SignIn
Kerala Kaumudi Online
Friday, 19 April 2024 3.56 PM IST

സർക്കാർ വാ‌ർഷികത്തിന് വർണാഭമായ തുടക്കം.

thirunakkara

കോട്ടയം. രണ്ടാം പിണറായിസർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം. നാഗമ്പടത്ത് ആരംഭിച്ച 'എന്റെ കേരളം' പ്രദർശന വിപണനമേള മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.

ആർക്കും നിഷേധിക്കാനാകാത്തതും സമാനതകളില്ലാത്തതുമായ വികസനത്തിന് നാട് സാക്ഷിയാവുകയാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം. ഏതു പ്രതിസന്ധിയിലും ജനങ്ങൾക്ക് സുരക്ഷയും അതിജീവനത്തിന് ശക്തിയും പകർന്ന് മഹത്തായ ലക്ഷ്യബോധത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

'എന്റെ കേരളം' പ്രദർശന വിപണനമേള, ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ലൈഫ് വീടുകളുടെ താക്കോൽ വിതരണവും മന്ത്രി നിർവ്വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അദ്ധ്യക്ഷനായി. വ്യവസായ സംരംഭകർക്കുള്ള സബ്‌സിഡി വിതരണവും അദ്ദേഹം നിർവ്വഹിച്ചു. കലാസാംസ്‌കാരിക പരിപാടികളുടെയും ഭക്ഷ്യമേളയുടെയും ഉദ്ഘാടനവും സഹകരണ അംഗ സമാശ്വാസനിധി വിതരണവും തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു.

കണ്ണിന് ഇമ്പമായി ഘോഷയാത്ര.

താളമേളങ്ങളുടെ അകമ്പടിയിൽ നൂറുകണക്കിന് പേർ അണിനിരന്ന ഘോഷയാത്രയോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. പടയണി, തെയ്യം, മയിലാട്ടം, കരകാട്ടം, കളരിപ്പിയറ്റ്, കഥകളി.. ഇങ്ങനെ കണ്ണിന് കുളിരേകി കേരളത്തിന്റെ തനത്കലകൾ അണിനിരന്നു. സാംസ്കാരിക തനിമയാർന്ന ഫ്ളോട്ടുകളും ഘോഷയാത്രയ്ക്ക് മിഴിവേകി. ഓരോ പഞ്ചായത്തും അവരുടേതായ ബാനറുകൾക്ക് കീഴിൽ കലാരൂപങ്ങളെ അണിനിരത്തി. മണിക്കൂറുകളെടുത്താണ് തിരുനക്കരയിൽ നിന്നുള്ള ഘോഷയാത്ര നാഗമ്പടത്ത് എത്തിയത്.

നഗരം കുരുങ്ങി, കളക്ടറുടെ പേജിൽ പൊങ്കാല.

ഘോഷയാത്ര പ്രമാണിച്ച ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ താളം തെറ്റി. എം.സി.റോഡിലടക്കം രാവിലെ മണിക്കൂറുകളോളമാണ് കുരുക്കുണ്ടായത്. പ്രിഥ്വിരാജിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് പ്രമാണിച്ചും രാവിലെയായതിനാലും കൂട്ടമായി വാഹനങ്ങൾ എത്തിയോടെ നിന്നുതിരിയാൻ ഇടമില്ലാത്ത വിധം ഗതാഗത കുരുക്കായി.
രാവിലെ ഓഫീസിലെത്താനുള്ള ജീവനക്കാരടക്കമുള്ളവർ ഇതോടെ ദുരിതത്തിലായി. സാധാരണദിവസങ്ങളിൽ പോലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മണിപ്പുഴ,സിമന്റ് കവല എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങൾ തിരിച്ചുവിട്ടതോടെ കുരുക്ക് സ്തംഭനത്തിലേക്ക് നീങ്ങി. രാവിലെ പത്തോടെ പള്ളം വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ദീർഘദൂര ബസുകളും കുരുക്കിലായി.
ഏറ്റുമാനൂർ, കുമരകം, കഞ്ഞിക്കുഴി, ചുങ്കം, നാഗമ്പടം എന്നിവിടങ്ങളിലും രാവിലെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള യാത്രക്കാരും വലഞ്ഞു. കെ.കെ.റോഡിൽ വടവാതൂർ മുതൽ കുരുങ്ങി. അതേസമയം കുരുക്കിൽപ്പെട്ടവർ കളക്ടറുടെ ഫേസ് ബുക്ക് പേജിൽ രോഷം തീർക്കുകയാണ്. സാംസ്കാരിക ഘോഷയാത്രയുടെ ചിത്രങ്ങളുടെ ചുവട്ടിലാണ് ആളുകൾ കൂട്ടമായെത്തി പ്രതിഷേധം അറിയിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, THIRUNAKKARA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.