ചങ്ങനാശേരി . ചില്ലറ വില്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺഷുഗറും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മാൾഡ മിർദാപ്പൂർ സ്വദേശി മുക്തർ ഖാനെ (27) ആണ് എക്സൈസ് പിടികൂടിയത്. ഒരു ഗ്രാം ബ്രൗൺഷുഗറിന് 5000 രൂപ എന്ന നിരക്കിലായിരുന്നു വില്പന. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ വില്പന പിന്നീട് സ്വദേശികളിലേക്കും വ്യാപിച്ചു. രണ്ട് ഗ്രാം ബ്രൗൺഷുഗറിനെ കൂടാതെ പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവും ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. സർക്കിൾ ഇൻസ്പെക്ടർ സി പി പ്രവീണിന്റെ നേതൃത്വത്തിൽ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എ എസ് ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ഷിജു, ഡി സുമേഷ്, അമൽദേവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |