മുണ്ടക്കയം. കെട്ടിടങ്ങളുടെ ബലക്ഷയത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി താലൂക്കിലെ നിരവധി അങ്കണവാടികളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. കെട്ടിടങ്ങൾ ഉടൻ നവീകരിക്കുകയോ ബദൽ സംവിധാനം കണ്ടെത്തി നൽകുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ പഞ്ചായത്ത് അധികൃതർക്ക് നോട്ടീസ് നൽകി. വൈക്കത്ത് അങ്കണവാടി കെട്ടിടം തകർന്നു വിദ്യാർത്ഥിക്ക് പരിക്കേറ്റതിനെ തുടർന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർ സസ്പെൻഷനിലായിരുന്നു. ഇതിനെത്തുടർന്നാണ് ഇത്തരം നടപടികളിൽ നിന്നു രക്ഷനേടാനായി വകുപ്പുതല ഉദ്യോഗസ്ഥർ ധൃതഗതിയിൽ പഞ്ചായത്തുകൾക്ക് പകരം സംവിധാനം ആവശ്യപ്പെട്ടു കത്തു നൽകി തുടങ്ങിയത്.
ഐ.സി.ഡി.എസ് മുണ്ടക്കയം അഡീഷണലിന്റെ കീഴിൽപെട്ട മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളിലെ 14 അങ്കണവാടികൾക്ക് ബലക്ഷയമുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബലക്ഷയം ബോദ്ധ്യപ്പെട്ടതോടെ നിരവധി അങ്കണവാടികൾ ഉദ്യോഗസ്ഥർ ഇടപെടും മുന്പേ സുരക്ഷിത കെട്ടിടത്തിലേക്ക് പ്രവർത്തനം മാറിയിരുന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, മ്ലാക്കര, ഉരുൾമൊട്ട, വല്യേന്ത, കൂട്ടിക്കൽ പ്രദേശങ്ങളിലെ അങ്കണവാടികളാണ് കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ മൂലം പ്രതിസന്ധിയിലായിരിക്കുന്നത്.
മ്ലാക്കരയിലെ അങ്കണവാടി ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്തി. കൊടുങ്ങയിലും പുനരുദ്ധാരണ ജോലി ആരംഭിച്ചു. ഉരുൾമൊട്ടയിലെ കെട്ടിടം അനുമതി നൽകാനാവാത്ത വിധം അപകടാവസ്ഥയിലാണ്. തൊഴിലുറപ്പു പദ്ധതിയിൽ പെടുത്തി പുനരുദ്ധാരണ ജോലി നടത്തുന്നതുവരെ ഈ അങ്കണവാടിയുടെ പ്രവർത്തനം കമ്യൂണിറ്റി ഹാളിലേക്കു മാറ്റും. വല്യേന്തയിലെ അങ്കണവാടിയുടെ പ്രവർത്തനവും കമ്യൂണിറ്റി ഹാളിലേക്കു മാറ്റികഴിഞ്ഞു. മുന്പ് കെട്ടിടം തകർന്നുവീണതിനെ തുടർന്ന് സമീപത്തെ വ്യക്തി വിട്ടുനൽകിയ സ്ഥലത്ത് ഷെഡ് സ്ഥാപിച്ച് പ്രവർത്തിച്ചുവന്നിരുന്ന കൂട്ടിക്കൽ പാലം ജംഗ്ഷനിലെ അങ്കണവാടിയും പ്രതിസന്ധിയിലാണ്. കഴിഞ്ഞ പ്രളയത്തിൽ ഈ ഷെഡ് വെള്ളത്തിലായതോടെ അങ്കണവാടി എങ്ങോട്ടു മാറ്റണമെന്നറിയാത്ത അവസ്ഥയിലാണ് അധികൃതർ.
മുണ്ടക്കയം പഞ്ചായത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആനിക്കുന്ന് അസംബനി, പുത്തൻചന്ത, വണ്ടൻപതാൽ അങ്കണവാടികൾക്ക് ഭൗതീക സൗകര്യമൊരുക്കേണ്ടതുണ്ട്. കെട്ടിടം ദുർബലമായതിനെ തുടർന്ന് ഏതാനും നാളുകൾക്കു മുന്പ് പുത്തൻചന്തയിലെ അങ്കണവാടി താത്കാലികമായി മറ്റൊരു കെട്ടിടത്തിലേയ്ക്കു മാറ്റിയിരുന്നു. കോരുത്തോട് പഞ്ചായത്തിലെ മാങ്ങാപ്പേട്ട, പാറമട, റാക്കപതാൽ അങ്കണവാടികളും പ്രവർത്തനക്ഷമമല്ല. ചിലയിടങ്ങളിൽ താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ടങ്കിലും അത് ശാശ്വത സംവിധാനത്തിലേക്ക് മാറേണ്ടതുണ്ട്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 10 അങ്കണവാടികൾക്കും പാറത്തോട് പഞ്ചായത്തിലെ ഒരു അങ്കണവാടിക്കും അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |