SignIn
Kerala Kaumudi Online
Friday, 19 April 2024 9.07 AM IST

കറുപ്പിനോടെന്താ ഇത്ര അയിത്തം.

pina

മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മാദ്ധ്യമ പ്രവർത്തകരുടെ വരെ കറുത്ത മാസ്ക് ഊരിപ്പിച്ചു. കരിങ്കൊടികാട്ടാൻ ശ്രമിച്ചവരെ ഉടുതുണിപോലുമില്ലാതെ പിടികൂടി. കറുത്ത ചുരിദാറിട്ട രണ്ട് ട്രാൻഡ് ജൻഡേഴ്സിനെ കസ്റ്റഡിയിലെടുത്തതുമായ സംഭവപരമ്പരകൾ മുഖ്യമന്ത്രി സഞ്ചരിച്ചയിടങ്ങളിൽ ആവർത്തിക്കുമ്പോൾ കാക്കി കുപ്പായക്കാർക്ക് കറുപ്പിനോട് എന്താണ് ഇത്ര അയിത്തമെന്ന് ചോദിച്ചു പോവുകയാണ് .

മുഖ്യമന്ത്രിയല്ല ഏത് വി.വി.ഐ.പി.യുടെയും സുരക്ഷയുടെ പേരിൽ മണിക്കൂറുകളോളം ജനത്തിരക്കേറിയ റോഡ് അടച്ചു കെട്ടി സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നത് ആര് ചെയ്താലും മനുഷ്യാവകാശ ലംഘനമാണ്. ജനാധിപത്യപരവുമല്ല. മുഖ്യമന്ത്രി ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ പേരിൽ കോട്ടയത്ത് മൂന്നാലു മണിക്കുറുകളോളം പൊലീസ് രാജായിരുന്നു. മുഖ്യമന്ത്രി വന്നു പോകും വരെ വഴി ബ്ലോക്കാക്കുമെന്ന അറിയിപ്പ് പോലും തലേന്ന് നൽകാതെയായിരുന്നു റോഡ് അടച്ചു കെട്ടൽ . ജില്ലാ ആശുപത്രിക്കു മുന്നിൽ സമ്മേളനവേദി ആയതോടെ മുഖ്യമന്ത്രി വന്നു പോകും വരെ രോഗികളെ അകത്താക്കി ആശുപത്രി ഗെയിറ്റുകളും പൊലീസ് പൂട്ടി. മൂത്തതും അല്ലാത്തതുമായ പത്തഞ്ഞൂറ് പൊലീസുകാർ തലങ്ങും വിലങ്ങും നിന്നിട്ടും യുവമോർച്ച പ്രവർത്തകരും യൂത്ത് കോൺഗ്രസുകാരും മുഖ്യമന്ത്രിയുടെ കറുത്ത കാർ പോയ വഴികളിൽ കരിങ്കൊടി കാട്ടി എന്നത് ഏമാൻമാർക്ക് നാണക്കേടുമായി.

പ്രതിഷേധ സമരത്തിന്റെ ഭാഗമായി കറുത്ത തുണിക്കഷണം വീശിയാൽ വി.വി.ഐ.പിയുടെ മാനം പോകുമോ എന്നാണ് ബന്ധപ്പെട്ടവരോട് ചോദിക്കാനുള്ളത്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചകാലം മുതൽ കരിങ്കൊടി പ്രതിഷേധമുണ്ട്. അതൊന്ന് വീശീയാൽ എന്തിന് പൊലീസുകാർക്ക് ഹാലിളകണം. മൈൻഡ് ചെയ്യാതെ വിട്ടാൽ പിന്നെ കറുത്ത തുണിക്കഷണം പൊക്കുന്നവരുടെ താത്പര്യം കുറയില്ലേ. അതിന് പകരം ആരെങ്കിലും കറുത്ത തുണി വീശിയാൽ അവരെ പലർ ചേർന്ന് പൂണ്ടടക്കം പിടിച്ച് പൊലീസ് വീനിലേക്ക് തള്ളുന്നത് എന്തിനാണ്. നേരത്തേ കോലം കത്തിക്കാൻ അനുവദിക്കാതെ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇപ്പോൾ എന്തോ കോലത്തിനോട് അയിത്തമില്ല . ആരുടെ കോലം വേണമെങ്കിലും കത്തിക്കാം.ഏമാന്മാർ നോക്കി നിൽക്കുകയേ ഉള്ളൂ .കത്തിക്കുന്നവരുടെ തുണികത്താതെ അവർ നോക്കിയാൽ മതി .

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ജനങ്ങളെ ബന്ദികളാക്കിയുള്ള പൊലീസ് രാജ് ഇല്ലായിരുന്നു. എസ്ക്കോർട്ട് വാഹനം പോലുമില്ലാതെയായിരുന്നു സഞ്ചാരം . ഇന്ന് സ്വപ്ന സുരേഷ് ആയിരുന്നെങ്കിൽ അന്ന് സരിത നായരുടെ പേരിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം. അന്നത്തെ പ്രതിപക്ഷ പ്രവർത്തകർ എറിഞ്ഞ കല്ല് സ്റ്റേറ്റ് കാറിന്റെ ചില്ല് തുളച്ച് നെഞ്ചത്ത് കൊണ്ടിട്ടും വലിയ പുകിലൊന്നും കേരളത്തിൽ ഉണ്ടായില്ല. പുതുപ്പള്ളി വീട്ടിലെ ഞായറാഴ്ച ഡർബാറിൽ ആർക്കും മുഖ്യമന്ത്രിയെ തോണ്ടി വരെ കാര്യം പറയാം. ഒരു സെക്യൂരിറ്റിക്കാരനും തടയില്ല. വഴിയിൽ തടഞ്ഞു നിറുത്തി മാദ്ധ്യമ പ്രവർത്തകർക്ക് പ്രതികരണം തേടാം. ഒരിക്കൽ പേപ്പർ വച്ചെഴുതാൻ ഇടമില്ലാതെ വന്നപ്പോൾ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ പുറത്തുവച്ച് നോട്ട് എഴുതിയത് ഓർക്കുന്നു . ഒരു സെക്യൂരിറ്റിക്കാരനും പിടിച്ചു മാറ്റിയില്ല. ഉമ്മൻചാണ്ടി രിച്ചതേയുള്ളൂ. ഇന്നത്തെ മാദ്ധ്യമപ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ അടുത്തെത്തുന്നതോ ധൈര്യത്തോടെ ചോദ്യം ചോദിക്കുന്നതോ ചിന്തിക്കാൻ കഴിയുമോ ?

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നവർ ജനസേവകരാകണം. ജനങ്ങളെ അകറ്റി നിർത്തപ്പെടുന്നവരാകരുത്. സുരക്ഷയുടെ പേരിലാണെങ്കിലും പൊലീസ് ഏമാൻമാരും സാധാരണക്കാരെ ബന്ദികളാക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PINA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.