കോട്ടയം: പാലായിൽ ജോസ് കെ. മാണി തോറ്റത് ജനകീയനല്ലാത്തതിനാലാണെന്ന സി.പി.ഐ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ കണ്ടെത്തലിനെതിരെ കേരള കോൺഗ്രസ് (എം) . വിമർശനവുമായി പാർട്ടി നേതാക്കൾ രംഗത്തെത്തിയതോടെ ജില്ലയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ തുടങ്ങിയ സി.പി.ഐ- കേരളകോൺഗ്രസ് (എം) പേര് മുറുകി .
കേരളകോൺഗ്രസ് എമ്മിന്റെ ശക്തി കൊണ്ടാണ് പീരുമേട്ടിൽ സി.പി.ഐയുടെ വാഴൂർ സോമനടക്കം ഇടതു മുന്നണിയുടെ പല സ്ഥാനാർത്ഥികളും ജയിച്ചതെന്ന് കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഒാർമ്മിപ്പിച്ചു. കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണി യു.ഡി.എഫ് കോട്ടയായ കോട്ടയത്ത് കൂടുതൽ വിജയം നേടിയത് കേരളാ കോൺഗ്രസ് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ എത്തിയ ശേഷമാണെന്നും അദ്ദഹം പറഞ്ഞു.
അതേസമയം സി.പി.ഐയുടെ അവലോകനത്തോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും മുന്നണി ബന്ധങ്ങളുടെ അടിസ്ഥാനത്തലാണ് എൽ.ഡി.എഫ് മുന്നോട്ടു പോകുന്നതെന്നും
സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ പറഞ്ഞു. ജോസിലും ജനകീയൻ താനാണെന്ന വിലയിരുത്തലിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് മാണി സി.കാപ്പൻ പറഞ്ഞു. പാലായിലെ ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് തന്നെ ജയിപ്പിച്ചിരിക്കുന്നതെന്ന ഉത്തമ വിശ്വാസമുണ്ട് . ഏതാവശ്യത്തിനും ജനങ്ങൾക്കൊപ്പമുണ്ട്. പ്രവർത്തനത്തിന്റെ മാർക്കു തരുന്നത്. അവരാണ് .ജനങ്ങൾക്കു മുകളിലല്ല ജനപ്രതിനിധി. അവർ ഏൽപ്പിച്ച ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റാൻ കഴിയുന്നുണ്ടെന്നാണ് വിശ്വാസം. ഇനിയുമിങ്ങനെ മുന്നോട്ടു പോകാനുള്ള ഊർജ്ജമാണ് ജനപിന്തുണയെന്നും കാപ്പൻ പറഞ്ഞു.
ഇല്ലാത്ത ശക്തി പെരുപ്പിക്കേണ്ട
പാലായിൽ മാണി സി. കാപ്പനോളം ജോസ് കെ. മാണി ജനകീയനല്ലാതിരുന്നതാണ് തോൽവിക്ക് കാരണമെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ നടത്തിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ കണ്ടെത്തലാണ്. അത് സംസ്ഥാന കൗൺസിൽ അംഗീകരിച്ചതാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. കാപ്പൻ നേരത്തേ എൽ.ഡി.എഫിന്റെ ഭാഗമായിരുന്നു . യു.ഡി.എഫിനെതിരെ ശക്തമായ പോരാട്ടത്തിലൂടെയാണ് കാപ്പൻ പാല പിടിച്ചെടുത്തത്. പിന്നീട് യു.ഡി.എഫിലേക്ക് പോയിട്ടും സീറ്റ് നിലനിറുത്തിയത് ജോസിലും ജനകീയനായതു കൊണ്ടു തന്നെയാണ്. കേരളാകോൺഗ്രസ് എമ്മിന് പറയുന്ന പോലെ ശക്തിയില്ല. ഉണ്ടെങ്കിലും ശക്തികേന്ദ്രങ്ങളായ കടുത്തുരുത്തിയിലും പാലായിലും ജയിക്കേണ്ടതല്ലേ.? യു.ഡി.എഫിലെപ്പോലെ ഇല്ലാത്ത ശക്തി എൽ.ഡി.എഫിലും പെരുപ്പിച്ചു കാണിക്കാനാണ് അവർ ശ്രമിക്കുന്നത് .
- സി.കെ.ശശിധരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |