SignIn
Kerala Kaumudi Online
Saturday, 20 April 2024 8.57 AM IST

കഴിവുകേടേ നിന്റെ പേരോ!....

kottayam

ഒരു വശത്ത് തകൃതിയായി കെട്ടിടം പൊളിക്കലെങ്കിൽ മറുവശത്ത് പൊളിച്ചതിന്റെ മൂന്നിരട്ടി കെട്ടിടങ്ങൾ പൂർത്തിയായിട്ട് വർഷങ്ങളായെങ്കിലും തുറക്കാത്ത അവസ്ഥ. കോട്ടയം നഗരസഭക്കാണ് കഴിവുകേടിന്റെ ഈ കുറ്റപത്രം അവതരിപ്പിക്കാനുള്ളത്.

കാലപ്പഴക്കം മൂലം ഏഴ് കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്നും ഒമ്പതു കെട്ടിടങ്ങൾക്ക് അടിയന്തര അറ്റകുറ്റപണി വേണമെന്നും നഗരസഭ എൻജിനിയറിംഗ് വിഭാഗം നിർദ്ദേശിക്കുമ്പോൾ ഇരുപതിലേറെ കെട്ടിടങ്ങളാണ് നിർമാണം പൂർത്തിയായിട്ടും തുറക്കാതെ നഗരസഭക്ക് ബാദ്ധ്യതയാവുന്നത്.

പഴയ സ്ലോട്ടർ ഹൗസ് ഉൾപ്പെടെയുള്ള വ്യാപാര സമുച്ചയം പൊളിച്ചു കളഞ്ഞിട്ടും വർഷങ്ങൾക്കു മുമ്പേ പണി പൂർത്തിയായ പുതിയത് അടഞ്ഞ അവസ്ഥയിൽ തന്നെ. എന്താണ് കാരണമെന്ന് ചോദിച്ചാൽ സാങ്കേതിക തടസമാണെന്നാണ് നഗരസഭാ അധികൃതരുടെ ന്യായംപറച്ചിൽ. ഇത് തീർത്ത് ഉടനേയെങ്ങാനും തുറക്കുമോ എന്നു വീണ്ടും ചോദിച്ചാൽ ആർക്കറിയാമെന്നു പറയാനേ നഗരം ഭരിക്കുന്നവർക്ക് കഴിയുന്നുള്ളൂ. തുറക്കാത്തതിന് കാരണം വൈദ്യുതി കണക്‌ഷനുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നാണ് മനസിലാക്കാനായത്. തൊട്ടടുത്ത് 110 കെ.വി സബ്സ്റ്റേഷൻ വരെയുണ്ടെങ്കിലും കണക്‌ഷൻ പ്രശ്നം പറയുമ്പോൾ ഇതൊന്നും തീർക്കാൻ കഴിവില്ലെങ്കിൽ സ്ഥലം മെനക്കെടുത്താതെ ഇറങ്ങി പൊയ്ക്കൂടേ എന്നാണ് ബന്ധപ്പെട്ടവരോട് ചോദിക്കാനുള്ളത്.

കോടിമത സ്ലോട്ടർ ഹോസിന് സമീപം ഫിഷറീസ് വകുപ്പിന്റെ പുതിയ ഫിഷ് മാർക്കറ്റ് കെട്ടിടവും തുറക്കാതെ കിടക്കുന്നതു കാരണം എം.ജി റോഡിന്റെ ഇരുവശത്തുമാണ് മീൻകച്ചവടം. തിരക്കേറിയ റോഡിൽ ഇങ്ങനെ നഗരസഭാ അധികൃതരുടെ ഒത്താശയോടെ മീൻകച്ചവടം നടത്തുന്ന മറ്റൊരു സ്ഥലം മറ്റു ജില്ലകളിൽ കാണുമെന്നു തോന്നുന്നില്ല. റെസ്റ്റ് ഹൗസിൽ പുതിയ ബ്ലോക്ക്, നാഗമ്പടം ബസ് സ്റ്റാൻഡിലെ ഷീ ലോഡ്ജ് , ഹാൾ, തിരുനക്കര സ്റ്റാൻഡിനു മുകളിലെ കെട്ടിടം, കോടിമത വേ ബ്രിഡ്ജ്, വനിതകൾക്കായി നഗരത്തിൽ നിർമിച്ച ശൗചാലയങ്ങൾ തുടങ്ങി പൂർത്തിയായിട്ടും തുറക്കാത്ത കെട്ടിടങ്ങളുടെ നിര നീളുകയാണ്. ഇവ തുറക്കാതെ വർഷങ്ങളായി അടഞ്ഞു കിടക്കുന്നതിനാൽ വാടക ഇനത്തിൽ കോടികളുടെ നഷ്ടമാണ് നഗരസഭക്ക് ഉണ്ടായിട്ടുള്ളത്. അതേ സമയം കോടതി വിധി ചൂണ്ടിക്കാട്ടി വലിയ കേടുപാടില്ലാത്ത തിരുനക്കര ബസ് സ്റ്റാൻഡ് പൊളിച്ചേ അടങ്ങൂ എന്ന മട്ടിലാണ് അധികൃതർ .

പഴയ പച്ചക്കറി മാർക്കറ്റ് കെട്ടിടം വലിയ പാർക്കിംഗ് സമുച്ചയമാക്കി മാറ്റാൻ പൊളിച്ചിട്ടിട്ട് വർഷങ്ങളായി. സബ് ട്രഷറി പ്രവർത്തിച്ച കെട്ടിടം വരെ പൊളിച്ചിട്ടും കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാൻ കഴിഞ്ഞിട്ടില്ല അപകടാവസ്ഥയിലെന്ന് എൻജിനിയറിംഗ് വിഭാഗം വർഷങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്ത കെട്ടിടത്തിൽ നിലം പൊത്താവുന്ന അവസ്ഥയിലും നിരവധി കച്ചവടസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവരെ ഒഴിപ്പിക്കാൻ അധികൃതർ താത്പര്യം കാണിച്ചിട്ടു വേണ്ടേ പൊളിക്കാൻ ?

മുട്ടമ്പലത്ത് നഗരസഭ വക എക്സിക്യൂട്ടീവ് എൻജിനീയറുടെ ക്വാർട്ടേഴ്സ് , ഹെൽത്ത് സൂപ്പർ വൈസറുടെ ക്വാർട്ടേഴ്സ് ,നഗരസഭാ സെക്രട്ടറിയുടെ ക്വാർട്ടേഴ്സിന് പിന്നിലെ ക്വാർട്ടേഴ്സ്, വയസ്ക്കര ക്വാർട്ടേഴ്സുകൾ, കത്തീഡ്രൽ വാർഡ് ഗസ്റ്റ് ഹൗസ്, മുള്ളൻകുഴി അങ്കണവാടിക്കു സമീപത്തെ കെട്ടിടം തുടങ്ങിയവ അപകടാവസ്ഥയിലായതിനാൽ പൊളിച്ചുനീക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് . ഇതിനു പുറമേയാണ് ഒമ്പത് കെട്ടിടങ്ങൾക്ക് അടിയന്തിര അറ്റകുറ്റപണി നിർദ്ദേശിച്ചിട്ടുള്ളത്. പൊളിക്കലും അറ്റകുറ്റപണിയുമായി ലക്ഷങ്ങളുടെ കളി നടക്കുന്നുവെന്ന ആരോപണവും ഇതിനിടെ ഉയർന്നിട്ടുണ്ട് . കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി ..!..എന്ന ചൊല്ല് ഇതേക്കുറിച്ചാണോ എന്നാണ് സംശയം ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.