കുന്ദമംഗലം: ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ കുന്ദമംഗലം അങ്ങാടിയിൽ വീണ്ടും ഗതാഗതക്കുരുക്ക്.കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങളുടെ വൻ നിരയും തിരക്കും അനുഭവപ്പെട്ടു.
പെരിങ്ങളം റോഡു വഴി കുന്ദമംഗലത്തേക്കും തിരിച്ച് പെരിങ്ങൊളം ഭാഗത്തേക്കും വാഹനങ്ങൾ വർദ്ധിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണം. അങ്ങാടിയിലെ പെരിങ്ങൊളം റോഡ് ജംഗ്ഷനിൽ ഇരുവശങ്ങളിലുമുള്ള പഴയ ടെലഫോൺ പോസ്റ്റുകൾ നീക്കം ചെയ്താൽ വാഹനങ്ങൾക്ക് സുഗമമായി പെരിങ്ങൊളം റോഡിലേക്കും തിരിച്ചും പ്രവേശിക്കാനാവുന്നതേയുള്ളു. അങ്ങാടിയിൽ ദേശീയപാതവികസനവും ഇരുമ്പ് ബാരിക്കേടുകൾ സ്ഥാപിച്ചപ്പോഴും വഴിമുടക്കികളായ ഈ ടെലഫോൺകാലുകളെ അധികൃതർ നീക്കം ചെയ്യാൻ മെനക്കെട്ടില്ല. ഇപ്പോൾ പെരിങ്ങൊളം മിൽമയിലേക്ക് പോകുന്ന വലിയ ടാങ്കർ വാഹനങ്ങൾ പെരിങ്ങൊളം റോഡിലേക്ക് തിരിയുമ്പോൾ റോഡിന് വീതി കുറവായതിനാൽ പെരിങ്ങൊളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് അങ്ങാടിയിലേക്ക് പ്രവേശിക്കാനാവുന്നില്ല.ഇവിടെ ഒരു ഹോംഗാർഡ് സ്ഥിരമായി ഡ്യുട്ടി ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹവും ചിലപ്പോൾ നിസ്സഹായകനാണ്. സ്വകാര്യ ടിവി ചാനലുകൾ സ്വന്തമാക്കിവെച്ചിരിക്കുന്ന ഈ ടെലഫോൺ പോസ്റ്റുകൾ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് നീക്കം ചെയ്താൽ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ പെരിങ്ങളം റോഡിലേക്ക് കയറുവാൻ കഴിയും. അതോടൊപ്പം അങ്ങാടിയിലെ ഗതാഗതക്കുരുക്കിനും ശമനമുണ്ടാകും. അതോടൊപ്പം പെരിങ്ങൊളം റോഡിനിരുവശത്തുമുള്ള അനധികൃത വാഹനപാർക്കിംഗ് നിർബന്ധമായും ഒഴിവാക്കേണ്ടതുണ്ട്. അതുപോലെ വെളൂർ ഭാഗത്ത് നിന്ന് കുന്ദമംഗലം അങ്ങാടിയിലേക്ക് പ്രവേശിക്കുന്ന പൂതക്കണ്ടി റോഡിലും ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ് കാരണം ഗതാഗത തടസം പതിവാണ്. അതുകൊണ്ട് തന്നെ ദേശീയപാതയിൽ നിന്ന് പൂതക്കണ്ടി റോഡിലേക്ക് വാഹനങ്ങൾക്ക് യഥേഷ്ടം പ്രവേശിക്കുവാനാകുന്നില്ല. ഇതും അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |