അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ ചെമ്പകരാമനല്ലൂർ മൂഴിയിൽ സ്വകാര്യ വ്യക്തി തന്റെ പുരയിടത്തിലെ കമ്പിവേലിയിലൂടെ വൈദ്യുതി കടത്തിവിട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഇത് സംബന്ധിച്ച് നാട്ടുകാർ സമീപവാസിയായ രാജൻ എബ്രഹാമിനെതിരെ അഞ്ചൽ പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച പകലാണ് വേലിക്ക് സമീപത്തുകൂടി പോയ ഒരു നായയെ ഷോക്കടിക്കുന്നത് ശ്രദ്ധയിൽ പെട്ടത് . ഉടൻതന്നെ നാട്ടുകാർ അഞ്ചൽ പൊലീസിലും അഞ്ചൽ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലും വിവരം അറിയിച്ചു. തുടർന്ന് അഞ്ചൽ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. സ്വകാര്യ വ്യക്തിയുടെ വയലിനോട് ചേർന്ന് ഔട്ട്ഹൗസിൽ നിന്നാണ് കമ്പിവേലിയിലേക്ക് വൈദ്യുതി കടത്തിവിട്ടത്. പന്നി ശല്യം ഒഴിവാക്കാനാണ് വൈദ്യുതി കടത്തിവിട്ടതെന്ന് രാജൻ എബ്രഹാം പറഞ്ഞു. കൂടുതൽ നടപടിക്കായി വൈദ്യുതി വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പടെയുളളവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് അസി. എൻജിനീയർ പറഞ്ഞു. അഞ്ചൽ പൊലീസും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |