SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.44 AM IST

പ്രജകളെ ഇത്ര ഭയമോ.

pinari2

കോട്ടയം. 'ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഈ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ജനങ്ങളെയോ, അതോ ഒരു തുണ്ട് കറുത്ത തുണിയുമായി എത്താനിടയുള്ള നാലോ അഞ്ചോ പ്രതിപക്ഷ രാഷ്ട്രീയക്കാരെയോ. കഷ്ടം!. സുരക്ഷയുടെ പേരിൽ ഇത്രയും കോലാഹലവും കോപ്രായവും കാണിക്കേണ്ട വല്ല കാര്യവുമുണ്ടോ?' ഇന്നലെ രാവിലെ കോട്ടയം നഗരത്തിൽ വന്നുപെട്ട ആയിരക്കണക്കിന് നിർഭാഗ്യവാൻമാരിൽ ഒരാളായ റിട്ട. അദ്ധ്യാപകൻ സുകുമാരനാണ് ഈ ചോദ്യം ഉയർത്തുന്നത്.

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന്റെ മറവിൽ കോട്ടയത്ത് ഇന്നലെ രാവിലെ പൊലീസ് നടപ്പാക്കിയത് അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന മനുഷ്യാവകാശ ലംഘനമാണ്. സമരക്കാരെ നേരിടാനെന്ന പേരിൽ സാധാരണക്കാരെയും രോഗികളേയും വരെ ദുരിതത്തിലാക്കി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും എത്തിയപ്പോൾ പോലും കോട്ടയംകാർ ഇത്രയും കഷ്ടപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിക്കാനുള്ള മര്യാദ പൊലീസ് കാട്ടിയില്ലെന്നതാണ് അതിനുകാരണം.

മുഖ്യമന്ത്രി ചടങ്ങിന് എത്തുമോയെന്ന കാര്യത്തിൽ തലേന്ന് രാത്രി എട്ട് മണി വരെ പൊലീസ് ഇരുട്ടിൽ തപ്പുകയായിരുന്നു. പത്ത് മണിയോടെയാണ് മാദ്ധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന അറിയിപ്പ് വന്നത് . അപ്പോഴും വഴിയടച്ച് ഈച്ചയെ പോലും കടത്തിവിടാത്തവിധം സുരക്ഷയായിരിക്കുമെന്നത് പൊലീസ് പറഞ്ഞില്ല. ചടങ്ങ് നടക്കുന്ന മാമ്മൻമാപ്പിള ഹാളിന് എതിർവശമുള്ള ജില്ലാ ആശുപത്രിയിലേയ്ക്കു പോലും രോഗികളെ കയറ്റിവിടാതെ തടഞ്ഞപ്പോൾ കോട്ടയത്തെ ഏറ്റവും തിരക്കേറിയ കെ.കെ. റോഡിന്റെ ഒരുഭാഗം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിട്ടു. പാർക്ക് ചെയ്തിരുന്ന കാറുകളടക്കമുള്ള വാഹനങ്ങൾ പൊലീസ് റിക്കവറി വാഹനം ഉപയോഗിച്ച നീക്കി.

കൈക്കുഞ്ഞുമായി മാമ്മോദീസ കഴി‌ഞ്ഞ് മടങ്ങിയ കുടുംബം ഒന്നര മണിക്കൂറാണ് പെരുവഴിയിലായത്. സഹികെട്ട് മാതാപിതാക്കൾ പ്രതികരിച്ചു. ''ഞങ്ങൾ വീട്ടിലേക്കു പോവുന്നവരാണ്, മുഖ്യമന്ത്രിയെ ഞങ്ങളെന്ത് ചെയ്യാനാ?''.

സമയം 8.30.

നാട്ടകം ഗസ്റ്റ് ഹൗസ് പരിസരം.

മുഖ്യമന്ത്രി വിശ്രമിക്കുന്ന നാട്ടകം ഗസ്റ്റ് ഹൗസ് പരിസരത്ത് ഈച്ചപോലും കയറാത്ത സുരക്ഷ. നഗരം യുദ്ധഭീഷണിയിലെന്ന പോലെ പൊലീസുകാർ. മണിപ്പുഴ കവല മുതൽ കാൽനട പോലും സാദ്ധ്യമല്ലാത്ത വിധം പൊലീസ്. ഇടറോഡുകൾ വരെ അടച്ച നിലയിൽ.

സമയം 8.35.

ചന്തക്കടവ് മുതൽ മാമ്മൻ മാപ്പിള ഹാൾ വരെ.

കെ.കെ.റോഡും ഇടവഴികളും ഒരുപോലെ ബാരിക്കേഡും വടങ്ങളും ഉപയോഗിച്ച് അടച്ചു. ജില്ലാ ആശുപത്രിയിലേയ്ക്ക് പോകാൻ പൊലീസിന്റെ കാരുണ്യത്തിനായി കാത്ത് നിൽക്കുന്ന രോഗികൾ. കൈ ഒടിഞ്ഞവരും കുട്ടികൾക്ക് പനി ബാധിച്ചവരുമൊക്കെയുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ പഞ്ച് ചെയ്ത് കൃത്യസമയത്ത് ജോലിക്ക് കയറാനാവാത്തവരുടെ ആശങ്ക മറുവശത്ത്. പക്ഷേ, സുരക്ഷയ്ക്കപ്പുറം പൊലീസിന്റെ കാരുണ്യമുഖം കണ്ടില്ല. ഇതിനിടെ കറുത്ത മാസ്ക് പോലും ധരിച്ച് ചടങ്ങിന് കയറാൻ കഴിയില്ലെന്ന് തിട്ടൂരം. മുഖ്യമന്ത്രിയെ കണ്ടാൽ മാസ്ക് ഉയർത്തി ആരെങ്കിലും പ്രതിഷേധിക്കുമെന്ന സ്പെഷ്യൽ ബ്രാഞ്ചിന്റെ ഗവേഷണത്തിൽ കണ്ടെത്തിയത്രെ!

സമയം 10 മണി.

ബസേലിയസ് കോളേജ് സിഗ്നൽ.

അടച്ചു കെട്ടിയ റോഡിലൂടെ നടന്നുവന്ന നഗരത്തിലെ മാനസിക രോഗിയെ ഓടിച്ചത് തെരുവു പട്ടിയെ പോലെ. ഭയന്ന് ഓടിയത് ചടങ്ങ് നടക്കുന്ന മാമ്മൻമാപ്പിള ഹാളിലേയ്ക്ക്. അവിടെ നിന്ന് പൊലീസിന്റെ ആക്രോശമേറ്റ് പുറത്തേയ്ക്ക് ഓടിയപ്പോഴേയ്ക്കും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹമെത്തി. ഒടുവിൽ അയാളെ പൊലീസുകാർ ജീപ്പിൽ വലിച്ചു കയറ്റിക്കൊണ്ടുപോയി.

എന്നിട്ടും കരിങ്കൊടി കാട്ടി.

പ്രതിഷേധം ഭയന്ന് 11.30വരെ കോട്ടയം നഗരത്തെ കോട്ടപോലെ പരിപാലിച്ചെങ്കിലും യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യന് നേരെ കരിങ്കൊടി കാട്ടുകയും ചെയ്തു. മണിപ്പുഴയിൽ വച്ച് കരിങ്കൊടി കാട്ടിയ അശ്വന്ത് മാമലേശരിയിൽ, അരുൺ മൂലേടം തുടങ്ങിയവരേയും ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിടെ നാഗമ്പടത്ത് കരിങ്കൊടി കാട്ടിയ ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖ്, ചിന്റു കുര്യൻ ജോയ്, രാഹുൽ തുടങ്ങിയവരേയും പൊലീസ് അറസ്റ്റു ചെയ്തു.

കമാൻഡോകടളക്കം

സുരക്ഷയ്ക്ക് 340 അംഗ സേന.

ഡി.ഐ.ജി നിശാന്തിനി.

ജില്ലാ മേധാവി ഡി.ശിൽപ്പ.

9 ഡിവൈ.എസ്.പിമാർ.

22 ഇൻസ്പെക്ടർമാർ.

60 എസ്.ഐമാർ.

40 കമാൻഡോകൾ

216 പൊലീസുകാർ

റിട്ട.മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പി.എ ഷാജി പറയുന്നു.

'' ഈ കോലാഹലമൊന്നും അറിയാതെ ഭാര്യയുമായി ക്ഷേത്രത്തിലേയ്ക്ക് പോയതാണ്. നന്നായി വലഞ്ഞു. സാധാരണ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെ ചുമതലയും ഇവർക്കില്ലേ. ചുമ്മാതല്ല ഇവിടത്തെ യുവജനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെട്ട് ഒാടുന്നത്''

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PINA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.