തലച്ചോറിലേക്ക് സൂചി കയറ്റിയപ്പോൾ, കൈവിറയൽ കാരണം കുഴപ്പമുണ്ടായി. അന്നാണ് ആദ്യമായി മെഡിക്കൽ രംഗത്ത് റോബോട്ടിനെ ഉപയോഗിച്ചത്. പുമാ-560, ആദ്യത്തെ ശസ്ത്രക്രിയ റോബോട്ട്. 1985 ൽ ബയോപ്സിക്കായി ഉപയോഗിച്ചു. അനാവശ്യമായ ചലനങ്ങൾ ഇല്ലാതാക്കുന്നതിനും ശസ്ത്രക്രിയ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനുമായിരുന്നു. അമേരിക്കയിലെ കാലിഫോർണിയയിലെ ലോംഗ്ബീച്ച് മെമ്മോറിയൽ മെഡിക്കൽ സെന്ററിലാണ് ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയ നടന്നത്. 1988 ൽ ലണ്ടനിലെ ഇംപീരിയൽ കോളേജിൽ വികസിപ്പിച്ചെടുത്ത പ്രോബോട്ട്, പ്രോസ്റ്റേറ്റ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച റോബോട്ടാണ്. പുരുഷന്മാരിൽ മാത്രം കാണുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസം കാരണം മൂത്രം ഒഴിക്കാൻ കഴിയാത്ത അവസ്ഥയിലെത്തുമ്പോൾ നടത്തുന്ന ശസ്ത്രക്രിയയാണ് പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ.

വിവിധതരം റോബോട്ടുകളും

ഡാവിഞ്ചി ശസ്ത്രക്രിയയും


റോബോട്ടുകളുടെ സഹായത്താൽ ഡോക്ടർമാരെ ഓപ്പറേഷൻ ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് ഡാവിഞ്ചി ശസ്ത്രക്രിയ. 64 രാജ്യങ്ങളിലായി ഇത്തരം സംവിധാനങ്ങൾ 3600 ൽ അധികമുണ്ട്. ജീവനക്കാരുടെ കുറവും വെല്ലുവിളികളെ നേരിടാനും ആശുപത്രിമുറികൾ അണുവിമുക്തമാക്കാനും രോഗാണുക്കളുടെ സമ്പർക്കം കാരണം മനുഷ്യർക്ക് രോഗം പകരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന റോബോട്ടുകളാണ് സോഷ്യൽ റോബോട്ടുകൾ. വേഗതയും കൃത്യതയും കൈവരിക്കാൻ ശസ്ത്രക്രിയ വിദഗ്ദ്ധരെ സഹായിക്കുന്ന റോബോട്ടുകളാണ് സർജിക്കൽ അസിസ്റ്റന്റ് റോബോട്ടുകൾ. മസ്തിഷ്ക്കത്തിനോ, നട്ടെല്ലിനോ, പരിക്കേറ്റ രോഗികളെ ദിവസേന ജോലികൾ ചെയ്യുന്നതിന് സഹായിക്കാനും മനുഷ്യന്റെ കണ്ണിനെക്കാൾ കൃത്യതയോടെ രോഗികളുടെ പുരോഗതി മനസ്സിലാക്കാനും ഉപയോഗിക്കുന്ന റോബോട്ടുകളാണ് മോഡുലാർ റോബോട്ടുകൾ. കൊവിഡ്-19 പോലുള്ള പകർച്ചവ്യാധി പിടിപെട്ടിട്ടുള്ളവരെ ശുശ്രൂഷിക്കുന്ന സ്റ്റാഫിനെ സഹായിക്കുന്ന റോബോട്ടുകളാണ് സ്വയംഭരണ റോബോട്ടുകൾ. ആരോഗ്യപ്രവർത്തകരുടെ ഭാരം ഒഴിവാക്കാൻ സജ്ജമാക്കിയുള്ളവയാണ് സേവന റോബോട്ടുകൾ. വിദൂരശസ്ത്രക്രിയ അഥവാ ടെലിസർജറിക്കും റോബോട്ടിനെ ഉപയോഗിക്കുന്നുണ്ട്. ന്യൂയോർക്കിലിരുന്നുകൊണ്ട് രണ്ടു ഡോക്ടർമാർ ഫ്രാൻസിലെ സ്ട്രാസ്ബർഗിലെ ഒരു രോഗിയിൽനിന്ന് പിത്തസഞ്ചി നീക്കം ചെയ്തു, റോബോട്ടിന്റെ സഹായത്താൽ. ബഹിരാകാശ യാത്രികർക്ക് വേണ്ടി മിനഞ്ഞെടുത്തതാണ് റോബോട്ട് ഉപയോഗിച്ചുള്ള ടെലിസർജറി.

മൈക്രോറോബോട്ടുകൾ

ഒരു മില്ലിമീറ്ററിന് താഴെ അളവുള്ള റോബോട്ടുകളാണ് മൈക്രോറോബോട്ടുകൾ. ഹൃദയധമനികളിൽ അടിഞ്ഞുകിടക്കുന്ന കൊഴുപ്പ്, കൊളസ്ട്രോൾ തുടങ്ങിയവ നീക്കം ചെയ്യാൻ മൈക്രോറോബോട്ടുകളെ രക്തക്കുഴലിലേക്ക് കടത്തിവിടും. സങ്കീർണ്ണമായ രക്തക്കുഴലിനുള്ളിൽ ആവശ്യമുള്ള സ്ഥലത്ത് ഈ മൈക്രോറോബോട്ടുകളെത്തി എല്ലാവിധ ബ്ലോക്കുകളും തൂത്ത് തുടച്ച് വൃത്തിയാക്കും.

2055 ഓടെ ഡോക്ടർമാരുടെ സ്ഥാനത്ത് മിക്കതിലും റോബോട്ടുകൾ നിലയുറപ്പിക്കുമെന്ന് വാദിക്കുന്നവരാണ് ഭൂരിപക്ഷം. പക്ഷേ, രോഗികളോട് സഹാനുഭൂതി പ്രകടിപ്പിക്കാനും ഓരോ രോഗത്തിനും രോഗികളുടെ ജീവിതരീതിയും സ്വഭാവവും അനുസരിച്ച് മനുഷ്യഡോക്ടർമാർ തിരഞ്ഞെടുക്കുന്ന ചെലവുകുറഞ്ഞ വ്യത്യസ്ത ചികിത്സാരീതികൾ കണ്ടുപിടിക്കാനും റോബോട്ടുകൾക്ക് കഴിയുമോ എന്ന് സംശയിക്കുന്നവരും കുറവല്ല. ഇതിൽ ആര് വിജയിക്കുമെന്ന് കാത്തിരുന്നുകാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.