SignIn
Kerala Kaumudi Online
Friday, 29 March 2024 4.31 PM IST

ദേശീയപാത 66 ആറുവരിയാക്കൽ അടുത്തെങ്ങും പൂർത്തിയാകില്ല

road

കൊല്ലം: നിർമ്മാണം ആരംഭിച്ച് പത്ത് മാസം പിന്നിടുമ്പോഴും ജനങ്ങളെ ദുരിതത്തിലാക്കി ദേശീയപാത 66 ആറുവരിയാക്കൽ ഇഴയുന്നു. 25 ശതമാനം പ്രവൃത്തികൾ പൂർത്തിയാകേണ്ടിയിടത്ത് എട്ട് ശതമാനം മാത്രമാണ് നടന്നത്.

ഓടകളുടെയും കലുങ്കുകളുടെയും നിർമ്മാണമാണ് ആദ്യം പൂർത്തിയാക്കേണ്ടത്. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 55 കിലോമീറ്ററിനിടയിൽ ഇരുവശങ്ങളിലുമായി ആകെ 100 കിലോമീറ്റർ ദൂരത്തിലാണ് ഓട നിർമ്മിക്കേണ്ടത്. എന്നാൽ ഓട നിർമ്മാണം 30 കിലോമീറ്റർ പോലുമായിട്ടില്ല. കെ.എസ്.ഇ.ബിയുമായി തർക്കം നിലനിൽക്കുന്നതിനാൽ പലയിടങ്ങളിലും റോഡുവക്കിലെ മരങ്ങൾ മുറിച്ച് നീക്കാനായിട്ടില്ല. ഗതാഗതം തിരിച്ചുവിടാൻ സർവീസ് റോഡുകൾ സജ്ജമാകാത്തതിനാൽ കലുങ്കുകളുടെയും അണ്ടർപാസുകളുടെയും നിർമ്മാണവും ഇഴയുകയാണ്.

പാലങ്ങളിൽ നീണ്ടകരയിൽ മാത്രമാണ് നേരിയ പുരോഗതിയുള്ളത്. സർവീസ് റോഡുകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഗതാഗതം അതുവഴി തിരിച്ചുവിട്ടേ അണ്ടർപാസുകൾ അടക്കം ആറുവരിപ്പാതയിലെ നിർമ്മാണം വേഗത്തിലാക്കാൻ കഴിയൂ. ഇപ്പോഴത്തെ നിലയിൽ മുന്നോട്ടുപോയാൽ നിർമ്മാണം പൂർത്തിയാകാൻ കാലാവധിക്ക് ശേഷം വീണ്ടും ഒരു വർഷം കൂടി വേണ്ടിവരും.


തടസം സർക്കാർ വകുപ്പുകൾ

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ സൃഷ്ടിക്കുന്ന തടസങ്ങളാണ് നിർമ്മാണം ഇഴയുന്നതിന്റെ കാരണമായി ദേശീയപാത അതോറിറ്റി പറയുന്നത്. ആദ്യഘട്ടത്തിൽ കെ.എസ്.ഇ.ബിയുമായുള്ള തർക്കത്തിൽ കടമ്പാട്ടുകോണം- കാവനാട് റീച്ചിൽ വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കൽ മാസങ്ങളോളം തടസപ്പെട്ടിരുന്നു. ഇപ്പോൾ സമാനമായ പ്രശ്നം കരുനാഗപ്പള്ളിയിലെ നിർമ്മാണ പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ചിരിക്കുകയാണ്. നിലവിലുള്ള വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റാണ് കെ.എസ്.ഇ.ബി ആദ്യം നൽകിയിരുന്നത്. എന്നാൽ കരുനാഗപ്പള്ളി ജംഗ്ഷനിൽ പൂർണമായും ഭൂഗർഭ കേബിളുകൾ സ്ഥാപിക്കണമെന്ന കെ.എസ്.ഇ.ബിയുടെ നിലപാട് കരാർ കമ്പിനിയുമായി പുതിയ തർക്കത്തിന് ഇടയാക്കിയിരിക്കുകയാണ്.

ഖനനാനുമതിയില്ല, മണ്ണും വില്ലൻ

 നിലവിലെ റോഡിനേക്കാൾ രണ്ടടി വരെ ഉയർന്നാകും പുതിയ ആറുവരിപ്പാത

 സർവീസ് റോഡുകൾ സമതലമാക്കാനും അണ്ടർപാസുകളുടെ നിർമ്മാണത്തിനും വലിയ അളവിൽ മണ്ണ് വേണം

 ജില്ലയിൽ ദേശീയപാത വികസനത്തിന് 15 ലക്ഷം എം ക്യൂബ് മണ്ണ് വേണമെന്നാണ് കണക്ക്

 എന്നാൽ കരാർ കമ്പിനികൾക്ക് ജിയോളജി വകുപ്പിൽ നിന്നുള്ള ഖനനാനുമതി വൈകുന്നു

 മണ്ണിന്റെ ലഭ്യതക്കുറവും നിർമ്മാണത്തെ ബാധിച്ചു

കുഴി അകലത്തിൽ വ്യാപാര സ്ഥാപനങ്ങൾ

റോഡ് വക്കുകൾ കുഴിച്ചിട്ടിരിക്കുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് എത്താൻ കഴിയുന്നില്ല. പല വീടുകളിലേക്കുമുള്ള വഴിയും തടസപ്പെട്ടു. പൈപ്പ് പൊട്ടി കുടിവെള്ള വിതരണവും തടസപ്പെട്ടു.

നിർമ്മാണ പുരോഗതി

10 മാസത്തിനിടയിൽ: 8 %

കരാർ അവസാനിക്കുന്നത്: 2025 ഏപ്രിൽ

മേയിൽ മഴക്കാലം ആരംഭിച്ചാൽ നിർമ്മാണം കൂടുതൽ മന്ദഗതിയിലാകും. ഇനിയുള്ള മൂന്ന് മാസം നിർണായകമാണ്. എങ്കിലും പരമാവധി പ്രയോജനപ്പെടുത്താൻ കരാർ കമ്പിനികൾക്ക് കർശന നിർദേശം നൽകി.

ദേശീയപാത ആതോറിറ്റി അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.