കൊല്ലം: സംസ്ഥാനത്ത് കെ.എസ്.എഫ്.ഇയുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്റി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇരവിപുരത്ത് കെ.എസ്.എഫ്.ഇയുടെ സംസ്ഥാനത്തെ ആദ്യ മൈക്രോ ബ്രാഞ്ച് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷം കോടിയുടെ ഇടപാടും ആയിരം ബ്രാഞ്ചുകളും ലക്ഷ്യം വയ്ക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. ഇവ കൂടാതെ നിരവധി മൈക്രോ ബ്രാഞ്ചുകളും തുറക്കും. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കെ.എസ്.എഫ്.ഇയിൽ 900 പേരെ നിയമിച്ചു. 250 പേർക്ക് കൂടി ഉടൻ നിയമനം നൽകും. സർക്കാർ ഗ്യാരണ്ടിയാണ് സ്ഥാപനത്തിന്റെ വിശ്വാസ്യത. പ്രവർത്തന വിപുലീകരണം മലയാളിയുടെ സമ്പാദ്യശീലം വർദ്ധിക്കാൻ സഹായിക്കുമെന്നും ഇതര സംസ്ഥാനങ്ങളിൽ കൂടി കെ.എസ്.എഫ്.ഇയുടെ പ്രവർത്തനം ആരംഭിക്കനുള്ള ശ്രമം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. കോർപ്പറേഷൻ മേഖലയിൽ കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങുന്നത് പരിഗണിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. കെ.എസ്.എഫ്.ഇയുടെ പ്രവർത്തനം കൂടുതൽ ജനകീയവും ആധുനികവുമാക്കുമെന്ന് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ, കൗൺസിലർമാരായ വി.എസ്.പ്രിയദർശനൻ, ടി.പി.അഭിമന്യു, അസി. ജനറൽ മാനേജർ കെ.പി.പ്രമീള, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |