കോട്ടയം . അലങ്കാര ലൈറ്റുകൾ, ക്രിസ്മസ് പാപ്പാ തൊപ്പികൾ, വിവിധതരത്തിലുള്ള സ്റ്റാറുകൾ... പാതയോരങ്ങൾ വെട്ടിത്തിളങ്ങുകയാണ്. ക്രിസ്മസിന്റെ വരവറിയിച്ച് നഗരത്തിലെ പാതയോര വിപണികൾ സജീവമായി. മുൻവർഷങ്ങളിലേതിനെക്കാൾ ഇത്തവണ വിപണി നേരത്തെയൊരുങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. ക്രിസ്മസ് പാപ്പായുടെ തൊപ്പി, മാസ്ക് എന്നിവയ്ക്കൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തുന്നവരുടെ തിരക്കും ഏറെയാണ്. ക്രിസ്മസ് ട്രീകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ലൈറ്റുകൾ, ഡെക്കറേഷൻ സാധനങ്ങൾ കാണാനെത്തുന്നവരുമുണ്ട്. മഴത്തുള്ളി ലൈറ്റുകൾ, ബൾബ് മോഡൽ ലൈറ്റുകൾ, ട്രീ മോഡൽ ലൈറ്റുകൾ തുടങ്ങിയവയാണ് വിപണിയിലെ പുതിയ ട്രെൻഡുകൾ. 80 രൂപമുതലാണ് വില. കൂടാതെ, റീത്തുകൾ, കുട്ടികൾക്കായി ക്രിസ്മസ് പാപ്പാ മോഡൽ റാകൾ എന്നിവയും പുതിയ താരങ്ങളാണ്. ബലൂണുകളുടെ വില 10 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇവയിൽ പാമ്പ് മോഡൽ, ഫുട്ബാൾ മോഡൽ എന്നിവയുമുണ്ട്. തൊപ്പി വില 20 മുതലാണ് ആരംഭിക്കുന്നത്. റബ്ബർ മോഡൽ ക്രിസ്മസ് പാപ്പാ മുഖംമൂടിയ്ക്ക് 20 രൂപ മുതലാണ് വില. പ്ലാസ്റ്റിക് മോഡൽ മാസ്കുകളുടെ വില 120 മുതലാണ് ആരംഭിക്കുന്നത്. ഉടുപ്പുകളുടെ വില 160 രൂപയാണ്. 30 രൂപയുടെ വിവിധതരത്തിലുള്ള മാലകളുമുണ്ട്. സ്റ്റിക്ക് വില 80,120 എന്നിങ്ങനെയാണ്.
പാതയോര വ്യാപാരി സിറാജ് പറയുന്നു.
മുംബയ്, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് അലങ്കാര വസ്തുക്കൾ എത്തിക്കുന്നത്. കഴിഞ്ഞ 17 വർഷമായി നഗരത്തിലെ പാതയോര വിപണി രംഗത്തുണ്ട്. വാങ്ങാൻ ആളുകൾ എത്തുന്നുണ്ടെങ്കിലും ഉച്ചക്കഴിഞ്ഞെത്തുന്ന മഴ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നു. വരും ദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |