കോട്ടയം . സി പി ഐ കോട്ടയം ജില്ലാ സമ്മേളനം 5 മുതൽ 8 വരെ ഏറ്റുമാനൂരിൽ നടക്കും. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷം പാർട്ടി അംഗങ്ങളുടെ എണ്ണത്തിലും ബഹുജന സംഘടനകളുടെ അംഗബലത്തിലും വലിയ മുന്നേറ്റം ഉണ്ടായതായി ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, സ്വാഗതസംഘം ചെയർമാൻ വി ബി ബിനു, സെക്രട്ടറി ബിനു ബോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലം സമ്മേളനത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 320 പ്രതിനിധികൾ രണ്ട് ദിവസങ്ങളിലായി സമ്മേളനത്തിൽ പങ്കെടുക്കും.വനിതാസംഗമം, കർഷക സംഗമം, ട്രേഡ് യൂണിയൻ സംഗമം, വിദ്യാർത്ഥി യുവജന സമ്മേളനം സാംസ്കാരിക സമ്മേളനം എന്നിവ സമ്മേളനത്തിന് മുന്നോടിയായി നടക്കും. 4 മുതൽ ഏറ്റുമാനൂർ ടൗണിൽ പ്രത്യേകം തയ്യാറാക്കിയ ആലപ്പിരംഗനാഥ് സാംസ്കാരിക നഗറിൽ വിവിധ കലാപരിപാടികൾ ആരംഭിക്കും. 5 ന് വൈകിട്ട് 4 ന് പി കെ മേദിനിയും, കലവൂർ വിശ്വനും ഒരുക്കുന്ന ഗാനസന്ധ്യ. തുടർന്ന് ചേരുന്ന സാംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 7 മുതൽ ആലപ്പുഴ ഇപ്റ്റ ഗായകസംഘം അവതരിപ്പിക്കുന്ന നാട്ടരങ്ങ്.
6 ന് ഏറ്റുമാനൂർ ടൗണിൽ കെ ജി ജേക്കബ് പണിക്കർ നഗറിൽ മുതിർന്ന നേതാവ് വി കെ കരുണാകരൻ പതാക ഉയർത്തും. തുടർന്ന് സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനം റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരൻ, പി വസന്തം, എൻ രാജൻ എന്നിവർ സംസാരിക്കും. 7 ന് പി കെ ചിത്രഭാനു നഗറിൽ (ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയം) ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗറിൽ മുതിർന്ന നേതാവ് കെ സി കുമാരൻ പതാക ഉയർത്തും.കെ ഇ ഇസ്മയിൽ, സത്യൻ മൊകേരി, എ കെ ചന്ദ്രൻ എന്നിവർ സംസാരിക്കും. 8ന് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയേയും തിരഞ്ഞെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |