SignIn
Kerala Kaumudi Online
Saturday, 20 April 2024 1.46 AM IST

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്ററുടെ തുഗ്ലക്ക് പരിഷ്കാരം

 ഭജനക്കുടിൽ ബുക്കിംഗ് ഇടിഞ്ഞു

കൊല്ലം: തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ നോക്കുകുത്തിയാക്കി അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന തുഗ്ലക്ക് പരിഷ്കാരങ്ങൾ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവ ഒരുക്കങ്ങളെ അവതാളത്തിലാക്കി.

വൃശ്ചികോത്സവം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ഭജനക്കുടിലുകളുടെ ബുക്കിംഗ് ഇടിഞ്ഞു. കച്ചവട സ്റ്റാളുകളുടെ ലേലത്തിലൂടെയുള്ള വരുമാനവും കുത്തനെ താഴ്ന്നു. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വൃശ്ചികോത്സവം ആചാരങ്ങളിലൊതുക്കിയാണ് സംഘടിപ്പിച്ചിരുന്നത്. കൊവിഡ് നിയന്ത്രണ വിധേയമായതോടെ ഇത്തവണ ലക്ഷങ്ങൾ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് അഡ്മിനിസ്ട്രേറ്റർ തുഗ്ലക്ക് പരിഷ്കാരങ്ങളുമായെത്തിയത്. ഭജനക്കുടിലുകൾ നറുക്കെടുപ്പിലൂടെ നൽകണമെന്നായിരുന്നു ഒന്നാമത്തെ മണ്ടൻ പരിഷ്കാരം. സാധാരണ ഒരു കുടുംബം തന്നെ ഒന്നിലധികം കുടിലുകൾ ബുക്ക് ചെയ്യും. ഒരു കുടിൽ ഭക്ഷണം പാകം ചെയ്യാനും രണ്ടാമത്തേത് തങ്ങാനും ഉപയോഗിക്കും. ഇങ്ങനെ ഒന്നിലധികം ബുക്ക് ചെയ്യുന്നവർക്കും, അവരുടെ ബന്ധുക്കൾക്കും മുൻകാലങ്ങളിൽ തൊട്ടടുത്ത് കുടിലുകൾ അനുവദിക്കും. നറുക്കെടുപ്പിൽ പല ഭാഗങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് വരുന്നതോടെ പലരും ഭജനക്കുടിൽ ബുക്കിംഗിൽ നിന്ന് പിന്മാറുന്ന സ്ഥിതിയായി. തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ ഭരണസമിതി ഇടപെട്ട് സമവായം ഉണ്ടാക്കി. പക്ഷേ ഭജനപാർക്കാനുള്ള തീരുമാനത്തിൽ നിന്ന് പലരും പിൻവാങ്ങി. 2019ൽ 970 ഭജനക്കുടിലുകൾ പോയിരുന്നിടത്ത് ഈ വർഷം ഇതുവരെ 240 കുടിലുകളുടെ ബുക്കിംഗ് മാത്രമാണ് നടന്നത്.

ലേല വരുമാനം കുത്തനെ ഇടിഞ്ഞു

2019ൽ 3.5 കോടിക്കാണ് പടനിലത്തെ കച്ചവട സ്റ്റാളുകൾ ലേലം പോയത്. എന്നാൽ ഈ വർഷം ഇതുവരെ 85 ശതമാനം സ്ഥലത്തെ കടമുറികളുടെ ലേലം പൂർത്തിയായിട്ടും ഒന്നരക്കോടി മാത്രമാണ് സമാഹരിച്ചത്. ഇനി അവശേഷിക്കുന്ന 15 ശതമാനത്തിന്റെ മൂന്നിലൊന്ന് സ്ഥലത്തിന് മാത്രമാണ് വാണിജ്യ പ്രാധാന്യമുള്ളത്. അതുകൊണ്ട് തന്നെ ലേല വരുമാനം രണ്ട് കോടിയിലൊതുങ്ങുന്ന അവസ്ഥയാണ്. അഡ്മിനിസ്ട്രേറ്ററുടെ മറ്റൊരു മണ്ടൻ പരിഷ്കാരമാണ് ഈ സ്ഥിതി സൃഷ്ടിച്ചത്. ക്ഷേത്രത്തിനുള്ളിൽ നിലവിലുള്ള റോഡിന് ഇരുവശവും കൂടുതൽ സ്ഥലം ഒഴിച്ചിടണമെന്നും ഒണ്ടിക്കാവിലേക്കുള്ള റോഡിന് ഇരുവശവും കച്ചവട സ്റ്റാളുകൾ അനുവദിക്കരുതെന്നുമുള്ള നിർദേശങ്ങൾ, അനുവദിക്കാവുന്ന സ്ഥലത്തിന്റെ അളവ് കുറച്ചു. ചെറുകിട കച്ചവടക്കാർക്ക് ഉൾപ്പെടെ ഫയർ എസ്റ്റിംഗ്യൂഷർ, പഞ്ചായത്ത് ലൈസൻസ് എന്നിവയും നിർബന്ധമാക്കി. ഇതിന് പുറമേ കടകളിലെ ജീവനക്കാർക്ക് പൊലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതും കച്ചവടക്കാരെ അകറ്റി. ഇതോടെ വൃശ്ചികോത്സവ കാലത്ത് സ്റ്റാളുകളിൽ നൂറുകണക്കിന് പേർക്ക് തൊഴിൽ ലഭിക്കുന്ന സാഹചര്യവും ഇല്ലാതായി. മുൻകാലങ്ങളിൽ തൊട്ടുമുൻപുള്ള വർഷത്തെ കരാർ തുകയേക്കാൾ പത്ത് ശതമാനം വർദ്ധിപ്പിച്ചാണ് ലേലം ആരംഭിക്കുന്നത്. ഇത്തവണ കൃത്യമായ അടിസ്ഥാന തുകയെക്കുറിച്ച് പഠിക്കാതെയായിരുന്നു ലേലം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.