കൊടിയത്തൂർ: കൊവിഡ് കാലത്ത് സഹജീവികൾക്കായി ജീവിതം പകുത്തുനൽകുന്ന ഒരാളുണ്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ, നാസർ കൊളായി. ഗ്രാമത്തിൽ രോഗം സ്ഥിരീകരിച്ച നാൾ മുതൽ ഇയാൾ വിശ്രമമില്ലാതെ ഓടുകയാണ് നാടിന് തണലേകാൻ. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ആർ.ആർ.ടി വോളണ്ടിയറായാണ് തുടക്കം. കൊവിഡ് പരിശോധനാകേന്ദ്രം, കൊവിഡ് ബാധിതരെ സഹായിക്കൽ, വീടുകളിലെ അണുനശീകരണം,ബോധവത്കരണം... അങ്ങനെ നീളും സേവനങ്ങൾ.
കൊവിഡിന്റെ തുടക്കത്തിൽ ഭയത്താൽ വിറങ്ങലിച്ചു നിന്നുപോയ നാടിന് ആത്മവിശ്വാസം പകരാൻ മുന്നിൽ നിന്നവരിൽ നാസർ കൊളായും ഉണ്ടായിരുന്നു. പ്രദേശത്ത് ആദ്യ കൊവിഡ് മരണമുണ്ടായപ്പോൾ മറവ് ചെയ്യുന്ന വോളണ്ടിയർമാർക്ക് ഖബർസ്ഥാനിൽ നിർദ്ദേശവുമായെത്തിയ കൊളായിയെ ആരും മറക്കില്ല. അടച്ചിട്ട ഗ്രാമീണ ബാങ്ക് ഇന്നലെ തുറന്നപ്പോൾ ഇടപാടുകാരുടെ തിരക്ക് കുറക്കാനും അവർക്ക് സൗകര്യങ്ങൾ ഒരുക്കാനും കൊളായിയെത്തി. ഈ മഹാമാരിക്കാലത്ത് പ്രായവും പ്രയാസവും മറന്നെത്തുന്ന നാസർ നാടിന് പ്രതീക്ഷയുടെ വെളിച്ചമാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |