SignIn
Kerala Kaumudi Online
Thursday, 25 April 2024 5.28 PM IST

കലപിലയും കരച്ചിലുമില്ല, ഫസ്റ്റ് ബെല്ലടിച്ചത് സാനിറ്റൈസറും മാസ്കും!

school

കോട്ടയം: '' ടീച്ചറേ മുഖം കാണത്തില്ല. മാസ്ക് മാറ്റ് ''- ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ ഒന്നാം ക്ളാസിലെ വിരുതന്റെ ആവശ്യത്തിന് മുന്നിൽ ടീച്ചർ പെട്ടു. '' കൊവിഡല്ലേ മോനെ, മാസ്ക് മാറ്റരുത്'' - ടീച്ചറുടെ മറുപടി വന്നെങ്കിലും കുട്ടിക്ക് വിടാൻ ഭാവമില്ല. ''അപ്പോ പിന്നെ ഓൺലൈൻ ക്ളാസിൽ മാസ്കില്ലല്ലോ'' -ഒടുവിൽ കുട്ടിയുടെ ശാഠ്യത്തിന് മുന്നിൽ കീഴടങ്ങിയ ടീച്ചർ ബോർഡിന് പിന്നിലേയ്ക്ക് നീങ്ങി അകലമുണ്ടെന്ന് ഉറപ്പാക്കി മാസ്കൊന്ന് മാറ്റി മുഖം കാട്ടിക്കൊടുത്തു.

വന്നപ്പോൾ മുതൽ സ്പേസിൽ പോകുന്നതിനെപ്പറ്റിയാണ് നോയൽ പറഞ്ഞത്. '' അമേരിക്കയിൽ ചെന്നിട്ട് നാസവഴി സ്പേസിൽ പോകും'' നോയലിന്റെ ആഗ്രഹം ടീച്ചറിനും ഇഷ്ടപ്പെട്ടു....

19 മാസത്തിന് ശേഷം സ്കൂൾ തുറന്നപ്പോൾ ഓരോ ക്ളാസിലും ഓരോ കാഴ്ചകളായിരുന്നു. സ്കൂൾ തുറക്കൽ പ്രമാണിച്ചുള്ള പതിവ് കലപിലയും കണ്ണീരുമില്ല. രക്ഷിതാക്കൾ വാതിൽക്കൽ വരെ കൊണ്ടു ചെന്നാക്കി . അവിടെ നിന്ന് സാനിറ്റൈസർ തേച്ച്, താപനില പരിശോധിച്ച്, അദ്ധ്യാപകർ നൽകിയ പൂക്കളുമായി ക്ളാസിലേയ്ക്ക്. ലഡുവും പായസവും മിഠായിയും ആവശ്യത്തിന്. സാമൂഹ്യ അകലം പാലിക്കാൻ എല്ലാവർക്കും വെവ്വേറെ ഇരിപ്പിടം. മാസ്ക് മാറ്റരുതെന്നും പരസ്പരം തൊടരുതെന്നും ഭിത്തികളിൽ എഴുതിവച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് അദ്ധ്യാപകരും ഓർമിപ്പിച്ചു. ഓൺലൈനിൽ കണ്ടിട്ടുള്ളതിനാൽ ആർക്കും അപരിചിത്വമില്ല. 912 സ്കൂളുകളിലാണ് പ്രവേശനോത്സവം സംഘടിപ്പിക്കാനിരുന്നതെങ്കിലും പ്രളയത്തിന് ഇരയായ നാലു സ്കൂളുകളിൽ അദ്ധ്യയനം നടന്നില്ല. ഭൂരിഭാഗം സ്‌കൂളുകളിലും 50 ശതമാനം തികയ്ക്കാൻ കഴിഞ്ഞില്ല.

ഇന്നലെ തുറക്കാഞ്ഞ സ്കൂളുകൾ
 കൂട്ടിക്കൽ സി.എം.എസ് എൽ.പി.എസ് (പ്രളയത്തിൽ വെള്ളം കയറിയ ഇവിടെ പൂർവ സ്ഥിതിയിലേക്കായില്ല)
 മുണ്ടക്കയം സെന്റ്. ജോസഫ്‌സ് എൽ.പി.എസ് (ദുരിതാശ്വാസ ക്യാമ്പായും പ്രവർത്തിച്ച സ്‌കൂളിലെ ശൗചാലയം ബ്ലോക്കായി)
 കാഞ്ഞിരപ്പള്ളി എൻ.എച്ച്.എസ് (ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് കൊവിഡ് പോസിറ്റീവായതിനാൽ കുട്ടികളെ ഉടനെ സ്‌കൂളുകളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ തയാറായില്ല)
 കല്ലുമട സി.എം.എസ് (സ്കൂൾ തുറപ്പിന് മുന്നൊരുക്കം നടത്തിയ അദ്ധ്യാപികയ്ക്ക് കൊവിഡ് ബാധിച്ചു )


'' കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു. കുട്ടികൾക്ക് ബോധവത്കരണവും നടത്തിയിട്ടുണ്ട്. ഉച്ചഭക്ഷണവും നൽകിയ ശേഷം ഉച്ചയോടെ വിദ്യാർത്ഥികളെ വീടുകളിലേക്ക് മടക്കി അയച്ചു. ഈയാഴ്ച വിദ്യാർത്ഥികളെ സ്‌കൂൾ അന്തരീക്ഷം പരിചയപ്പെടുത്താനാകും സമയം ചെലവഴിക്കുക''

-ടി.ആർ. സുജയ, ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.