കോഴിക്കോട്: നഗരത്തിലെ റോഡിലിറങ്ങുമ്പോൾ ചുറ്റും കണ്ണോടിക്കണം. ഇല്ലെങ്കിൽ ഏത് വാഹനവും ഇടിക്കാം. പ്രത്യേകിച്ചും സ്വകാര്യ ബസുകൾ. ഇനി സീബ്ര ലെെനിലൂടെ നടന്നാലും രക്ഷയില്ല. നഗരത്തിൽ വാഹനാപകടങ്ങൾ കൂടുന്നുവെന്നാണ് ട്രാഫിക് പൊലീസിന്റെ കണക്ക്. വാഹനങ്ങൾക്ക് നിശ്ചയിച്ച വേഗപരിധിയും മറ്റു നിയമങ്ങളും കാറ്റിൽ പറത്തി സ്വകാര്യ ബസുകൾ പറക്കുകയാണ്. ടൗൺഹാൾ റോഡിലും മാനാഞ്ചിറയിലുമടക്കം ഇത് നിത്യ കാഴ്ചയാണ്. റോഡ് കുറുകെ കടക്കണമെങ്കിലും വേണം ശ്രദ്ധ. കാൽനടക്കാർക്ക് സീബ്ര ലെെനിലും രക്ഷയില്ലാത്ത സ്ഥിതിയാണ്. സീബ്ര ലെെനിൽ വച്ചുള്ള വാഹനാപകടങ്ങളുടെ എണ്ണത്തിലും കുറവില്ല. ഗതാഗത നിയന്ത്രണത്തിന് പൊലീസുണ്ടെങ്കിലും ഡ്രെെവർമാരത് ഗൗനിക്കാറില്ല. വെെക്കം മുഹമ്മദ് ബഷീർ റോഡിൽ നിരോധനം ലംഘിച്ച് ഓട്ടോകൾ പാർക്ക് ചെയ്യുന്നതും പ്രശ്നമാവുകയാണ്. പൊലീസുള്ളപ്പോൾ അനധികൃത പാർക്കിംഗ് ഉണ്ടാകാറില്ല. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് കോട്ടുളിയില്‍ നടുറോഡില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിപ്പിച്ച് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മുക്കം - അരീക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെയും മെഡിക്കല്‍ കോളജ് റൂട്ടിലെ സിറ്റി ബസിലെയും ജീവനക്കാരും തമ്മിലാണ് തർക്കമുണ്ടായത്. വാക്കേറ്റത്തെ തുടർന്ന് മുന്നിലായിരുന്ന സ്വകാര്യ ബസ് മന:പൂര്‍വം പിന്നോട്ടെടുത്ത് പിറകിലെ ബസിന്റെ മുന്‍ഭാഗത്ത് ഇടിപ്പിച്ചു. ബസുകള്‍ക്കിടയില്‍ പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തർക്കത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കുമുണ്ടായി.
ഹോൺ മുഴക്കിയും ഞെട്ടിക്കൽ
മറ്റ് വാഹനങ്ങളോടിക്കുന്നവരെ ഞെട്ടിക്കുന്ന തരത്തിൽ ഹോണടിച്ച് വിറപ്പിക്കുന്നത് സ്വകാര്യ ബസ് ഡ്രെെവർമാരുടെ സ്ഥിരം ശീലമാണ്. ഹോൺ കേട്ട് ശ്രദ്ധ പോകുന്നുവെന്ന് ഇരുചക്ര വാഹനങ്ങളോടിക്കുന്നവർ പറയുന്നു. തൊട്ടടുത്തുള്ള വാഹനവുമായി കൂട്ടിയിടിക്കാനുള്ള സാദ്ധ്യതയും ഇതു മൂലമുണ്ടാകുന്നു. വിവിധ ബസ് സർവീസുകൾക്കിടയിലെ സമയവ്യത്യാസം വളരെ കുറവാണ്. മിനിറ്റുകളുടെ വ്യത്യാസത്തിൽ സർവീസുകൾ അനുവദിക്കുന്നതാണ് മത്സരയോട്ടത്തിനുള്ള കാരണം.
കോഴിക്കോട് നഗരത്തിലെ വാഹനാപകട കണക്ക് (2025)
ആകെ അപകടങ്ങൾ....2350
പരിക്കേറ്റവർ...2569
മരിച്ചവർ....153
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |