കുറ്റ്യാടി: കുറ്റ്യാടിയിൽ നിന്നു തൊട്ടിൽപാലം, പക്രന്തളം വഴിയുള്ള ചുരം റോഡ് ആധുനികരീതിയിൽ നവീകരിക്കും. ഇതിനായുള്ള നടപടികൾ വൈകാതെ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയസഭയിൽ വ്യക്തമാക്കി. നാദാപുരം എം.എൽ.എ ഇ.കെ.വിജയന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നിലവിൽ മേജർ ഡിസ്ട്രിക്ട് റോഡാണിത്. പതിനഞ്ച് മീറ്റർ വീതിയിൽ സ്ഥലം ലഭിച്ചാൽ ആധുനികരീതിയിൽ നവീകരിക്കാനാവും. വയനാട്ടിലെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കു ഈ റോഡിന്റെ നവീകരണം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
റോഡ് വികസനത്തിനുള്ള പ്രോജക്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ മുഖേന അടിയന്തര പ്രാധാന്യത്തോടെ സർക്കാരിൽ സമർപ്പിക്കുമെന്ന് ഇ.കെ വിജയൻ എം.എൽ.എ അറിയിച്ചു. വടകര ദേശീയപാതയിൽ നിന്നു ബംഗളൂരുവിലേക്ക് എളുപ്പമെത്താനും ഈ റോഡ് ഉപകരിക്കും. റോഡിന്റെ നവീകരണം നടക്കാത്തതിനാൽ ചുരത്തിൽ അപകടങ്ങൾ പതിവാണ്. താമരശ്ശേരി ചുരം അടയ്ക്കുന്ന സമയങ്ങളിൽ ഭാരം കയറ്റിയ വലിയ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴിയാണ് കടന്നുപോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |