SignIn
Kerala Kaumudi Online
Saturday, 20 April 2024 2.09 AM IST

പൊളിച്ചടുക്കാൻ മാത്രം ഒരു നഗരസഭ.

kottayam

വികസനത്തിന്റെ പേരിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചു കളയാൻ വലിയ ശുഷ്കാന്തി കാണിക്കും. പകരം വർഷമേറെ കഴിഞ്ഞാലും പുതിയതു പണിയില്ല. പണിതാലും പൂർത്തിയാകില്ല. കെടുകാര്യസ്ഥതയുടെ നീണ്ട പട്ടിക നിരത്താനുള്ളത് കോട്ടയം നഗരസഭക്കാണ് .

തിരുനക്കര ബസ്റ്റാൻഡ് കെട്ടിടമാണ് ഇപ്പോൾ പൊളിക്കാൻ പോകുന്നത്. ഒരാഴ്ചക്കുള്ളിൽ ഒഴിയണമെന്ന നോട്ടീസ് 52 കടക്കാർക്ക് നൽകിക്കഴിഞ്ഞു. ബദൽ സംവിധാനം ഒരുക്കിയിട്ടു വേണ്ടേ കടക്കാരെ ഒഴിപ്പിക്കാനെന്നു ചോദിച്ചാൽ പൊളിച്ചടുക്കുക എന്നതല്ലാതെ മറ്റൊന്നും അജൻഡയിലില്ലെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടത്തിന് ബലക്ഷയമെന്നു കാട്ടി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി വന്നു. പൊളിക്കാൻ കോടതിയും പറഞ്ഞു. ബലക്ഷയം പരിഹരിക്കാൻ അറ്റകുറ്റപണിക്ക് ടെണ്ടർ വിളിച്ചെങ്കിലും ആരും പിടിച്ചില്ല. എന്നാൽ പിന്നെ പൊളിച്ചേക്കാമെന്നായി നഗരസഭ. ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ ഒരു ഹിഡൻ അജൻഡയുടെ ഭാഗമാണോ എല്ലാം എന്ന് സംശയിക്കുകയാണ് നാട്ടുകാർ.

പൊളിച്ചു കളയാൻ പോകുന്ന ബസ് സ്റ്റാൻഡ് കെട്ടിടത്തിന് മുകളിൽ ലക്ഷങ്ങൾ ചെലവഴിച്ച് നഗരസഭ സമീപ കാലത്ത് ട്രെസ് വർക്ക് നടത്തിയിരുന്നു. ഓഡിറ്റോറിയമാക്കാനെന്നായിരുന്നു പറച്ചിൽ. ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നതോടെ ഇതിന് മുടക്കിയ ലക്ഷങ്ങളും വെള്ളത്തിലാകും. പൊളിക്കാൻ പോകുന്ന കെട്ടിടത്തിന് മുകളിൽ ട്രെസ് വർക്ക് നടത്തിയതിന്റെ പണം നഗരസഭ ഭരിക്കുന്നവരിൽ നിന്ന് ഈടാക്കണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്. കൽപ്പക സൂപ്പർ മാർക്കറ്റ് പ്രവർത്തിച്ചിരുന്നയിടത്ത് മുഴുവൻ കടമുറികളും ഒരു സ്ഥാപനം എടുത്തിരിക്കുകയാണ്. ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചാൽ ഇവർക്കും നഷ്ടപരിഹാരം നൽകേണ്ടി വരും.

ട്രഷറി ഓഫീസ് അടക്കം പ്രവർത്തിച്ചിരുന്ന നഗരമദ്ധ്യത്തിലെ പഴയ പച്ചക്കറി മാർക്കറ്റ് കെട്ടിടം പൊളിച്ച് മാറ്റിയടത്ത് ബഹുനില കാർ പാർക്കിംഗ് സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. കോടിമതയിൽ പണിത പുതിയ പച്ചക്കറി ചന്ത കെട്ടിടം നിർമാണത്തിലെ അപാകത കാരണം നിലം പൊത്താവുന്ന അവസ്ഥയിൽ എത്തിയിട്ടും പഴയ പച്ചക്കറി മാർക്കറ്റിൽ ബഹുനില മന്ദിരമായില്ല. ട്രഷറി മാറ്റിയതല്ലാതെ അപകടകരമായി നിൽക്കുന്ന പഴയ കെട്ടിടത്തിലെ മുഴുവൻ കടകളും മാറ്റാൻ വർഷമേറെക്കഴിഞ്ഞിട്ടും നഗരസഭക്ക് കഴിഞ്ഞിട്ടില്ല.

എം.എൽ. റോഡിലെ പഴയ മീൻ ചന്തയും അറവുശാലയും മാറ്റിയിട്ട് വർഷങ്ങളായി. കോടിമതയിൽ പുതിയ മീൻ മാർക്കറ്റിനും അറവുശാലക്കുമുള്ള കെട്ടിടം പണിതിട്ടും പണിതിട്ടും തീരാതെ കിടക്കുകയാണ്. എം.പി ഫണ്ട് ഉപയോഗിച്ച് പണിതതാണ് .അറവു ശാല എന്നു തുറക്കുമെന്നു ചോദിച്ചാൽ ഉത്തരമില്ല. മീൻ കച്ചവടമാകട്ടെ വർഷമേറെക്കഴിഞ്ഞിട്ടും ഇന്നും എം.ജി റോഡിന് ഇരു വശത്തുമാണ് .

തിരുനക്കരയിൽ രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സ് ബഹുനില മന്ദിരമായാണ് വിഭാവനം ചെയ്തത്. ഒരു നില മാത്രം പണിത് ഹോൾസെയിൽ ഒരു വ്യാപാര ശാലക്ക് നൽകിയതല്ലാതെ വർഷമേറെക്കഴിഞ്ഞിട്ടും മുകളിലോട്ട് പണിയുന്നതിനെക്കുറിച്ച് ആലോചിക്കാതെ പ്ലാൻ പരണത്തുവച്ചിരിക്കുകയാണ് നഗസഭാധികൃതർ. എന്തു കൊണ്ടെന്ന് ചോദിച്ചാൽ ഉത്തരമില്ല.

കേരളത്തിൽ ഇന്നും വികസിക്കാത്ത ഒരു നഗരമാണ് കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയ കോട്ടയം. പത്തോ ഇരുപതോ വർഷം മുന്നിൽ കണ്ടുള്ള വികസന കാഴ്ചപ്പാടില്ലാതെ കെട്ടിടം പണി മാത്രമാണ് വികസനമെന്നു കരുതുന്ന കച്ചവട താത്പര്യം ഏറെ ഉള്ളവർ ഭരിക്കുമ്പോൾ പൊളിച്ചടുക്കലല്ലാതെ മറ്റെന്തു വികസനം നടത്താൻ.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.