കുന്ദമംഗലം: കുന്ദമംഗലം ബസ് സ്റ്റാൻഡ് സ്വകാര്യ കാറുകൾ കൈയടക്കിയതോടെ യാത്രക്കാർക്ക് ദുരിതം. സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ സൗകര്യമില്ലാതെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകൾ ദേശീയപാതയിൽ നിർത്താൻ തുടങ്ങിയതോടെ യാത്രക്കാർ നെട്ടോട്ടമോടുകയാണ്. കുന്ദമംഗലം ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകൾ പുറത്താണ് നിർത്തുന്നത്. രാവിലെ നിർത്തിയിടുന്ന കാറുകൾ പലപ്പോഴും വൈകീട്ടോടെയാണ് സ്റ്റാൻഡ് വിടുന്നത്. ബസ് സ്റ്റാൻഡിനുള്ളിലെ കച്ചവടക്കാർക്കും കാർ പാർക്കിംഗ് തലവേദനയായിട്ടുണ്ട്. ബസ്സ്റ്റാൻഡിനകത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുന്ന യാത്രക്കാർ കാറുകൾക്കിടയിലൂടെ ഓടി വേണം ബസിന് അരികിലെത്താൻ. ചിലപ്പോൾ അടുത്തെത്തുമ്പോഴേക്കും ബസ് പുറപ്പെട്ടിട്ടുണ്ടാകും. അതിനാൽ യാത്രക്കാരുടെ ബസ് കാത്തുനിൽപ്പ് ഇപ്പോൾ ദേശീയപാതയ്ക്ക് അരികിലാണ്. സ്റ്റാൻഡിനടുത്ത് പാർക്കിംഗിനായി ടൈൽപാകിയ പ്രത്യേക സ്ഥലമുണ്ട്. അവിടെ ഇരുചക്ര വാഹനങ്ങളാണ് പാർക്ക് ചെയ്യുന്നത്. ചില സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾക്ക് പാർക്കിംഗ് സ്ഥലമുണ്ടെങ്കിലും തിരക്ക് പിടിച്ച കുന്ദമംഗലം അങ്ങാടിയിൽ കാറുകൾക്ക് പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലമില്ല. ബസ് സ്റ്റാൻഡിൽ അനധികൃതമായി സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |