
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തിബന്ധങ്ങളും പ്രാദേശിക വിഷയങ്ങളുമായിരിക്കും ജയപരാജയങ്ങളെ സ്വാധീനിക്കുകയെങ്കിലും ദേശീയ - അന്തർ ദേശീയ വിഷയങ്ങൾ വരെ പ്രചാരണ വിഷയമാകും. വാർഡ് പുനർ നിർണയത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പായതിനാൽ ചിരപരിചിത മെമ്പർമാർക്കും പ്രചാരണത്തിൽ ഇക്കുറി ഇത്തിരി സങ്കീർണത ഉണ്ടാകും. ഗ്രാമീണ - നഗര റോഡുകളുടെ അവസ്ഥയും കുടിവെള്ളവും റബറും ഡൽഹി സ്ഫോടന വിഷയവും വരെ ഓരോ പഞ്ചായത്തുകളിൽ തരംപോലെ വിഷയങ്ങളാകും. പൈപ്പുകളിൽ വെള്ളമെത്താത്ത പ്രശ്നം പലയിടത്തുമുണ്ട്. കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനു വേണ്ടിയുള്ള പുതിയ പദ്ധതികൾ പ്രാവർത്തികമായതും ഇതുവരെ പ്രാവർത്തികമാകാത്തതുമെല്ലാം ഗ്രാമങ്ങളിൽ ചർച്ചാവിഷയമാകും. പ്രാദേശികമായ ലഹരി വിപണന സംഘങ്ങളോട് രാഷട്രീയ-യുവജന സംഘടനകൾ എടുത്ത നിലപാടുകൾ ഈ തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകും. രാഷ്ട്രീയബന്ധങ്ങൾ ഉള്ളവർക്കു വേണ്ടി കേസുകൾ ഒഴിവാക്കിക്കൊടുത്തതും നടപടി ലഘൂകരിച്ചതുമെല്ലാം ചർച്ചയാകും. ലഹരി സംഘങ്ങൾക്കെതിരായ പോരാട്ടങ്ങൾ പലയിടത്തും യുവജന സംഘടനകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.
എൽ.ഡി.എഫിന്റെ പ്രചരണം
സാമൂഹിക സുരക്ഷാ പെൻഷൻ വർദ്ധിപ്പിച്ചത്
റബർ തറവില 200 രൂപയാക്കിയത്
സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടം
അതത് തദ്ദേശ സ്ഥാപനങ്ങളുടെ വികസനം
യു.ഡി.എഫ്
സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം
നെല്ലിന് വില കിട്ടാത്തതും സംഭരണ വിഷയങ്ങളും
അയ്യപ്പ സംഗമം, ശബരിമല സ്വർണപ്പാളി വിവാദം
എൻ.ഡി.എ
കേന്ദ്രസർക്കാർ ഭരണ നേട്ടങ്ങൾ
ജലജീവൻ പദ്ധതിവഴിയുള്ള കുടിവെള്ളം
പ്രധാനമന്ത്രി ആവാസ് യോജന
വിശ്വാസ സംരക്ഷണ വിഷയങ്ങൾ
കോട്ടയം നഗരസഭയിൽ തമ്മിലടി
പത്ത് വർഷത്തിന് ശേഷം കോട്ടയം നഗരസഭയുടെ അദ്ധ്യക്ഷ പദവി ജനറലായതോടെ മുതിർന്ന നേതാക്കളെല്ലാം തമ്മിലടി തുടങ്ങി. സംസ്ഥാന, ജില്ലാ നേതാക്കളും മുൻ നഗരസഭാ ചെയർമാന്മാരും അടക്കമുള്ളവർ സീറ്റിനായി മത്സരിക്കുകയാണ്. മുൻ ചെയർമാൻ എം.പി.സന്തോഷ് കുമാർ, നിലവിലെ വൈസ് ചെയർമാൻ ബി. ഗോപകുമാർ, ഐ.എൻ.ടി.യു.സി നേതാവ് ഫിലിപ്പ് ജോസഫ് , ടി.സി.റോയി അടക്കം രംഗത്തുണ്ട്. ഇതിനിടയിലൂടെ ഭരണം പിടിക്കാമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. സീറ്റ് വർദ്ധനയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |