SignIn
Kerala Kaumudi Online
Thursday, 25 April 2024 8.54 PM IST

കോട്ടാത്തലയിൽ കാടുകേറി നശിച്ച് കൽമണ്ഡപം

photo
കോട്ടാത്തലയിലെ തകർച്ചയിലായ കൽമണ്ഡപം

കൊല്ലം: അധികൃതരുടെ അവഗണനയിൽ തകർന്ന കോട്ടാത്തല കൽമണ്ഡപം കാടുമൂടാനും തുടങ്ങുന്നു.

വായനശാല വളപ്പിലെ ആൽമരത്തിന്റെ കൊമ്പ് നിലംപൊത്തിയപ്പോഴാണ് മണ്ഡപത്തിന്റെ മേൽക്കൂര തകർന്നത്. ആൽമരം പിന്നീട് കടപുഴകി വീണത് കുറേശെ കത്തിച്ച് നീക്കുകയായിരുന്നു. എന്നാൽ മണ്ഡപത്തിന്റെ മേൽക്കൂരയുടെ തകർന്നത് ആരും തിരിഞ്ഞ് നോക്കിയില്ല. അറ്റകുറ്റപ്പണി നടത്തി പൊട്ടിയ ഓടുകൾ മാറിയാൽ തീരാവുന്ന ജോലികളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇക്കാര്യത്തിന് മുന്നിട്ടിറങ്ങാൻ ആരുമുണ്ടായില്ല. മൈലം പഞ്ചായത്തിന്റെയും പുരാവസ്തു വകുപ്പിന്റെയും അധികൃതർ സ്ഥലം സന്ദർശിച്ചുപോയതല്ലാതെ നാളിതുവരെ പരിഹാരമുമുണ്ടായില്ല. മേൽക്കൂര തകർന്നിട്ട് രണ്ട് വർഷമായി. ഇനി അറ്റകുറ്റപ്പണി നടത്തിയിട്ട് കാര്യമില്ല. മേൽക്കൂര മൊത്തത്തിൽ പൊളിച്ച് പുനർ നിർമ്മിക്കണം.

മന്ത്രി കാണുന്നുണ്ടോ കൽമണ്ഡപത്തിന്റെ ദുരിതം

നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കോട്ടാത്തല കൽമണ്ഡപത്തിന് പ്രാധാന്യമുണ്ടായിരുന്നു. ഇടത് മുന്നണി സ്ഥാനാർത്ഥിയായ കെ.എൻ.ബാലഗോപാൽ വോട്ടുതേടിയെത്തിയപ്പോൾ മണ്ഡപത്തിലിരുന്ന് വോട്ടർമാരോട് വർത്തമാനം പറഞ്ഞതൊക്കെ വലിയ വാർത്തയായി. സ്ഥാനാർത്ഥി ജയിച്ച് എം.എൽ.എയും മന്ത്രിയുമായിട്ടും മണ്ഡപത്തിന്റെ തകർച്ച മാറിയില്ല.

പഴമയുടെ സ്മാരകം

കോട്ടാത്തല ജനത വായനശാല അങ്കണത്തിലാണ് പഴമയുടെ കൽമണ്ഡപമുള്ളത്. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് നിർമ്മിച്ചതാണെന്നാണ് പറയപ്പെടുന്നത്. അടിസ്ഥാനവും തൂണുകളും മുകളിൽ ഉത്തരമായി സ്ഥാപിച്ചിരിക്കുന്നതും കരിങ്കല്ലാണ്. മണ്ഡപത്തിന്റെ നാല് തൂണുകളിലും രാജാവിനെയും രാജ്ഞിയെയും ഗണപതിയെയും മഹാലക്ഷ്മിയെയും കൊത്തിയൊരുക്കിയിട്ടുണ്ട്. മേൽക്കൂരയിൽ ഓട് പാകിയതാണ്. നാട്ടുകൂട്ടം കൂടിയിരുന്നതും ഈ കൽമണ്ഡപത്തിലാണെന്ന് പറയപ്പെടുന്നു.

വായനശാലയും അവഗണനയിൽ

ജനത വായനശാലയും അവഗണനയിലാണ്. 1954 ജൂലായ് 31ന് രജിസ്ട്രേഷൻ ലഭിച്ച വായനശാലയാണ് വികസനവഴി തുറക്കാതെ ഗതികേടിലായത്. പതിറ്റാണ്ടുകൾക്ക് മുൻപ് ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാലകളിലൊന്നായിരുന്നു കോട്ടാത്തല ജനതാ വായനശാല. പഴയകെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയാൻ നിയമക്കുരുക്കുകൾ അനുവദിച്ചില്ല. ഇതോടൊപ്പം ബ്ളോക്കിന്റെ വയോജന ക്ളബ്ബും തപാൽ ഓഫീസും പ്രവർത്തിക്കുന്നുണ്ട്.

നാടിന്റെ പൈതൃക സ്മാരകമാണ് കൽമണ്ഡപം. അത് സംരക്ഷിക്കപ്പെടണം. കൂട്ടായ പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിൽ വേണ്ടത്.

(ടി.ശ്രീകുമാർ, പൊതുപ്രവർത്തകൻ)

മണ്ഡപം സംരക്ഷിക്കണമെന്നത് പൊതു ആവശ്യമാണ്. ഇനിയും വൈകിയാൽ മണ്ഡപം നിലംപൊത്തും. അടിയന്തരമായി മണ്ഡപത്തിന്റെ നവീകരണത്തിനായി വേണ്ടുന്ന ഇടപെടൽ നടത്തും.

എസ്.അരവിന്ദ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, കോട്ടാത്തല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.