കൊല്ലം: മാലിന്യസംസ്കരണ രംഗത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വ ഗ്രേഡിംഗ് വരുന്നു. ഖര മാലിന്യ പരിപാലനം ശാസ്ത്രീയമായി നടപ്പാക്കുന്നതിന് സർക്കാർ നിർദേശിച്ച പ്രവർത്തന ഘടകങ്ങളാണ് വിലയിരുത്തുക. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ആകെ രൂപപ്പെടുന്ന ജൈവ, അജൈവ മാലിന്യത്തിന്റെ അളവ്, ശേഖരിക്കുന്ന അളവ്, കൈകാര്യം ചെയ്യൽ, മാലിന്യ സംസ്കരണ സൗകര്യങ്ങളും ഗുണനിലവാരവും പരിപാലനവും എന്നിവയെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ.
പൊതുടോയ്ലെറ്റുകളുടെ ശുചിത്വവും പരിശോധിക്കും. ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ജില്ലാ തലത്തിൽ ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്ററുമായ കൺവീനർമാരും ഹരിതകേരള മിഷൻ കോ ഓർഡിനേറ്ററും അടങ്ങുന്ന സമിതിയാണ് പ്രവർത്തന മികവ് പരിശോധിക്കുക.
കളക്ടറാണ് ജില്ലാ ശുചിത്വ ഗ്രേഡിംഗ് സമിതിയുടെ അദ്ധ്യക്ഷൻ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറായിരിക്കും സംസ്ഥാന തലത്തിലെ സൂപ്പർ ചെക്കിംഗ് ടീമിന്റെ ചെയർമാൻ. പരിശോധനാ സംഘങ്ങൾ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനം നേരിട്ട് സന്ദർശിച്ചാകും മാർക്കിടുക. ഇവർക്ക് കില മുഖേന പരിശീലനവും നൽകും. 150 മാർക്കാണ് ആകെ നിശ്ചയിച്ചിട്ടുള്ളത്.
ശേഖരിക്കുന്ന വിവരങ്ങൾ
1. പൊതുവിവരങ്ങൾ (ചന്തകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ)
2. അടിസ്ഥാന വിവരങ്ങൾ (ജൈവ, അജൈവ മാലിന്യ ശേഖരണം, ഉറവിട സംസ്കരണം)
3. വീടുകൾ, പൊതുവിടങ്ങളിൽ രൂപപ്പെടുന്ന ആകെ മാലിന്യം
4. ഹരിതകർമ്മ സേനയുടെ പ്രവർത്തനം
5. മാലിന്യ സംസ്കരണ നിയമ നടപടികൾ
6. മാലിന്യ അളവ് കുറയ്ക്കാനുള്ള പ്രവർത്തനം
7. മാലിന്യക്കൂനകൾ, പൗൾട്രി മാലിന്യ സംസ്കരണം
8. ജലാശയങ്ങളുടെ ശുചിത്വം, ബോധവത്കരണം
ഗ്രേഡിംഗ് മാർക്ക്
എ ഗ്രേഡ് (പച്ച): 70 % മുകളിൽ
ബി ഗ്രേഡ് (മഞ്ഞ): 50 - 70 % ഇടയിൽ
സി ഗ്രേഡ് (ഓറഞ്ച്): 20 - 50 % ഇടയിൽ
ഡി ഗ്രേഡ് (ചുവപ്പ്): 20 % താഴെ
ഗ്രീൻ പ്ലസ് പദവി: വാതിൽപ്പടി പാഴ്വസ്തു ശേഖരണം സർക്കാർ കലണ്ടർ പ്രകാരം സാദ്ധ്യമാക്കുകയും, ഗ്രീൻ കാറ്റഗറിയിൽ ഉൾപ്പെടുകയും ചെയ്തവ
ശുചിത്വ ഗ്രേഡിംഗിലൂടെ പോരായ്മകൾ കണ്ടെത്തി ഫലപ്രദമായ ഇടപെടൽ നടത്താനാകും. ആറുമാസത്തിലൊരിക്കൽ തുടർവിലയിരുത്തൽ നടത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും ശുചിത്വ പദവിയിലെത്തിക്കുകയാണ് ലക്ഷ്യം.
തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |