SignIn
Kerala Kaumudi Online
Friday, 29 March 2024 9.06 PM IST

അന്ന് കരഘോഷങ്ങൾക്കു നടുവിൽ, ഇന്ന് ലോട്ടറിക്കടയിൽ!

lotery

പാലാ: 'അകലെയകലെ നീലാകാശം .... അലതല്ലും .....' പാലാ നഗരത്തിൽ ടൗൺ ബസ് സ്റ്റാൻഡിനു സമീപമുള്ള ലോട്ടറിക്കടയിൽ നിന്ന് പലപ്പൊഴും ഇത്തരം പഴയ ഗാനങ്ങൾ ഉയർന്നു കേൾക്കാം. റെക്കാഡ് പ്ളയറിൽ നിന്നല്ല ഈ പാട്ട് . പാടുന്നത് വിൽപ്പനക്കാരൻ തന്നെയായ പഴയൊരു പ്രമുഖ ഗായകനാണ്: കലാഭവൻ വൈക്കം സാബു !
ആയിരക്കണക്കിനു സദസ്സുകളെ സ്വരമാധുരി കൊണ്ട് ധന്യമാക്കിയിരുന്ന ഈ അനുഗ്രഹീത ഗായകൻ ജീവിക്കാനായി ഇപ്പോൾ 'ഭാഗ്യം വിൽക്കുക' യാണ്.

'രണ്ടു മാസം മുമ്പുവരെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കിയിരുന്നു. അടുപ്പിച്ച് ഉറക്കമിളച്ചതോടെ പ്രമേഹ രോഗം മൂർച്ഛിച്ചു. അതോടെ അതുനിറുത്തി. പിന്നീടാണ് പാലായിൽ ലോട്ടറിക്കടയിൽ വിൽപ്പനക്കാരനായി ചേർന്നത്'. - ശോക രാഗങ്ങളോട് ശ്രുതി ചേർന്നു നിൽക്കുകയാണിപ്പോൾ സാബുവിന്റെ സങ്കടങ്ങൾ.

കൊവിഡിന്റെ ഉച്ചസ്ഥായിയിൽ ഉത്സവങ്ങൾ അടക്കമുള്ള ആഘോഷങ്ങളെല്ലാം ഇല്ലാതായതോടെ ഗാനമേളകളും നിലച്ചു. സാബുവിന്റെ ജീവിതവും പ്രതിസന്ധിയിലായി.

പലപ്പൊഴായി പത്തോളം സി.ബി.എസ്. സി. സ്‌കൂളുകളിലെ സംഗീതാദ്ധ്യാപകനുമായിരുന്നു സാബു. 'കൊവിഡിൽ സ്‌കൂളുകളും അടച്ചതോടെ ആ വഴിയും അടഞ്ഞു. കുടുംബം പോറ്റാൻ മറ്റെന്തെങ്കിലും വഴി കണ്ടെത്തിയോ തീരൂ എന്ന അവസ്ഥ വന്നപ്പോഴാണ് ശ്രുതിപ്പെട്ടി പൂട്ടി, സെക്യൂരിറ്റി പണിക്കിറങ്ങിയത്. ഇപ്പോൾ ലോട്ടറി വിൽപ്പനയിലേക്കുമെത്തി. ദിവസം 400 രൂപ കിട്ടും. ഈ സാഹചര്യത്തിൽ ഇതു വലിയ അനുഗ്രഹമാണ് ' സാബു പറഞ്ഞു.

തലയോലപ്പറമ്പ് പുളിക്കൽ കുടുംബാംഗമായ സാബു 1990ൽ തൃപ്പൂണിത്തുറ ആർ. എൽ. വി. സംഗീത കോളേജിൽ നിന്നും ഒന്നാം ക്ലാസ്സോടെ ബിരുദമെടുത്തു. തുടർന്ന് പ്രമുഖ സംഗീത സംവിധായകൻ കോട്ടയം ജോയി നയിച്ച കോട്ടയം രാഗശ്രീ ഗാനമേള ട്രൂപ്പിലെ പ്രധാന ഗായകനായി. കൊച്ചിൻ കലാഭവൻ, മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്‌സ്, തുടങ്ങി പ്രശസ്ത ഗാനമേള ട്രൂപ്പുകൾക്കു വേണ്ടി പാടി. പഴയ മലയാളം, ഹിന്ദി സിനിമാ ഗാനങ്ങൾ ഒരു പോലെ ആലപിച്ചിരുന്ന സാബുവിന് ഒട്ടേറെ ആരാധകരുമുണ്ടായിരുന്നു.

വൈക്കം ശ്രീ ഭദ്ര എന്ന സ്വന്തം ഭക്തിഗാനമേള ട്രൂപ്പുമുണ്ടായിരുന്നു. നിരവധി ഭക്തിഗാന സി.ഡികൾക്കും ആൽബങ്ങൾക്കും വേണ്ടി പാടിയിട്ടുണ്ട്. സൂര്യാ ടി.വി. 50വയസ്സിനു മുകളിലുള്ളവർക്കായി സംഘടിപ്പിച്ച ഓൾഡ് ഈസ് ഗോൾഡ് സംഗീത മത്സരത്തിൽ പങ്കെടുത്ത് ശ്രദ്ധപിടിച്ചുപറ്റാനും കഴിഞ്ഞു. യേശുദാസിന്റെ മുന്നിൽ പാട്ടുപാടി അദ്ദേഹത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയതും ജയചന്ദ്രനു വേണ്ടി ട്രാക്ക് പാടിയതും സാബുവിന്റെ ഒാർമ്മകളിലെ അഭിമാനനിമിഷങ്ങളാണ്.
ഭാര്യ ഷേർളി, മക്കളായ സന്ധ്യ, സന്ദീപ് എന്നിവർക്കൊപ്പം കടുത്തുരുത്തി കല്ലറയിലാണ് താമസം.

'എന്നെപ്പോലെ ഒരു പാട് കലാകാരന്മാർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നുണ്ട്. മറ്റ് തൊഴിലുകളൊന്നും അറിയാതെ വലയുകയാണവർ. ' ആയിരക്കണക്കിനു കലാകാരന്മാരുടെ പ്രതിനിധിയായി ഇതു പറഞ്ഞ് സാബു മറ്റൊരു പാട്ടിലേയ്ക്കു കടന്നു: ' എന്തിനു പാഴ് ശ്രുതി മീട്ടുവതിനിയും തന്ത്രികൾ പൊട്ടിയ തമ്പുരുവിൽ......

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KALABHAVAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.