പദ്ധതി നിർവഹണത്തിൽ ഏറ്റവും പിന്നിൽ
ചെലവഴിച്ചത് - 29.47 %
കൊല്ലം: അമൃത് പദ്ധതിയിൽ അനുവദിച്ച തുക ചെലവഴിക്കുന്നതിലും പദ്ധതി നിർവഹണത്തിലും പണികൾ പൂർത്തീകരിക്കുന്നതിലും കൊല്ലം കോർപ്പറേഷൻ ഏറ്റവും പിന്നിൽ.
ഞാങ്കടവ് കുടിവെള്ള പദ്ധതിയുൾപ്പെടെയുള്ള 59 പദ്ധതികളിൽ ഇതുവരെ പൂർത്തീകരിക്കാനായത് 45 എണ്ണം മാത്രം. പാർക്കുകൾ, ഫുട് ഓവർ ബ്രിഡ്ജുകൾ എന്നിവയുടെ പണിയാണ് പൂർത്തീകരിച്ചവയിൽ ഏറെയും. ഇവയാകട്ടെ ആർക്കും ഉപകരിക്കാതെ നോക്കുകുത്തികളാണ്. കോടികൾ ചെലവഴിച്ച് നിർമ്മിച്ച പാർക്കുകളിലൊന്നുപോലും തുറന്നിട്ടില്ല. ഇവ കാടുകയറി നശിക്കുകയാണ്.
2015ൽ ആരംഭിച്ച അമൃത് പദ്ധതിയിലൂടെ ജില്ലയ്ക്ക് ലഭിച്ചത് 311.72 കോടിരൂപയാണ്. എന്നാൽ ചെലവഴിച്ചത് വെറും 91.85 കോടിരൂപ മാത്രം. സംസ്ഥാനത്ത് പദ്ധതിയിലുൾപ്പെട്ട ആറ് കോർപ്പറേഷനുകളിലും മൂന്ന് നഗരസഭകളിലും കൊല്ലം ഒഴികെ മിക്കയിടത്തും പദ്ധതി നിർവഹണം പൂർത്തീകരണ ഘട്ടത്തിലാണ്.
2020 മാർച്ചിൽ പൂർത്തീകരിക്കുന്ന തരത്തിലാണ് പദ്ധതികൾ ആവിഷ്കരിച്ചതെങ്കിലും പലതും പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്.
വഴിമുടക്കി ജലവിഭവ വകുപ്പ്
1. ജലവിഭവ വകുപ്പ് നിർവഹണ ഏജൻസിയായ പ്രവൃത്തികളിൽ 24.85 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്
2. ഞാങ്കടവ് കുടിവെള്ള പദ്ധതിയിൽ നടന്നത് പൈപ്പിടൽ മാത്രം
3. കൊല്ലം എ.ആർ ക്യാമ്പിന് സമീപത്തെ റെയിൽവേ പാത മുറിച്ചുകടക്കേണ്ട പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികളും നീളുന്നു
4. വെട്ടിപ്പൊളിച്ച റോഡുകൾ മഴയിൽ തോടിന് സമാനം
5. 18 പ്രവൃത്തികളിലായി 253.62 കോടി രൂപയാണ് ജലവിഭവവകുപ്പിന് നൽകിയിട്ടുള്ളത്
6. ഇതിൽ 63.04 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്
അമൃത് പദ്ധതി
കുടിവെള്ളം, മാലിന്യസംസ്കരണം, നഗര ഗതാഗതം, ഓടകളുടെയും പാർക്കുകളുടെയും നിർമ്മാണം, നവീകരണം തുടങ്ങി അഞ്ചിന പദ്ധതികൾക്ക് 2015ൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്റാലയം രൂപീകരിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ് അമൃത് (അടൽമിഷൻ ഫോർ റെജുവിനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ). സംസ്ഥാനത്ത് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത് 6 കോർപ്പറേഷനുകളും 3 നഗരസഭകളുമാണ്.
പദ്ധതികൾ - എണ്ണം - അനുവദിച്ച തുക
ജലവിതരണം - 17 - ₹132.54 കോടി
മലിനജല സംരക്ഷണം - 03 - ₹125.52 കോടി
ഓട - 21 - ₹ 29.14 കോടി
നഗരഗതാഗതം - 11- ₹ 20.78 കോടി
പാർക്ക് - 07- ₹ 3.73 കോടി
ജില്ലയിലെ ആകെ പദ്ധതികൾ - 59
പൂർത്തിയായത് - 45
അനുവദിച്ചതുക - ₹ 311.72 കോടി
ടെണ്ടർ ചെയ്തത് - ₹ 294.67 കോടി
ചെലവഴിച്ചത് - ₹ 91.85 കോടി
ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കൂടുതൽ തുക അനുവദിച്ചിട്ടുള്ള പദ്ധതിയായതിനാലാണ് ചെലവഴിച്ച തുകയുടെ കണക്കുകളിൽ പിന്നിലായത്.
ജലവിഭവ വകുപ്പ്,
കൊല്ലം കോർപ്പറേഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |