കോഴിക്കോട്: സുഖാന്വേഷണം തിരക്കിയും പറഞ്ഞും കൂട്ടുകാർക്ക് കത്തയക്കുക പതിവുളള കാര്യമാണ്. ചിലർ മലയാളത്തിൽ, ഏറിയാൽ ഇംഗ്ലീഷ്. പക്ഷെ, പത്തുവയസുകാരിയായ നെെസ ഫാത്തിമ കത്തയച്ചത് കൊറിയൻ ഭാഷയിൽ!!. കൊറിയൻ രാജ്യത്തോടുളള ഇഷ്ടമാണ് അവരുടെ ഭാഷ പഠിക്കുന്നതിലെത്തിയത്. വിരലുകളിൽ അക്ഷരങ്ങൾ വഴങ്ങിയതോടെ കൂട്ടുകാരിലായി ആദ്യ 'പരീക്ഷണം' . കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ നെെസ ഫാത്തിമ ലോക്ക്ഡൗൺ കാലത്താണ് കൊറിയൻ രാജ്യത്തെക്കുറിച്ച് അറിയുന്നത്.
മികച്ച രാജ്യങ്ങളെ കണ്ടുപിടിക്കാനുള്ള തിരച്ചിലിൽ കൊറിയയിൽ കണ്ണുടക്കുകയായിരുന്നു. പിന്നീടങ്ങോട്ട് കൊറിയയെ അറിയാനും പഠിക്കാനുമുള്ള ശ്രമമായി. ഓൺലെെൻ പഠനത്തിനിടെ വീണു കിട്ടുന്ന സമയം ഭാഷാ പഠനത്തിനായി മാറ്റിവെച്ചു. തുടക്കത്തിൽ കഷ്ടപ്പെട്ടെങ്കിലും പതിയെ ഭാഷയെ വരുതിയിലാക്കിയെന്ന് നൈസ പറയുന്നു. ഭാഷ മാത്രമല്ല കൊറിയൻ ഭക്ഷണവും നെെസയ്ക്ക് ഇഷ്ടമാണ്. ഭക്ഷണക്കൂട്ട് പഠിക്കാനും പരീക്ഷിക്കാനും സമയം കണ്ടെത്തുകയാണ് ഈ കൊച്ചുമിടുക്കി. കുറച്ചു മാസങ്ങളായി നെെസ ഭക്ഷണം കഴിക്കുന്നതും ചോപ്പ് സ്റ്റിക്ക് ഉപയോഗിച്ചാണ് . വളർന്ന് വലുതായാൽ കൊറിയയിൽ താമസിക്കണമെന്നാണ് ചിത്രകാരി കൂടിയായ നെെസയുടെ മോഹം. ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിൽ നാലാം ക്ലാസുകാരിയായ നെെസ വിദ്യാഭ്യാസ വിദഗ്ദ്ധൻ യഹ്യാഖാന്റെയും ദിൽഷാദിന്റെയും മകളാണ്. ഹസാവാ മറിയം സഹോദരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |