കോട്ടയം . മാങ്ങാനം മന്ദിരം ആശുപത്രിയ്ക്ക് സമീപം നടുറോഡിൽ വച്ച് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം മടുക്കാനി ഭാഗത്ത് കാരാട്ടിൽ വീട്ടിൽ ദീപു കുമാർ (26), പുതുപ്പള്ളി പൊങ്ങംപാറ ഭാഗത്ത് പാറയിൽ വീട്ടിൽ സുബിൻ പി തോമസ് (28) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മാങ്ങാനം സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജേഷിനാണ് ഇവരുടെ മർദ്ദനമേറ്റത്. ഇയാളുടെ മകനും യുവാക്കളും തമ്മിൽ മുൻപ് അടിപിടി ഉണ്ടായിരുന്നു. ഇതിൽ പരാതി നൽകിയതിലെ പ്രകോപനമാണ് മർദ്ദനത്തിന് കാരണം. മർദ്ദന ശേഷം ബോധം നഷ്ടപ്പെട്ട ഇയാളെ യുവാക്കൾ റോഡരികിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ദീപു കുമാറിന് കോട്ടയം ഈസ്റ്റ്,പാമ്പാടി, കുമരകം സ്റ്റേഷനുകളിലും, സുബിന് പാമ്പാടി സ്റ്റേഷനിലും അടിപിടി കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാജേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |