കോട്ടയം . പരിസ്ഥിതി ദിനത്തിൽ നടുക 2.40 വൃക്ഷത്തൈകൾ. ജില്ലാ പഞ്ചായത്തും, തദ്ദേശസ്ഥാപനങ്ങളും, വനംവകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്നാണ് തൈകൾ വളർത്തിയത്. അതേസമയം ഇതിന് മുൻപ് നട്ടതൈകളിൽ ഏറിയ പങ്കും പരിപാലനമില്ലാതെ നശിച്ചു. 11 ബ്ലോക്ക് പഞ്ചായത്തുകളിലെ 56 പഞ്ചായത്തുകളിലായി 58 നഴ്സറികളിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ തൈകൾ വളർത്തിയത്. വിത്തുകളും വിദഗ്ദ്ധ ഉപദേശവും സാമൂഹിക വനവൽക്കരണ വകുപ്പ് ലഭ്യമാക്കി. പ്ലാവ്, നെല്ലി, ചാമ്പ, പേര, ആര്യവേപ്പ്, കറിവേപ്പ്, നാരകം, കുടംപുളി, വാളംപുളി, മാതളം, മാവ്, മുള, ഈട്ടി, മുരിങ്ങ, മഹാഗണി, വാക, കടുക്ക, അമുക്കരം, റംബൂട്ടാൻ, ദന്തപാല, ഊങ്ങ്, കൂവളം, അശോകം, സീതാപ്പിൾ എന്നിവയുടെ തൈകളാണ് കൂടുതലായും ഉത്പാദിപ്പിച്ചത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും കുടുംബശ്രീയും തൈകളുടെ വിതരണത്തിനും സംരക്ഷണത്തിനും വേണ്ട നടപടികൾ സ്വീകരിക്കും. ഇന്ന് മുതൽ ഇവ വിതരണം ചെയ്യും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും തൊഴിലുറപ്പ് പദ്ധതി മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സ്വകാര്യഭൂമിയിലും തൈകൾ നട്ടുപരിപാലിക്കുമെന്നാണ് അവകാശവാദം.
വനമഹോത്സവം അതിരമ്പുഴയിൽ.
ഇന്ന് രാവിലെ 10ന് അതിരമ്പുഴ വേദഗിരി മലയിൽ വനമഹോത്സവവും തൈകളുടെ വിതരണവും ജില്ലാതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം പി മുഖ്യാതിഥിയാകും. കളക്ടർ പി കെ ജയശ്രീ വൃക്ഷതൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |