കോട്ടയം: ഹരിത കേരളം മിഷൻ കോട്ടയം നഗരസഭയുമായി ചേർന്ന് നടപ്പാക്കുന്ന 'ഈ തീരത്ത് ഇത്തിരി നേരം' പദ്ധതിയിൽ തണൽ മരങ്ങൾ നട്ടു തുടങ്ങി. പാറേച്ചാൽ തോടിന് ഇരുവശവുമായി കണിക്കൊന്ന, മന്ദാരം, കൂവളം എന്നീ തണൽ വൃക്ഷങ്ങളാണ് നടുന്നത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരുടെ സഹകരണത്തോടെ ഇനി ഞാൻ ഒഴുകട്ടെ, വീണ്ടെടുക്കാം ജല ശൃംഖലകൾ എന്ന കാമ്പയിനിന്റെ ഭാഗമായി നഗരസഭയിലെ 52 വാർഡുകളിലെ 24 തോടുകൾ ശുചീകരിച്ച് പുനരുജ്ജീവിപ്പിച്ചിരുന്നു. ഇാ കാമ്പയിനിന്റെ രണ്ടാം ഘട്ടമായാണ് തണൽ വൃക്ഷങ്ങൾ നടുന്നത്. സൗന്ദര്യവത്ക്കരണത്തിനായി മുള കൊണ്ടു വേലി കെട്ടി പൂചെടികളും നട്ടു. തോടിന്റെ വശങ്ങളിൽ രാമച്ചം വച്ചുപിടിപ്പിക്കും. നഗരസഭയുടെ 39-ാം വാർഡിൽ ഉൾപ്പെട്ട ചിങ്ങവനം ചിറ്റടിച്ചിറ തോടിന്റെയും 27-ാം വാർഡിലെ പാറേച്ചാൽ തോടിന്റെയും വശങ്ങളിലാണ് ആദ്യഘട്ടത്തിൽ രാമച്ചം നടുന്നത്.
വിനോദസഞ്ചാര സാദ്ധ്യതകൾ കണക്കിലെടുത്ത് അടുത്ത ഘട്ടങ്ങളിൽ തീരത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ചാരുബഞ്ചുകൾ സ്ഥാപിക്കുകയും കയർഭൂവസ്ത്രം വിരിക്കുകയും ചെയ്യുമെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേഷും നഗരസഭാ സെക്രട്ടറി എസ്.ബിജുവും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |